തെക്കൻ തിരുതാംകൂറിലെ ആദ്യ പെൺപള്ളിക്കൂടത്തിന് 100 വയസ്സ്

ശതാബ്ദ് ആഘോഷിക്കുന്ന വിരാലി വിമലഹൃദയ ഹൈസ്കൂൾ
SHARE

തിരുവനന്തപുരം ∙ തെക്കൻ തിരുവിതാംകൂറിലെ ആദ്യത്തെ പെൺപള്ളിക്കൂടത്തിന് 100 വയസ്സ്. നെയ്യാറ്റിൻകര കുളത്തൂർ വിരാലിയിലെ വിമലഹൃദയ ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ നാളെ 4ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസന്റ് സാമുവൽ അനുഗ്രഹ പ്രഭാഷണം നടത്തും. പുനലൂർ‌ ബിഷപ്പും ആഘോഷ കമ്മിറ്റി ചെയർമാനുമായ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ അധ്യക്ഷത വഹിക്കും. 

സ്കൂളിന്റെ സ്ഥാപകൻ തപസിമുത്തു നാടാർ

വിരാലിയിലെ ‘ മാനേജർ സാർ ’ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ഇംഗ്ലിഷ് അധ്യാപകൻ പി.തപസിമുത്തു നാടാരാണ് 1922ൽ സെന്റ് മേരീസ് ഗേൾസ് സ്കൂൾ സ്ഥാപിച്ചത്. അക്കൊല്ലം തന്നെ സെന്റ് ജോസഫ്സ് ഇംഗ്ലിഷ് മിഡിൽ സ്കൂളും സ്ഥാപിച്ചു. ജാതിവിവേചനം കൊടികുത്തി വാണിരുന്ന അക്കാലത്ത് ഗോത്രവർഗക്കാരും ദലിതരും മത്സ്യത്തൊഴിലാളികളും ഉൾപ്പടെയുള്ളവർക്കു കൂടി ഇൗ സ്കൂളുകളിൽ‌ പ്രവേശനം നൽകി. 

അക്കാലത്ത് പെൺകുട്ടികൾക്കു വേണ്ടി സ്കൂൾ ആരംഭിക്കാൻ താൻ സഹിച്ച യാതനകൾ ആത്മമിത്രങ്ങൾക്ക് പിൽക്കാലത്ത് അദ്ദേഹമെഴുതിയ കത്തുകളിൽ  വിവരിച്ചിട്ടുണ്ട്. 40 വർഷങ്ങൾക്കു ശേഷം 1962 ൽ മിഡിൽ സ്കൂളിനെ സർക്കാർ സെന്റ് ജോസഫ്സ് ഹൈസ്കൂളായി (എയ്ഡഡ്) ഉയർത്തി. പൂവാർ, പൊഴിയൂർ, ഉച്ചക്കട, കുളത്തൂർ, വ്ലാത്താങ്കര, ചെങ്കൽ, കാരോട്, പഴയ ഉച്ചക്കട, ഊരമ്പ്, കൊല്ലങ്കോട് തുടങ്ങിയ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ വിദ്യാർഥികളുടെ ജീവിതവിജയത്തിൽ വിരാലിയിലെ ഈ വിദ്യാലയം മാർഗദീപമായി.

ക്രിസ്ത്യൻ മിഷണറിമാർ വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങിയ കാലത്തുതന്നെ തദ്ദേശീയനായ പി.തപസിമുത്തു നാടാർ  പെൺപള്ളിക്കൂടവും  ഇംഗ്ലിഷ് മിഡിൽ സ്കൂളും സമാന്തരമായി സ്ഥാപിച്ചുവെന്നത് ആശ്ചര്യം ജനിപ്പിക്കുന്നതാണ്. ഉച്ചക്കടയിലെ വിശുദ്ധ അമ്മത്രേസ്യാ റോമൻ കത്തോലിക്കാ ദേവാലയത്തിന്റെ ഈറ്റില്ലമായ താഴെകളിയൽ തറവാട്ടിന്റെ കാരണവരായിരുന്ന പപ്പുനാടാരുടെ മകനായിരുന്നു  തപസിമുത്തു.

സ്കൂൾ ചെലവിന് പണം കണ്ടെത്തിയത് കൃഷിപ്പണിയിലൂടെ

തിരുവനന്തപുരം ∙ ഭൂമി പാട്ടത്തിനെടുത്ത് താൽക്കാലിക ഷെഡ് കെട്ടിയായായിരുന്നു തപസിമുത്തു നാടാർ വിദ്യാലയത്തിനു തുടക്കമിട്ടത്. പാട്ടഭൂമിയിൽ  കൃഷി ചെയ്തായിരുന്നു സ്കൂൾ നടത്തിപ്പിനുള്ള വരുമാനം കണ്ടെത്തിയത്. 1500 ലേറെ വിദ്യാർഥികൾ പഠിച്ചിരുന്ന ഹൈസ്കൂൾ കടബാധ്യതകൾ കാരണം തകർന്നു തുടങ്ങിയ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഹൃദയ നൊമ്പരം ആത്മമിത്രത്തിനെഴുതിയ കത്തുകളിൽ പ്രകടമാണ്. വിദ്യാലയത്തെയോ വിദ്യാഭ്യാസത്തെയോ കച്ചവടക്കണ്ണോടെ നോക്കിക്കാണാത്തതിനാൽ അദ്ദേഹം വാർധക്യകാലത്ത് ഏകാകിയും കടക്കാരനുമായി. 

1988 നവംബർ 6ന് തപസിമുത്തു നാടാർ അന്തരിച്ചു. ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ അടക്കം ഒട്ടേറെ പ്രമുഖർ‌ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്. 1996 ൽ സ്കൂളിന്റെ സ്കൂളിന്റെ ഉടമസ്ഥാവകാശം കൊല്ലം പട്ടത്താനം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമലഹൃദയ സന്യാസിനി സമൂഹത്തിനു കൈമാറി. സ്കൂളിന്റെ പേര് 1997 ൽ വിമല ഹൃദയ ഹൈസ്കൂൾ എന്നാക്കി. തപസിമുത്തു എന്ന വിപ്ലപത്തിന്റെ നായകന്റെ ഹൃദയസ്പർശിയായ ജീവിത കഥ ചെറുമകൾ ഡോ.എം.ലീലാകുമാരി, ‘കാലത്തിനു മുൻപേ നടന്ന കർമ്മയോഗി’ എന്ന പേരിൽ പുസ്തകമാക്കി. ചെറുമകൻ ദേവപ്രസാദ് ജോണിന്റെ നേതൃത്വത്തിലാണ് ശതാബ്ദി ആഘോഷങ്ങൾ‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS