ADVERTISEMENT

മലയിൻകീഴ് ∙ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ പിടികൂടിയ കാർ ഡ്രൈവറും കൂട്ടാളികളും പൊലീസ് സ്റ്റേഷനിൽ അക്രമാസക്തരായി. തടയാൻ ശ്രമിച്ച വനിത പൊലീസ് ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. കാർ ഡ്രൈവറായ മലയിൻകീഴ് കാരാംകോട്ടുകോണം അഭിഷേക് ഭവനിൽ ഷിജു (32), കൂടെ ഉണ്ടായിരുന്ന നെയ്യാറ്റിൻകര ഇരുമ്പിൽ എസ്.എം.നിവാസിൽ അരുൺ (30), മാറനല്ലൂർ കൂവളശ്ശേരി കോടന്നൂർ പുത്തൻ വീട്ടിൽ ഹരീഷ് (28) എന്നിവരാണ് മദ്യ ലഹരിയിൽ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ മണിക്കൂറോളം പ്രശ്നങ്ങൾ സൃഷ്ടിച്ചത്. 

സിവിൽ പൊലീസ് ഓഫിസർമാരായ ആനി വർഗീസ്, എസ്.അലോഷ്യസ്, വിഷ്ണു എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ പേയാട് നിന്നു മലയിൻകീഴ് ഭാഗത്തേക്ക് പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തച്ചോട്ടുകാവിൽ വച്ച് എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. കാർ നിർത്തിയെങ്കിലും നാട്ടുകാർ ഓടി കൂടിയതോടെ കാറുമായി ഷിജു കടന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ മറ്റു രണ്ടു പേരും ബസിൽ കയറി മുങ്ങി. കയ്ക്കും കാലിലും ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികൻ കീഴാറൂർ സ്വദേശി ശശിയെ (59) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത കാർഡ്രൈവറും കൂട്ടാളികളും മലയിൻകീഴ് സ്റ്റേഷനിലെ ഉപകരണങ്ങൾ നശിപ്പിച്ച നിലയിൽ.

കെട്ടിടനിർമാണ തൊഴിലാളിയായ ശശി ജോലിക്കു പോകുന്നതിനിടെയാണ് അപകടം. സംഭവം അറിഞ്ഞ പൊലീസും നാട്ടുകാരും ചേർന്ന് ഏറെ വൈകാതെ മലയിൻകീഴ് ജംക്‌ഷന് സമീപത്തു വച്ച് കാർ കണ്ടെത്തി. ഇതിനുള്ളിൽ ഉണ്ടായിരുന്ന ഷിജുവിനെ കസ്റ്റഡിയിൽ എടുത്തു. ഇതറിഞ്ഞ് സ്റ്റേഷനിൽ എത്തിയ അരുണും ഹരീഷും ഷിജുവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ സ്റ്റേഷൻ പരിസരത്ത് ഉണ്ടായിരുന്ന നാട്ടുകാർ അരുണിനെയും ഹരീഷിനെയും തിരിച്ചറിയുകയും ഇവരും അപകട സമയത്ത് കാറിൽ ഉണ്ടായിരുന്നതായി പൊലീസിനെ അറിയിച്ചു. ഇതോടെ ഇരുവരെയും പിടികൂടി. 

മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടുകയും പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ഷിജു, അരുൺ, ഹരീഷ്.

തുടർന്നാണ് 3 പേരും സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയത്. മേശപ്പുറത്ത് ഉണ്ടായിരുന്ന പേപ്പറുകളും കംപ്യൂട്ടറും തള്ളിയിട്ട ശേഷം ഉദ്യോഗസ്ഥരെ മർദിക്കാനും ശ്രമിച്ചു. ഷിജു സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടാനും നോക്കി. പിടികൂടാൻ ശ്രമിച്ച പാറാവ് ഡ്യൂട്ടിയിലായിരുന്നു സിപിഒ വിഷ്ണുവിനെ ഷിജു മർദിച്ചു. ഇത് തടയുന്നതിനിടെയാണ് സിപിഒമാരായ അലോഷ്യസ്, ആനി വർഗീസ് എന്നിവർക്ക് പരുക്കേറ്റത്. തുടർന്ന് കൂടുതൽ പൊലീസ് എത്തി 3 പേരെയും ബലപ്രയോഗത്തിലൂടെ സെല്ലിലേക്കു മാറ്റി. ഇതിനിടെ ഷിജു സെല്ലിൽ തല കൊണ്ട് ഇടിച്ചു സ്വയം മുറിവേൽപിച്ചു എന്നു പൊലീസ് പറഞ്ഞു.  

പരുക്കേറ്റ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു രണ്ടുപേരെയും റിമാൻഡ് ചെയ്തു. മദ്യ ലഹരിയിൽ വാഹനം ഓടിക്കുക, മന:പൂർവം അപകടം സൃഷ്ടിക്കുക, പൊലീസ് സ്റ്റേഷനിൽ അക്രമം കാട്ടുക, ഉദ്യോഗസ്ഥരെ മർദ്ദിക്കുക, ജോലി തടസ്സപ്പെടുത്തുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ 6 കേസ് വീതം പ്രതികൾക്കെതിരെ എടുത്തു. ഡ്രൈവിങ്, സിനിമ മേഖല എന്നിവയുമായി ബന്ധപ്പെട്ടാണ് 3 പേരും ജോലി ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പ്രതികളിൽ ഒരാൾ സിപിഎം നേതാവിന്റെ അടുത്ത ബന്ധുവായതിനാൽ കേസ് ഒതുക്കി തീർക്കാൻ ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായും ആരോപണം ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com