ADVERTISEMENT

കാട്ടാക്കട ∙ അന്നവർ പഞ്ചമിയെന്ന ദലിത് ബാലികയുടെ പേരിൽ കുടിപള്ളിക്കൂടത്തിനു തീയിട്ടു. ഒരു നൂറ്റാണ്ടിനിപ്പുറം പ്രായശ്ചിത്തമെന്നോണം ഇന്ന് അതേ സ്ഥാനത്ത് പഞ്ചമിയുടെ പേരിൽ തലയെടുപ്പോടെ പുതിയ പള്ളിക്കൂടം. ജാതി മത ഭേദമെന്യേ എല്ലാ പേർക്കും വിദ്യാഭ്യാസം നേടാനുള്ള പോരാട്ടങ്ങൾക്ക് തുടക്കമായ കണ്ടല ലഹളയുടെ സ്മാരകം കൂടിയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പുനർ നാമകരണം ചെയ്ത ഊരുട്ടമ്പലം അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂൾ.

ഊരൂട്ടമ്പലം സ്വദേശിയായ പഞ്ചമിയെന്ന ദലിത് ബാലികയ്ക്ക്   അക്ഷരം നിഷേധിച്ച സവർണ വിഭാഗത്തിന്റെ നടപടി ചോദ്യം ചെയ്ത് 1914ൽ വില്ലുവണ്ടിയിൽ എത്തിയ അയ്യങ്കാളി അവളുടെ കൈപിടിച്ച് കണ്ടല കുടിപള്ളിക്കൂടത്തിലേക്കു നീങ്ങി. സംഘടിച്ചെത്തിയ ഒരു വിഭാഗം തടഞ്ഞു. തുടർന്ന് വൻ സംഘർഷം. ദലിത് ബാലിക പ്രവേശിച്ച പള്ളിക്കൂടത്തിന് അന്നവർ തീയിട്ടു.ശേഷിച്ചത് പാതി കത്തിയ ഒരു ബെഞ്ച് മാത്രം.  പിൽക്കാലത്ത് സ്കൂൾ പുതുക്കി പണിതു. സർക്കാർ ഉടമസ്ഥതയിൽ എൽപി, യുപി സ്കൂളുകൾ പ്രവർത്തിച്ചു തുടങ്ങി. സ്വാതന്ത്ര്യം ലഭിക്കും മുൻപേ  നെയ്യാറ്റിൻകര താലൂക്കിൽ ആളി പ്പടർന്ന വിദ്യാഭ്യാസ അവകാശ പോരാട്ടത്തിന്റെ നിത്യ സ്മാരകമാണ്. ഊരൂട്ടമ്പലം സ്കൂൾ.

2017ലെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവ വേദിയായിരുന്നു ഊരൂട്ടമ്പലം സർക്കാർ യുപി സ്കൂൾ. അന്ന് സ്കൂളിന്റെ നവീകരണം പ്രഖ്യാപിച്ചു. 2.48ലക്ഷം രൂപ മുടക്കി യുപി സ്കൂളിനും 1.86 ലക്ഷം രൂപ വിനിയോഗിച്ച് എൽപി സ്കൂളിനും നിർമിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് സ്കൂളിനെ അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂളായി പുനർ നാമകരണം ചെയ്തത്.

വില്ലു വണ്ടിയിലെത്തിയ അയ്യങ്കാളി പഞ്ചമിയുടെ കൈ പിടിച്ച് സ്കൂളിലേക്ക് വന്നതിന്റെ ഓർമയ്ക്കായി  സ്കൂളിൽ മ്യൂസിയവും ഒരുക്കി.  സ്കൂളിനെ പുനർ നാമകരണം ചെയ്യണമെന്ന് ഐ.ബി.സതീഷ് എംഎൽഎ നിയമ സഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചു. ഈ ആവശ്യം സർക്കാർ അംഗീകരിച്ചതോടെ പുതിയ മന്ദിരങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം പുനർ നാമകരണവും യാഥാർഥ്യമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com