ADVERTISEMENT

തിരുവനന്തപുരം ∙ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മേയറുടെ ചേംബറിലേക്ക്  പ്രതിഷേധ പ്രകടനം നടത്തി. മേയറുടെ ഓഫിസിൽ കടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പൊലീസ് വാഹനത്തിൽ കയറ്റിയെങ്കിലും വനിത കൗൺസിലർമാരടക്കം വാഹനം തടഞ്ഞും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. കൗൺസിലർമാരെ നീക്കിയ ശേഷം മഹിളാ കോൺഗ്രസ് പ്രവർത്തകരെ എആർ ക്യാംപിലേക്ക് മാറ്റിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവു വന്നത്. തൊഴിൽ തേടുന്ന യുവാക്കൾ ജോലിക്കായി ഭിക്ഷ യാചിക്കുന്ന സമരമാണ് പ്രതീകാത്മകമായി ബിജെപി നടത്തിയത്.

‘തൊഴിൽ തേടുന്ന യുവതകൾക്ക് പിച്ചച്ചട്ടി’ എന്ന മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ നഗരസഭയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച്.

മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് കോർപറേഷനകത്തും പുറത്തുമായി നടത്തി വരുന്ന സമരം 27 ദിവസം പിന്നിട്ടിരിക്കുകയാണ്. മഹിളാ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ നടത്തിയ സമരം മുൻ സംസ്ഥാന പ്രസിഡന്റ്‌ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.  സ്ത്രീ സമൂഹത്തിന് ഒന്നടങ്കം അപമാനമുണ്ടാക്കുന്ന നയമാണ് മേയർ ആര്യ രാജേന്ദ്രൻ സ്വീകരിക്കുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.  മേയറുടെ ചേംബറിലേക്കു തള്ളിക്കയറിയവരെ അറസ്റ്റു ചെയ്യുന്നതിനിടെ മഹിളാ കോൺഗ്രസ് പ്രവർത്തകരെയും കൗൺസിലർമാരെയും പൊലീസ് മർദിച്ചുവെന്ന് ആരോപിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് യു‍ഡിഎഫ് മാർച്ച്‌ നടത്തി.

ഇതിനിടയിൽ കോർപറേഷൻ കവാടത്തിൽ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡിൽ ആരോപണ വിധേയരായ മേയർ, ഡപ്യൂട്ടി മേയർ, മരാമത്ത് സ്ഥിരം സമിതി ചെയർമാൻ ഡി.ആർ.അനിൽ എന്നിവരുടെ ചിത്രങ്ങൾ യൂഡിഎഫ് പ്രവർത്തകർ സ്റ്റിക്കർ ഒട്ടിച്ചു മറച്ചു. ഡിസിസി പ്രസിഡന്റ്‌ പാലോട് രവി അധ്യക്ഷനായിരുന്നു. ബിജെപി പ്രവർത്തകരുടെ സമരം കൗൺസിലർ സിമി ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷമാണ് ഭിക്ഷ യാചിച്ചുള്ള സമരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com