ADVERTISEMENT

തിരുവനന്തപുരം∙ മേയറുടെ പേരിലുള്ള വിവാദക്കത്തു പ്രകാരം കോർപറേഷനിൽ നിയമനം നടക്കാത്തതിനാൽ സർക്കാരിനു നഷ്ടം ഉണ്ടായിട്ടില്ലെന്നും അതിനാൽ തങ്ങളുടെ അന്വേഷണ പരിധിയിൽ ഇതു വരില്ലെന്നും പൊലീസ് അന്വേഷണമാണ് ഉചിതമെന്നും വിജിലൻസ് പ്രാഥമിക റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നു.

മുൻവർഷങ്ങളിലെ നിയമനക്രമക്കേടിനെ‍ക്കുറിച്ചുള്ള പരാതി പരിഗണിക്കാതെയാണ് അന്വേഷണത്തിനു തിരശീലയിടുന്നത്.കത്തി‍ന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും ഇത്തരമൊരു കത്തു തയാറാക്കിയിട്ടില്ലെന്നാണ് മേയറുടെ മൊഴിയെന്നും കത്തിൽ ഒപ്പിട്ട തീയതിയിൽ മേയർ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

കത്ത് കണ്ടെത്തി അതിലെ ഒപ്പ് ശരിയാണോ‍യെന്നു തെളിഞ്ഞാൽ മാത്രമേ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ ഇതു വരികയുള്ളൂ. എങ്കിലേ അന്വേഷണം നിലനിൽക്കുകയു‍ള്ളൂ എന്നും റിപ്പോർട്ടിലുണ്ട് എന്നറിയുന്നു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നടത്തിയ അന്വേ‍ഷണത്തിന്റെ റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിനു കൈമാറും.

ഹൈക്കോടതിക്കും റിപ്പോർട്ട് നൽകും. ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണത്തിലെ അതേ വിവരങ്ങളാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിലും ഉള്ളത്. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം നടക്കുകയാണ്.മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് വിജിലൻസ് ഡയറക്ടർക്കു പരാതി ലഭിച്ചതെങ്കിലും അ‍തേക്കുറിച്ച് അന്വേഷണം നടന്നില്ല.

താൽക്കാലിക നിയമനത്തിനു പാർട്ടി പട്ടിക ആവശ്യപ്പെട്ട് കത്തു നൽകിയതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ ഇത്തരത്തിൽ തിരുവനന്തപുരം കോർപറേഷനിൽ തിരുകിക്കയറ്റിയെന്നും ആരോപിച്ച് കോർപറേഷനിലെ കോൺഗ്രസ് മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാർ ഉൾപ്പെടെയുള്ളവരാണ് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയത്. ആദ്യം നടപടിയെടുക്കാതി‍രുന്ന വിജിലൻസ്, ഹൈക്കോടതി നോട്ടിസ് ലഭിച്ചപ്പോഴാണ് അന്വേഷണം പ്രഖ്യാപിച്ചത്.

ഇഴഞ്ഞ് ക്രൈംബ്രാഞ്ച് അന്വേഷണം

ക്രൈംബ്രാഞ്ചിന്റെ തുടര‍ന്വേഷണവും ഇഴയുകയാണ്. തുടങ്ങി 12 ദിവസമായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. കത്തിന്റെ ഉറവി‍ടമോ കത്തു തയാറാക്കിയവ‍രെയോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൊഴിയെടുക്കൽ മാത്രമാണ് തുടരുന്നത്. കത്തിന്റെ ഒറിജിനൽ കണ്ടെടുക്കാ‍നായില്ലെങ്കിൽ ക്രൈംബ്രാഞ്ച് അ‍ന്വേഷണവും എങ്ങുമെത്താതെ അവസാനിപ്പിക്കേണ്ടിവരും.

നിയമനങ്ങൾ  സിപിഎംകാർക്ക് മാത്രമായി  സംവരണം ചെയ്തു: കെ. സുധാകരൻ

ഇടതു ഭരണത്തിൽ നിയമനങ്ങൾ മുഴുവൻ പാർട്ടിക്കാർക്കായി സംവരണം ചെയ്തിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. നിയമനക്കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ കോർപറേഷൻ ആസ്ഥാനത്തിനു മുന്നിൽ നടത്തുന്ന  27–ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിൻവാതിൽ നിയമനത്തിനു പേരുകൾ ആവശ്യപ്പെട്ട് പാർട്ടി സെക്രട്ടറിക്ക് മേയർ കത്തെഴുതിയതു സംബന്ധിച്ച അന്വേഷണങ്ങൾ നിലച്ചമട്ടാണെന്ന് സുധാകരൻ പറഞ്ഞു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ നോക്കുകുത്തികളായി. ഡിവൈഎഫ്ഐ നേതാക്കളുടെ അയോഗ്യരായ ഭാര്യമാർക്കു നിയമനം നൽകാനാണ് സർവകലാശാലകളിൽ യോഗ്യതയില്ലാത്തവരെ വൈസ് ചാൻസലർമാർ ആക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്. ബാബു, കെ. ജയന്ത്, മരിയാപുരം ശ്രീകുമാർ, ജി. സുബോധൻ, കെപിസിസി ട്രഷറർ വി .പ്രതാപചന്ദ്രൻ, ടി. ശരത് ചന്ദ്രപ്രസാദ്‌, വി.എസ് ശിവകുമാർ, വർക്കല കഹാർ, പി.കെ വേണുഗോപാൽ, ബീമാപള്ളി റഷീദ്, കൈമനം പ്രഭാകരൻ, എം.ആർ മനോജ്, പി. പത്മകുമാർ, ജോൺസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.

പ്രസിഡന്റ് പി.സുബാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ കേരള പ്രദേശ് ഒബിസി കോൺഗ്രസ് പ്രവർത്തകരാണ് ഇന്നലെ സത്യഗ്രഹത്തിൽ പങ്കെടുത്തത്. പ്രഫ. സുശീല, അബ്ദുൽ മജീദ്, സീന മാലിക്, എൽ. രാജ് മോഹൻ, കെ. ജയരാമൻ, കാലടി സുരേഷ്, മുത്തുസ്വാമി, എന്നിവർ പങ്കെടുത്തു. മേയറുടെ അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുന്നുകുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ മേയറുടെ കോലം കത്തിച്ചു.

ബിജെപി സത്യഗ്രഹത്തിൽനേമത്തെപ്രവർത്തകർ 

ബിജെപി കൗൺസിലർമാർ നടത്തുന്ന സത്യഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നേമം നിയോജക മണ്ഡലത്തിലെ പ്രവർത്തകർ സമരത്തിൽ പങ്കെടുത്തു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം വിജയൻ തോമസ് ഉദ്ഘാടനം ചെയ്തു. ശേഷം കോർപറേഷൻ ഓഫിസിൽ പ്രകടനം നടത്തിയ കൗൺസിലർമാർ മേയറുടെ ഓഫിസിനു മുന്നിലെത്തി മുദ്രാവാക്യം മുഴക്കി.

സർക്കാർ നടത്തുന്നത് വാഗ്ദാന ലംഘനങ്ങളുടെ ഘോഷയാത്ര’ 

വാഗ്ദാനങ്ങളുടെ പെരുമഴയുമായി അധികാരത്തിലെത്തിയ രണ്ടാം പിണറായി വിജയൻ സർക്കാർ ഇപ്പോൾ വാഗ്ദാന ലംഘനങ്ങളുടെ ഘോഷയാത്ര നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ . കുടിശികയായ നാലു ഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻജിഒ അസോസിയേഷൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു

അദ്ദേഹം.എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ഉദയസൂര്യൻ, ട്രഷറർ എ.എം.ജാഫർഖാൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ മര്യാപുരം ശ്രീകുമാർ, ജി.എസ്.ബാബു, കെ. ജയന്ത്, ട്രഷറർ പ്രതാപചന്ദ്രൻ, കെപിഎസ്ടിഎ ജനറൽ സെക്രട്ടറി സി.പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com