ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഏറ്റവു നീളമേറിയ നാലുവരി എലിവേറ്റഡ് ഹൈവേയുടെ  നിർമാണം കഴക്കൂട്ടത്ത് പൂർത്തിയാക്കിയത് ദേശീയപാത അതോറിറ്റി. നിർമാണച്ചെലവായ 200 കോടി രൂപ ചെലവിട്ടതും ദേശീയപാത അതോറിറ്റി തന്നെ .  സംസ്ഥാനത്തെ ഏറ്റവും വലിയ 2 വരി എലിവേറ്റഡ് ഹൈവേ ആലപ്പുഴ ബൈപാസിലാണ്.  (3.2 കി.മീ) കഴക്കൂട്ടം പാതയുടെ മുകൾ ഭാഗത്തും താഴെയുമായി 220 ലൈറ്റുകളാണ് പ്രകാശം പരത്തുന്നത്.

കുരുക്ക് പഴങ്കഥ ആകുമെന്നു പ്രതീക്ഷ

കഴക്കൂട്ടം∙ എലിവേറ്റഡ് ഹൈവേ സഞ്ചാരത്തിനായി തുറന്നതോടെ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാവുമെന്നു പ്രതീക്ഷ. എന്നാൽ. കാൽനട യാത്രക്കാരുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. സിഎസ്ഐ മിഷൻ ആശുപത്രി മുതൽ കഴക്കൂട്ടം ടൗൺ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ സർവീസ് റോഡിന്റെ ഇരു വശങ്ങളിലും കോൺക്രീറ്റ് സ്ലാബുകൾ ഇട്ടത് കാൽനടയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ്. പലയിടത്തും ഒരടി പൊക്കത്തിലാണ് സ്ലാബുകൾ ഇട്ടിരിക്കുന്നത്.

കാൽനട യാത്രക്കാർ കയറിപ്പറ്റിയാൽ തന്നെ 20 മീറ്റർ ചെല്ലുമ്പോൾ വീണ്ടും ഒരടി താഴെ ഇറങ്ങണം 10 മീറ്റർ മുന്നോട്ട് പോയാൽ വീണ്ടും ഒരടി മുകളിൽ കയറണം. ഇതാണ് അവസ്ഥ. ഇതുകാരണം യാത്രക്കാർ സർവീസ് റോഡിലൂടെയാണ് നടക്കുന്നത്. ഇത് അപകട സാധ്യത വർധിപ്പിക്കും. കൂടാതെ സ്ലാബുകൾ ഇട്ടതിലെ അപാകത മൂലം പല ഭാഗത്തും കുഴികളും രൂപപ്പെട്ടിട്ടുണ്ട്.  കാൽ വഴുതിയാൽ  കോൺക്രീറ്റ് ഓടയിൽ വീഴും. ഇൗ അവസ്ഥയ്ക്ക് പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

പാത തീരുന്നി‌ടത്ത് കുരുക്ക് പഴയപടി 

കഴക്കൂട്ടം∙ എലിവേറ്റഡ് ഹൈവേ തുറന്നതോടെ കഴക്കൂട്ടത്തെ ഗതാഗതക്കുരുക്കിനു പരിഹാരം ആയെങ്കിലും പാത അവസാനിക്കുന്ന സിഎസ്ഐ മിഷൻ ആശുപത്രി മുതൽ പള്ളിപ്പുറം വരെയുള്ള ഭാഗങ്ങളിൽ വാഹനക്കുരുക്ക് രൂക്ഷം.   മേൽപാലത്തിലൂടെയും അടിപ്പാതയിലൂടെയും എത്തുന്ന വാഹനങ്ങൾ പാത അവസാനിക്കുന്ന സിഎസ്ഐ മിഷൻ ആശുപത്രിക്കു സമീപം എത്തുമ്പോൾ പഴയ രണ്ടു വരി പാതയിൽ ആണ് സംഗമിക്കുന്നത്.

അവിടെ നിന്നും പള്ളിപ്പുറം വരെയുള്ള ഗതാഗതക്കുരുക്ക് ഇപ്പോൾ രൂക്ഷമായിട്ടുണ്ട്. അതേ സമയം ദേശീയ പാത നാലുവരിപ്പാത ആക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി ദേശീയ പാതയിൽ മംഗലപുരം വരെയുള്ള ഭാഗത്ത് മരങ്ങൾ മുറിച്ചു മാറ്റി പാത വികസിപ്പിക്കാനുള്ള ജോലികൾ നടക്കുകയാണ്.‌ ആലുംമൂട് മുതൽ ദേശീയ പാത കൈയ്യേറി വഴി വാണിഭം നടത്തുന്നവരെ മാറ്റി സർവീസ് റോഡു നിർമിക്കുന്നതോടെ ഇൗ ഭാഗത്ത് ഗതാഗതക്കുരുക്കിന് താൽക്കാലികമായ ശമനം ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com