വിഴിഞ്ഞം: സമരക്കാർ ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമെന്ന് മന്ത്രി

v-abdurahiman
SHARE

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ആളിക്കത്തുന്ന സമരം തണുപ്പിക്കാനുള്ള നീക്കങ്ങൾക്കിടെ സമരക്കാർ ചെയ്യുന്നതു രാജ്യദ്രോഹക്കുറ്റമാണെന്ന് കടുപ്പിച്ച് മന്ത്രി വി.അബ്ദുറഹിമാൻ. എന്തു സമരം നടന്നാലും അടുത്ത സെപ്റ്റംബറിൽ ആദ്യ കപ്പൽ ഇവിടെ എത്തിയിരിക്കുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കി. തുറമുഖ പദ്ധതിയുടെ പ്രയോജനം വിശദീകരിക്കാൻ വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ആയിരുന്നു വേദി.

വിഴിഞ്ഞത്തു സമരക്കാർ നടത്തുന്നതു കലാപശ്രമമാണെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി പരിചയമുള്ള ഏതോ ശക്തികൾ ഇവർക്കു പിന്നിലുണ്ടെന്നും കാസർകോട്ട് മന്ത്രി വി.ശിവൻകുട്ടിയും രൂക്ഷമായ ആരോപണം ഉന്നയിച്ചു.ഒരു സർക്കാരിനു താഴുന്നതിനു പരിധിയുണ്ടെന്നു അബ്ദുറഹിമാൻ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള മാർഗം തടയുന്നതു രാജ്യദ്രോഹക്കുറ്റമാണ്. ഒരു നിമിഷം കൊണ്ട് ഈ സമരമൊക്കെ തീർക്കാൻ പറ്റും.

പക്ഷേ സർക്കാർ വീണ്ടും ശ്രമിക്കുകയാണ്. ഒരു പരിധിക്കപ്പുറം താഴാൻ പറ്റില്ലെന്നു മനസ്സിലാക്കിയാൽ എല്ലാവർക്കും നല്ലത്– മന്ത്രി പറഞ്ഞു. പൊതുസമൂഹവും അക്കാദമിക സമൂഹവും പറയുന്നതാകണം ഇത്തരം വിഷയങ്ങളിൽ കണക്കിലെടുക്കേണ്ടതെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. അവരാരും വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്നില്ലെന്ന് ഉദ്ഘാടകനായ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാർ സമരത്തിനു നിർബന്ധിതരാക്കുകയാണെന്നു ശിവൻകുട്ടി ആരോപിച്ചു. കേസ് നടത്താൻ ഏതെങ്കിലും പുരോഹിതർ ഉണ്ടാകുമോ. ക്രമസമാധാന ലംഘനം നടത്തിയാൽ പുരോഹിതർക്കെതിരെ ആയാലും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെമിനാർ ഉദ്ഘാടനം ചെയ്യേണ്ടതു മുഖ്യമന്ത്രിയായിരുന്നെങ്കിലും അദ്ദേഹം വിട്ടുനിന്നു. തൊണ്ടവേദനയുണ്ടെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.  ആശംസാ പ്രസംഗകരായ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മന്ത്രി ആന്റണി രാജു, മന്ത്രി ജി.ആർ.അനിൽ എന്നിവരും എത്തിയില്ല. സ്ഥലം എംപി  ശശി തരൂരിനായിരുന്നു പ്രതിപക്ഷത്തു നിന്നു ക്ഷണം. ഡൽഹിയിലായിരുന്നതിനാൽ തരൂരും പങ്കെടുത്തില്ല.

ആർ.നിശാന്തിനി സ്പെഷൽ ഓഫിസർ

സംഘർഷമുണ്ടായ വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിന് തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തി‍നിയെ സ്പെഷൽ ഓഫിസറായി നിയമിച്ചു. തുറമുഖ സമരവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനും രൂപം നൽകി.വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റി, റൂറൽ, കൊല്ലം ജില്ലകളിലെ തീരദേശ ‍പൊലീസ് സ്റ്റേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ, ക്രമസമാധാനം എന്നിവയുടെ ചുമതലയാണ് നിശാന്തിനിക്ക്.

അതിനിടെ,   വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നു സംസ്ഥാനത്തു ജാഗ്രതാ നിർദേശം. എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാറിന്റെ നിർദേശം. തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടാകണമെന്നും ഡിഐജിമാരും ഐജിമാരും നേരിട്ടു കാര്യങ്ങൾ നിരീക്ഷിക്കണമെന്നും നിർദേശിച്ചു. പൊലീസുകാരുടെ അവധിക്കും നിയന്ത്രണം ഏർപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS