വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ചു

സൂര്യ എസ്.നായർ, പ്രതി ഷിജു
SHARE

വെഞ്ഞാറമൂട്∙വിവാഹ അഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിനെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിനു സമീപത്ത് 2016 ജനുവരി 27ന് നടന്ന കൊലപാതക കേസിലെ പ്രതി വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു(32)നെയാണ് ഇന്നലെ പുലർച്ചെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ പുലർച്ചെ 5ന് വീടിന്റെ ഒന്നാം നിലയിലേക്ക് പോയ യുവാവിനെ വൈകിയും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ മുകളിലെത്തി അന്വേഷിക്കുമ്പോൾ അകത്തു നിന്നും മുറി പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ പൊളിച്ചു അകത്തു കയറിയപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ചെറിയ അനക്കം ഉണ്ടായിരുന്നതിനാൽ വീട്ടുകാർ ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തെപ്പറ്റിയുള്ള വാർത്ത പത്രത്തിൽ

2016 ജനുവരി 27 നാണ് സംഭവം. ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയ്ക്കു പിൻവശത്തെ ഇടവഴിയിൽ വെഞ്ഞാറമൂട് പിരപ്പൻകോട് പാലാംകോണം സൂര്യ ഭവനിൽ വിമുക്ത ഭടൻ ശശിധരൻനായർ, സുശീല എന്നിവരുടെ മകൾ സൂര്യ എസ്.നായർ(23) നെ വെട്ടേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.പിരപ്പൻകോട് സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ് ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. പ്രണയത്തിലായിരുന്ന ഇരുവരും വെഞ്ഞാറമൂട്ടിൽ നിന്ന് ആറ്റിങ്ങലിൽ എത്തുകയും തുടർന്ന് ഷിജു കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് സൂര്യയെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിനു ശേഷം പ്രതിയായ ഷിജുവിനെ കൊല്ലത്തെ ഒരു ഹോട്ടലിൽ അവശ നിലയിൽ കണ്ടെത്തിയിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതിനു ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കേസിന്റെ വിചാരണ നടക്കുന്നതിനിടയിലാണ് പ്രതിയുടെ ആത്മഹത്യ. കൊലപാതകം നടക്കുന്നതിനും ദിവസങ്ങൾക്ക് മുൻപ് യുവതിയുടെ വീട്ടിലെത്തിയ ഷിജു വിവാഹാലോചന നടത്തിയിരുന്നു. പ്രതിയെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് യുവതി തയാറെടുക്കുന്നുവെന്ന സംശയമാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് പ്രോസിക്യൂഷൻ കേസ്. ഇന്നലെ വൈകിട്ട് 3ന് വീട്ടിലെത്തിച്ച മൃതദേഹം പൊതു ദർശനത്തിനു വച്ചശേഷം സംസ്കരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS