ആദ്യം പൊലീസ് പരിഹസിച്ചു മടക്കി വിട്ടു, പ്രതികളെ കോടതി നേരിട്ടു ചോദ്യം ചെയ്തു; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയിലൂടെ

Mail This Article
വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രണ്ടു പ്രതികളും കുറ്റക്കാർ; ശിക്ഷ തിങ്കളാഴ്ച വിധിക്കും
തിരുവനന്തപുരം∙ കോവളത്തു വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ പ്രതികൾ വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ഇയാളുടെ ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവർ കുറ്റക്കാരാണെന്ന് അഡീഷനൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.സനിൽ കുമാർ കണ്ടെത്തി. \
ശിക്ഷ തിങ്കളാഴ്ച വിധിക്കും.കൊലക്കുറ്റം, കൂട്ട ബലാത്സംഗം, തെളിവു നശിപ്പിക്കൽ, ലഹരി മരുന്നു നൽകി ഉപദ്രവം , സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണു തെളിഞ്ഞത്. കൊല്ലപ്പെട്ട യുവതിയുടെ വിദേശത്തുള്ള സഹോദരിക്കു സാങ്കേതിക തടസ്സം കാരണം ഓൺലൈൻ വഴി കോടതി നടപടികൾ വീക്ഷിക്കാൻ സാധിച്ചില്ല.
ആയുർവേദ ചികിത്സയ്ക്കായി 2018 ഫെബ്രുവരി 21നു സഹോദരിക്കും സുഹൃത്തിനുമൊപ്പമാണ് നാൽപതുകാരിയായ ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. മാർച്ച് 14ന് രാവിലെ നടക്കാനിറങ്ങിയ ഇവരെ കാണാതായി. 36 ദിവസം കഴിഞ്ഞാണ് അഴുകി ജീർണിച്ച് തല വേർപെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കടുത്ത വിഷാദരോഗത്തെ തുടർന്നാണു യുവതിയെ സഹോദരിയും സുഹൃത്തും ചികിത്സയ്ക്കായി എത്തിച്ചത്. ഹോട്ടൽ മാനേജ്മെന്റ് രംഗത്താണ് യുവതിയും സഹോദരിയും പ്രവർത്തിച്ചിരുന്നത്.ഓൺലൈനിലൂടെയാണ് പോത്തൻകോട്ടുള്ള ആയുർവേദ കേന്ദ്രത്തെക്കുറിച്ചറിഞ്ഞത്.കാണാതായ ദിവസം തന്നെ സഹോദരിയും ആശുപത്രി ജീവനക്കാരും കോവളം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. പൊലീസ് കാര്യമായി അന്വേഷിച്ചില്ല.
ഓട്ടോറിക്ഷയിൽ കോവളം ബീച്ചിൽ എത്തിയ യുവതി 800 രൂപ ഓട്ടോറിക്ഷക്കാരനു നൽകിയെന്നും തുടർന്നു നടന്നു പോയെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.ചില സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും തുമ്പുകിട്ടിയില്ല. കടൽത്തീരങ്ങൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം.
കോവളം ബീച്ചിൽ നിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തിയെന്നാണു പൊലീസ് പറയുന്നത്.സുഹൃത്തായ ഉദയനുമൊത്തു യുവതിക്കു ലഹരി മരുന്നു നൽകി കാടിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. വൈകിട്ടോടെ ബോധം വീണ്ടെടുത്ത യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.
ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി.പിന്നീടുള്ള പല ദിവസവും പ്രതികൾ സ്ഥലത്തെത്തി മൃതദേഹം നിരീക്ഷിച്ചു. വള്ളി അഴുകിയതിനെത്തുടർന്നു ശരീരം പൊട്ടിവീണു. ശിരസ്സ് അറ്റുപോയി.കുറ്റപത്രത്തിൽ 104 സാക്ഷികൾ ഉണ്ടായിരുന്നു. ഇതിൽ 30 സാക്ഷികളെയാണു പ്രോസിക്യൂഷൻ വിസ്‌തരിച്ചത്.
28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ടു പേർ കൂറു മാറി. തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി.കെമിക്കൽ എക്സാമിനർ അശോക് കുമാറും കോവളത്തെ കടയുടമ ഉമറുമാണു കൂറുമാറിയത്. കുറ്റപത്രം നൽകി 3 വർഷത്തിനു ശേഷമാണു വിധി.
മരിച്ചത് വിദേശ വനിതയെന്ന് സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയിലൂടെ
ചൂണ്ടയിടാൻ പോയ യുവാക്കളാണ് ഒരു മാസത്തിനുശേഷം കോവളത്തിനു സമീപം പനത്തുറയിൽ കണ്ടൽക്കാട്ടിൽ അഴുകിയ നിലയിൽ വിദേശ വനിതയുടെ മൃതദേഹം കാണുന്നത്. മരിച്ചതു വിദേശ വനിതയാണെന്നു ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സമീപത്തു ചീട്ടുകളിച്ചിരുന്ന ആളുകളാണു പ്രതികളെക്കുറിച്ചുള്ള സൂചന നൽകിയത്.
പ്രതികളുടെ വീടിനടുത്തുള്ളവരും നിർണായക വിവരങ്ങൾ നൽകി.പ്രതി ഉമേഷ് ലഹരിമരുന്ന്, അടിപിടി ഉൾപ്പെടെ 13 കേസുകളിലും പ്രതി ഉദയൻ 6 കേസുകളിലും പ്രതിയാണ്. ഉമേഷ് സ്ത്രീകളെയും ആൺകുട്ടികളെയും ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതികളുണ്ട്.ഇയാളുടെ അതിക്രമത്തിനിരയായ ചിലർ നൽകിയ സൂചനകളാണു ഉമേഷിലേക്കു പൊലീസിനെ എത്തിച്ചത്. ഇരുവരും ലഹരിമരുന്നിന് അടിമകളാണ്. വാഴമുട്ടത്തെ കണ്ടൽക്കാടായിരുന്നു വിഹാരകേന്ദ്രം.

പ്രതികളെ കോടതി നേരിട്ടു ചോദ്യം ചെയ്തു
രണ്ടും പ്രതികളെയും കോടതി ഒക്ടോബറിൽ നേരിട്ടു ചോദ്യം ചെയ്തിരുന്നു. വിദേശ വനിതയെ അറിയില്ലെന്നാണു പ്രതികൾ പറഞ്ഞത്. കേസുമായി ബന്ധമില്ലെന്നും നിരപരാധികളെന്നും ഇവർ പറഞ്ഞു. പ്രതിഭാഗം തെളിവോ സാക്ഷികളോ ഉണ്ടെങ്കിൽ ഒക്ടോബർ 25നു ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പ്രതിക്കൂട്ടിൽ നിന്നു പ്രതികളെ ജഡ്ജിയുടെ ഡയസിനു സമീപം വിളിച്ചു വരുത്തി 2 പേരെയും പ്രത്യേകം ചോദ്യം ചെയ്താണു മൊഴി രേഖപ്പെടുത്തിയത്.
സാക്ഷി വിസ്താര വേളയിൽ കോടതി മുൻപാകെ വന്ന 30 സാക്ഷി മൊഴികളുടെയും 41 രേഖകളുടെയും 8 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ ചോദ്യാവലി തയാറാക്കിയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട വിദേശിയുടെ സഹോദരി എല്ലാ ദിവസവും കോടതിയിൽ ഹാജരായി വിചാരണ വീക്ഷിച്ചിരുന്നു.
ഹൈക്കോടതി നിർദേശ പ്രകാരമാണു വിചാരണ വേഗം പൂർത്തിയാക്കിയത്.യുവതിയുടെ ശരീരത്തിൽ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളും പ്രതികളിലേക്ക് എത്താൻ സഹായിച്ചു. പ്രതികൾ ടൂറിസ്റ്റ് ഗൈഡുകളാണെന്നു പരിചയപ്പെടുത്തി യുവതിയെ സമീപിച്ചു.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണിച്ചു തരാമെന്നു വിശ്വസിപ്പിച്ച് എൻജിൻ ഘടിപ്പിച്ച വഞ്ചിയിൽ കയറ്റി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ എത്തിച്ചു.ലഹരി ബീഡി നൽകി പീഡിപ്പിച്ചു. ഉറക്കമുണർന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടർന്നു
കൊലപ്പെടുത്തിയെന്നാണു പ്രതികളുടെ കുറ്റസമ്മത മൊഴിയായി പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളത്. പ്രതികൾ മരത്തിൽ മൃതദേഹം കെട്ടിത്തൂക്കി. കൊല്ലപ്പെട്ട യുവതിക്കു മരത്തിൽ കയറാൻ അറിയില്ലെന്നു സഹോദരിയും സുഹൃത്തും മൊഴി നൽകിയിരുന്നു.ലാത്വിയയിലാണു കുടുംബ വീടെങ്കിലും അയർലൻഡിലായിരുന്നു യുവതിയുടെ താമസം.
ആദ്യം പൊലീസ്പരിഹസിച്ചു മടക്കി വിട്ടു
സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന യുവതിയെ കോവളം, തിരുവല്ലം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ആദ്യം പരിഹസിച്ചു മടക്കിവിട്ടതും വിവാദമായിരുന്നു.സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്നു പരിസരവാസികൾ ആരും ആദ്യം പൊലീസിനോടു സഹകരിച്ചുമില്ല.
രാജ്യാന്തര തലത്തിൽ തന്നെ കേരളത്തിന് ഈ സംഭവം നാണക്കേടായതും ഹൈക്കമ്മിഷനും എംബസിയും ഇടപെട്ടതും പൊലീസിനെ ഉണർത്തി. അനാശാസ്യം , ചീട്ടുകളി , മദ്യപാനം എന്നിവയെല്ലാം നടക്കുന്ന കുറ്റിക്കാടിനെപ്പറ്റി വ്യക്തമായി അറിയാമായിരുന്നിട്ടും തിരുവല്ലം പൊലീസ് ആദ്യം കാര്യമായ അന്വേഷണം നടത്തിയില്ല.
മരിച്ച യുവതിയുടെ ശരീരത്തിൽ വെള്ളമുണ്ടായിരുന്നു. ഇതിലെ ബാക്ടീരിയയുടെ സാന്നിധ്യവും തൊട്ടുത്ത ജലാശയത്തിലെ ബാക്ടീരിയയുടെ സാന്നിധ്യവും സാമ്യമുള്ളതായിരുന്നു. അതിനാൽ വെള്ളത്തിൽ വീണു മരിച്ചതാകാമെന്നാണു കെമിക്കൽ എക്സാമിനർ അശോക് കുമാർ മൊഴി നൽകിയത്.
എന്നാൽ കഴുത്തു ഞെരിച്ചതാണു മരണ കാരണമെന്നു മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ.ശശികലയുടെ റിപ്പോർട്ട് ശാസ്ത്രീയ തെളിവായി മാറി.വിദേശ വനിതയുടെ കൊലയ്ക്കു ശേഷമാണ്, ഉമേഷിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2017ൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പോക്സോ കോടതിയിൽ കോവളം പൊലീസ് കുറ്റപത്രം നൽകിയത്.
കേസിന് സഹായകമായത് സാഹചര്യത്തെളിവെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ
സാഹചര്യത്തെളിവിനെ ആസ്പദമാക്കി തെളയിക്കപ്പെട്ട കേസാണു വിദേശ വനിതയുടെ കൊലപാതകമെന്നു സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻ രാജ്. മൃതദേഹം കണ്ടെത്തിയത് 38 ദിവസങ്ങൾക്കു ശേഷമാണ് എന്നതു കേസിൽ വെല്ലുവിളിയായിരുന്നു. മൃതശരീരം ജീർണിച്ചു ശാസ്ത്രീയ തെളിവുകൾ നഷ്ടമായിരുന്നു.
സാഹചര്യത്തെളിവുകൾ മാത്രമായിരുന്നു ആശ്രയം. തെളിവുകൾ ശേഖരിക്കാൻ പൊലീസിനു കഴിഞ്ഞു. അതു കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷനും കഴിഞ്ഞു. സ്ഥലപരിചയം ഒട്ടും ഇല്ലാത്ത വിദേശ വനിതയ്ക്കു കണ്ടൽത്തുരുത്തിലേക്ക് ഒറ്റയ്ക്ക് എത്താൻ കഴിയുമായിരുന്നില്ല. ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലേക്കു പൊലീസും പ്രോസിക്യൂഷനും എത്തി.
ആരാണ് എത്തിച്ചതെന്നായിരുന്നു അടുത്ത ചോദ്യം. ഇതിനുള്ള 18 സാഹചര്യങ്ങൾ പ്രോസിക്യൂഷൻ മുന്നോട്ടുവച്ചതു കോടതി അംഗീകരിച്ചു. ഭാരതീയനെന്ന നിലയിൽ വിധിയിൽ സന്തോഷമുണ്ട്. വിദേശത്തു നിന്നു നമ്മുടെ നാട്ടിലെത്തിയ യുവതിക്കു ദാരുണമായ മരണം ഉണ്ടായപ്പോൾ അവരുടെ കുടുംബത്തിനു നീതി ലഭിക്കാൻ ഇടപെടാനായി എന്നതിൽ അഭിമാനമുണ്ട്.
കേസിൽ 2 പേർ കൂറുമാറി. അതിലൊരാൾ കെമിക്കൽ എക്സാമിനർ ആയിരുന്നു. കൃത്യമായ മൊഴി അദ്ദേഹം നൽകിയില്ല. പോസ്റ്റുമോർട്ടം നടത്തിയ ഡോ.ശശികലയുടെ മൊഴികൾ നിർണായകമായി. സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയാണ് പീഡനം തെളിയിച്ചത്. അതു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിദേശ വനിതയുടെ അടിവസ്ത്രം കണ്ടെടുത്തതും പ്രതികളുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളും കോടതി പരിഗണിച്ചതായും മോഹൻ രാജ്. പറഞ്ഞു.