മേയറുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം; പ്രതിപക്ഷ പ്രതിഷേധ പ്രളയം കോർപറേഷൻ ഒാഫിസിലേക്ക്

 മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കു മുന്നിൽ ബിജെപി നടത്തുന്ന സമരത്തിന്റെ ഭാഗമായി പ്രവർത്തകർ പിന്നോട്ട് നടന്ന് പ്രതിഷേധിക്കുന്നു.
മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കു മുന്നിൽ ബിജെപി നടത്തുന്ന സമരത്തിന്റെ ഭാഗമായി പ്രവർത്തകർ പിന്നോട്ട് നടന്ന് പ്രതിഷേധിക്കുന്നു.
SHARE

തിരുവനന്തപുരം ∙ നിയമന കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് കോർപറേഷൻ ആസ്ഥാനത്തേക്കു പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളുടെ പ്രളയം. ഓഫിസ് കവാടത്തിനു പുറത്ത് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെയും ബിജെപിയുടെയും നേതൃത്വത്തിൽ നടത്തുന്ന സത്യാഗ്ര സമരങ്ങൾക്കു പുറമേയാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങൾ അരങ്ങേറിയത്. അതേസമയം, കോർപറേഷനെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നാരോപിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകൾ വാർഡുകൾ തോറും ആരംഭിച്ചു. 

മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗര സഭയിലേക്ക് നടത്തിയ ശയന പ്രദക്ഷിണം.
മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗര സഭയിലേക്ക് നടത്തിയ ശയന പ്രദക്ഷിണം.

യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സത്യാഗ്രഹ സമരം ഇന്നലെ കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. കോർപററേഷനിലെ അഴിമതികളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചും വിജിലൻസുമെല്ലാം പിണറായി വിജയന്റെ പോഷക സംഘടനകളാണ്.  പ്രതിയില്ലാതെയുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും, ആത്മാർത്ഥത ഇല്ലാത്ത വിജിലൻസ് അന്വേഷണവും ജനങ്ങളെ പറ്റിക്കനാണെന്ന് മുരളീധരൻ പറഞ്ഞു. ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന്റെ പേരിൽ തട്ടിപ്പു നടത്തിയപ്പോഴേ മേയറോട് താൻ പറഞ്ഞതാണ് ഇത്‌ നല്ലതല്ലായെന്ന്. കേട്ടില്ല, ഇപ്പോൾ ആറ്റുകാലമ്മയുടെ ശാപം കൂടി കിട്ടിയപ്പോൾ തൊടുന്നതെല്ലാം പൊല്ലാപ്പാകുകയാണെന്ന് മുരളീധരൻ പറഞ്ഞു. 

ഡിസിസി പ്രസിഡന്റ്‌ പാലോട് രവി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.എസ്. ശിവകുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജി.എസ്. ബാബു, ജി.സുബോധൻ, വർക്കല കഹാർ, എം.എ.വാഹീദ്, യുഡിഎഫ് കോർപറേഷൻ പാർലമെന്ററി പാർട്ടി ലീഡർ പി.പത്മകുമാർ, ജോൺസൺ ജോസഫ്, ഇറവൂർ പ്രസന്നകുമാർ, കരുമം സുന്ദരേശൻ, എം.ആർ.മനോജ്‌, മൺവിള രാധാകൃഷ്ണൻ, ആർ.വത്സലൻ, ആർ.വി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ആർവൈഎഫ് സംസ്ഥാന സെക്രട്ടറി ഉല്ലാസിന്റെ നേതൃത്വത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കോലം വഹിച്ച് കോർപറേഷനിലേകു പ്രതിഷേധ പ്രകടനം നടത്തി. ആനാവൂർ നാഗപ്പന്റെ ഷർട്ടിന്റെ പോക്കറ്റിൽ പ്രവർത്തകർ 1000 നിയമന അപേക്ഷ പ്രതീകാത്മകമായി തിരുകി കയറ്റി. തുടർന്ന് കോലം കത്തിച്ചു. 

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോർപറേഷനു മുന്നിൽ ശയന പ്രദക്ഷിണം നടത്തി. യുവജനങ്ങളെ വഞ്ചിച്ച മേയർ ആര്യ രാജേന്ദ്രനോട്‌ തൊഴിൽ യാചിച്ചു കൊണ്ടാണ് ഉദ്യോഗാർഥികളുടെ പ്രതിനിധികളായ യുവാക്കൾ ശയന പ്രദക്ഷിണ സമരം നടത്തിയത്. കൂട്ടത്തിൽ ഒരു പ്രവർത്തകൻ തലകുത്തി നിന്നു പ്രതിഷേധിച്ചു.

‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ ശൈലിയിൽ ബിജെപി പ്രതിഷേധം

പ്രതിഷേധിക്കാൻ  അൽപം സിനിമാസ്റ്റൈൽ  ബിജെപി വക.  സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന ചിത്രത്തിൽ ഇന്നസെന്റ് വേഷമിട്ട രാഷ്ട്രീയക്കാരൻ  പ്രയോഗിച്ച ‘ജനപിന്നോക്ക യാത്ര’ ആണ്  ഇന്നലെ ബിജെപി പ്രതിഷേധിക്കാൻ പരിഗണിച്ചത്.  നാലര പതിറ്റാണ്ടായി കോർപറേഷൻ ഭരിക്കുന്ന ഇടതു മുന്നണി നഗരവാസികളെ 45 വർഷം പിന്നോട്ടു നയിച്ചെന്ന് ആരോപിച്ചായിരുന്നു പ്രകടനം.

മ്യൂസിയം ജംക്‌ഷനിൽ നിന്നാരംഭിച്ച് കോർപറേഷൻ വരെ കൗൺസിലർമാരും പ്രവർത്തകരും അക്ഷരാർഥത്തിൽ പിന്നോട്ടു നടന്നു. പാർട്ടി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ്, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് വിഷ്ണു, ഉള്ളൂർ മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ, എം.ആർ. ഗോപൻ. തിരുമല അനിൽ, വി.ജി. ഗിരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS