പാലോട്∙ വീടും സ്ഥലവും എഴുതി നൽകാത്തതിന്റെ പേരിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ കോളച്ചൽ കൊന്നമൂട് തോന്താംകുഴി ശകുന്തള വിലാസത്തിൽ ജിനേഷി(33)നെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ജിനേഷ് അമ്മ ശകുന്തളയെ തലയ്ക്കടിക്കാൻ ശ്രമിച്ചത് ശകുന്തള തടഞ്ഞതിനെ തുടർന്നു കൈ ഒടിഞ്ഞു. വീണ്ടും മർദിച്ചു.
ശകുന്തളയുടെ വിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും മകൻ ഒളിവിൽ പോയിരുന്നു. നാട്ടുകാരാണ് ശകുന്തളയെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻപും പലതവണ മാതാവിനെ ജിനേഷ് മർദിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു വിലക്കിയിട്ടും കേട്ടിട്ടില്ലെന്നും പറയുന്നു. പാരിപ്പള്ളി റബർ എസ്റ്റേറ്റിൽ കഴിഞ്ഞിരുന്ന ജിനേഷിനെ പാലോട് എസ്എച്ച്ഒ പി. ഷാജിമോന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.