ADVERTISEMENT

തിരുവനന്തപുരം∙ പിൻവാതിൽ നിയമനങ്ങളും തിരുവനന്തപുരം കോർപറേഷനിലെ കത്തു വിവാദവും വിഷയമാക്കിയ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനിടെ നിയമസഭയിൽ ബഹളം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വോക്കൗട്ട് പ്രസംഗത്തെ മന്ത്രിമാർ അടക്കം എഴുന്നേറ്റു നിന്നു തടസ്സപ്പെടുത്തിയതോടെ പ്രതിപക്ഷം നടുത്തള്ളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി . ഭരണപക്ഷം പിൻവാങ്ങിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർ‌ന്നു. ഇതോടെ സബ്മിഷനും നിയമഭേദഗതി ബില്ലുകൾക്കു മേലുള്ള ചർച്ചയും വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു.

പട്ടിപിടുത്തക്കാർ മുതൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ‌ വരെ പാർട്ടി ജില്ലാ സെക്രട്ടറിയുടെ കത്തുമായെത്തി ജോലി വാങ്ങുന്ന നാണംകെട്ട കാലം എക്കാലത്തെയും കുപ്രസിദ്ധ ഭരണമാതൃകയായി വിലയിരുത്തപ്പെടുമെന്ന് പ്രമേയ നോട്ടിസ് അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് ആരോപിച്ചു. ഉയർന്ന നേതാക്കളുടെ അടക്കം ബന്ധുനിയമനങ്ങളുടെ പട്ടിക തന്റെ പക്കലുണ്ടെന്നും വ്യക്തിപരമായതിനാൽ വായിക്കുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. എന്നാൽ, അതിനെക്കാൾ വലിയ പട്ടികയും ശുപാർശക്കത്തുകളും തന്റെ കൈവശമുണ്ടെന്ന് മറുപടി നൽകിയ മന്ത്രി എം.ബി.രാജേഷ്, ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പഴ്സനൽ സ്റ്റാഫിന് യുഡിഎഫ് നേതാക്കൾ എഴുതിയ കത്തുകൾ വായിച്ചു.

രണ്ടാം പിണറായി സർക്കാർ വന്ന ശേഷം കഴിഞ്ഞ മാസം വരെ 37,840 പേർക്ക് പിഎസ്‌സി നിയമന ശുപാർശ നൽകിയെന്നും പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു എന്ന ആരോപണം തെറ്റെന്നതിന് ഇതു തന്നെ തെളിവാണെന്നും മന്ത്രി പറഞ്ഞു. എഴുതിയ ആൾ എഴുതിയിട്ടില്ല എന്നും മേൽവിലാസക്കാരനായ ആൾ കിട്ടിയിട്ടില്ല എന്നും പറയുന്ന കത്തിനെക്കുറിച്ചാണ് പ്രചാരണം . മേയറുടെ പേരിൽ പ്രചരിക്കുന്ന കത്തിന് ആസ്പദമായ തസ്തികയിൽ പലവട്ടം പരസ്യം നൽകിയിട്ടും ആളെ കിട്ടിയില്ല. മുൻ‌വാതിൽ തുറന്നിട്ടിട്ടു പോലും ആളെ കിട്ടാത്ത തസ്തികയിലാണ് പിൻവാതിൽ നിയമനമെന്ന് ആരോപിക്കുന്നത്.

ചട്ടം ലംഘിച്ച് ഏതെങ്കിലും തദ്ദേശ സ്ഥാപനം നിയമനം നടത്തിയിട്ടുണ്ടെങ്കിൽ അത് ഓഡിറ്റിലൂടെയും വിജിലൻസ് അന്വേഷണത്തിലൂടെയും പുറത്തുവരും. ചട്ടങ്ങൾ പാലിക്കാത്ത ഒന്നിനും സർക്കാർ കൂട്ടുനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു. പാർട്ടി നേതാക്കൾ ഉൾപ്പെടുന്ന സമാന്തര റിക്രൂട്മെന്റ് സംഘങ്ങളെ എല്ലാ ജില്ലകളിലും ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും രണ്ടര മുതൽ 3 വരെ ലക്ഷം പേരെയാണ് പിൻവാതിലിലൂടെ നിയമിച്ചതെന്നും വി.ഡി.സതീശൻ തിരിച്ചടിച്ചു. പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ പിഎസ്‌സി നിയമനങ്ങളുടെ പട്ടികയാണ് മന്ത്രി വായിച്ചത്. മന്ത്രി പറഞ്ഞ കണക്കു പോലും തെറ്റാണ്.

സിപിഎമ്മിലെ വീതംവയ്പിനെച്ചൊല്ലിയുള്ള തർക്കമാണ് മേയറുടെ കത്തു പുറത്താകാൻ കാരണം. ക്രൈംബ്രാഞ്ചോ മേയറോ കത്ത് വ്യാജമാണെന്നു പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നതിനിടെ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് കത്ത് വ്യാജമെന്നു മന്ത്രി പറഞ്ഞതെന്നും സതീശൻ ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com