ADVERTISEMENT

തിരുവനന്തപുരം∙ സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ മിമിക്രി വേദികളിലും റിയാലിറ്റി ഷോകളിലും ഏറെ അനുകരിക്കപ്പെട്ട നടനായിരുന്നു. ഏത് ആൾക്കൂട്ടത്തിനിടയിൽ നിന്നാലും തിരിച്ചറിയുന്ന രൂപം. അഭിനയിച്ച സിനിമകളിലൊക്കെയും ഈ മാനറിസങ്ങൾ കൊണ്ട് പ്രേമൻ ശ്രദ്ധേയനായി. മണിരത്നം അടക്കമുള്ള മുൻനിര സംവിധായകരുടെ ശ്രദ്ധയിൽപ്പെടാൻ ഈ പ്രത്യേകതകളും ചെയ്ത റോളുകളെ വിജയിപ്പിച്ചെടുത്ത മെറിറ്റും തുണയായി.അച്ഛൻ ശിവരാമ ശാസ്ത്രികൾ ജ്യോതിഷിയും സംസ്കൃതം അധ്യാപകനുമായിരുന്നു. അമ്മ ടി.എസ്.കമല കഥാപ്രസംഗത്തിന്റെ ആദ്യ രൂപമായ ഹരികഥാകാലക്ഷേപം ഭംഗിയായി അവതരിപ്പിച്ചിരുന്നു.

അപ്പൂപ്പൻ സുകുമാരൻ ഭാഗവതർ നാടക പ്രവർത്തകനും. ഈ പാരമ്പര്യമാണ് കൊച്ചുപ്രേമനെ കലാരംഗത്ത് സജീവമാക്കിയത്. സ്കൂൾ വേനലവധിക്കാലത്ത് ജന്മദേശമായ തിരുവനന്തപുരത്തെ വലിയവിള സ്കൂൾ മുറ്റത്ത് കൂട്ടുകാരോടൊത്ത് നാടകം അവതരിപ്പിച്ചാണ് തുടക്കം. ഗ്രന്ഥശാലാപ്രവർത്തനവും ഉണ്ടായിരുന്നു. ആകാശവാണിക്കു വേണ്ടി നാടകങ്ങളും സ്ക്രിപ്റ്റുകളും എഴുതി. പിൽക്കാലത്ത് രണ്ടു തിരക്കഥകളും. അന്ന് നാടകപ്രവർത്തകനായ മറ്റൊരു പ്രേമനും ഒപ്പമുണ്ടായിരുന്നു. തിരിച്ചറിയാൻ രണ്ടുപേരും പേരുകൾ ഇങ്ങനെയാക്കി.  ഒരാൾ വലിയപ്രേമനും മറ്റെയാൾ കൊച്ചുപ്രേമനും.തിരുവനന്തപുരത്ത് മെക്കാനിക്കൽ ഡിപ്ലോമ പഠനകാലത്തും നാടകം തന്നെയാണ് തലയ്ക്കു പിടിച്ചിരുന്നത്.

വൈക്കം മണിയുടെ നാടകത്തിലൂടെയാണ് പ്രഫഷനൽ നടനാകുന്നത്. അയ്യായിരത്തിലേറെ വേദികളിൽ നാടകം അവതരിപ്പിച്ചതിന്റെ പരിചയവുമായാണ്  സിനിമയിലെത്തുന്നത്. കൊല്ലം ചൈതന്യയുടെ ‘ശബ്ദം’ എന്ന നാടകത്തിൽ അഭിനയിക്കുമ്പോഴാണ് ഗിരിജയെ കണ്ടുമുട്ടുന്നത്. കുറച്ചു നാടകങ്ങളിൽ ഒന്നിച്ചഭിനയിച്ചതോടെ ജീവിതസഖിയായി ഗിരിജ മതിയെന്നു തീരുമാനിക്കുകയായിരുന്നു

സിനിമയോട് അകലം പാലിച്ചു നിന്ന കൊച്ചുപ്രേമനെ തേടി ഒരു ദിവസം വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നു. സംവിധായകൻ  േജസിയും സത്യൻ അന്തിക്കാടുമായിരുന്നു വണ്ടിയിൽ.  ജേസിയുടെ ‘ഏഴു നിറങ്ങളിൽ’ അഭിനയിക്കാൻ ക്ഷണം. (1979). വെള്ളിത്തിരയിൽ പ്രേമന്റെ രൂപം തെളിഞ്ഞു. അതായിരുന്നു ആദ്യചിത്രം. വീണ്ടുമൊരു റീ എൻട്രി ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടിവന്നു. സത്യൻ അന്തിക്കാടിന്റെ ‘ഇരട്ടക്കുട്ടികളുടെ അച്ഛനി’ലൂടെയാണ് രണ്ടാംവരവ് സജീവമായത്. ജയറാമിനും ശ്രീനിവാസനും ഒപ്പം പ്രധാനപ്പെട്ട റോളിൽ. രാജസേനന്റെ ‘ദില്ലിവാലാ രാജകുമാരനും’ ഹിറ്റായതോടെ  പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

ഇതിനിടയിൽ തമിഴ് സിനിമയിലും  അവസരം ലഭിച്ചു. സിനിമകളുടെ ഇടവേളകളിൽ നാടകത്തിലും സീരിയലിലും ശ്രദ്ധയൂന്നിദൂരദർശൻ കാലത്ത് ആരംഭിച്ച സീരിയൽ അഭിനയം സ്വാകാര്യ ചാനലുകളുടെ വരവോടെ പ്രേമനെ തിരക്കേറിയ നടനാക്കി മാറ്റി. നിങ്ങളുടെ സ്വന്തം ചന്തു എന്ന സീരിയലിൽ ഡബിൾ റോളിലാണ് പ്രത്യക്ഷപ്പെട്ടത്.

സീരിയൽ രംഗത്തെ ആദ്യത്തെ ഡബിൾ റോളും കൊച്ചുപ്രേമന്റെ പേരിലാണ്. നാടകത്തെ തന്റെ പെറ്റമ്മയായാണ് കൊച്ചുപ്രേമൻ കണ്ടത്. സിനിമയെയും  സീരിയലിനെയും പോറ്റമ്മമാരായും. അര നൂറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ പലരും നന്ദികേട് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ആരോടും പരിഭവത്തിനു നിൽക്കാത്ത കലാകാരനായിരുന്നു കൊച്ചുപ്രേമൻ.

പലരും സീരിയലുകളിൽ മുഴുനീള വേഷം വാഗ്ദാനം ചെയ്തു പറ്റിച്ചിട്ടുണ്ട്. 10 എപ്പിസോഡുകൾ വരെ ചിത്രീകരിച്ച സീരിയലുകളിൽ നിന്ന് പ്രതിഫലം നൽകാകെ പറഞ്ഞുവിട്ടിട്ടുണ്ട്. സിനിമാ െസറ്റുകളിലും ഒട്ടേറെ തിക്താനുഭവങ്ങൾ. അഭിനയരംഗത്തു നിന്ന സമ്പാദ്യമൊന്നും പ്രേമൻ നഷ്ടപ്പെടുത്തിയില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com