ADVERTISEMENT

തിരുവനന്തപുരം ∙ ഒഴിവു റിപ്പോർട്ടു ചെയ്ത ഉദ്യോഗസ്ഥന്റെ പ്രതികാര ബുദ്ധി കാരണം കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന് പിഎസ്‌സി വഴിയുള്ള ജോലി നഷ്ടപ്പെട്ട സംഭവത്തെക്കുറിച്ച് നിയമസഭയിൽ ന്യായീകരണം ഇല്ലാതെ  മന്ത്രി എം.ബി.രാജേഷ്. മനോരമ പുറത്തുകൊണ്ടു വന്ന സംഭവം തെറ്റാണെന്നും ഉദ്യോഗസ്ഥനു വീഴ്ചയുണ്ടായിട്ടില്ലെന്നും ഞായറാഴ്ച ഫെയ്സ്ബുക്കിൽ നീണ്ട കുറിപ്പിട്ട മന്ത്രി ഇന്നലെ ഇതേക്കുറിച്ചു മൗനം പാലിച്ചു. അടിയന്തര പ്രമേയത്തിന് അടിസ്ഥാനം തന്നെ ഒരു പത്രത്തിന്റെ പരമ്പരയെന്നു മാത്രമായിരുന്നു മന്ത്രിയുടെ പരാമർശം. 

അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച പി.സി.വിഷ്ണുനാഥാണ് നിഷയുടെ വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. വിഷ്ണുനാഥിന്റെ മറ്റെല്ലാ ആരോപണങ്ങൾ‌ക്കും അക്കമിട്ടു മറുപടി നൽ‌കിയ മന്ത്രി നിഷയുടെ നിയമനത്തിലേക്കു കടക്കാൻ തയാറായില്ല. നിയമന ശുപാർശ വൈകിച്ച ഉദ്യോഗസ്ഥനെ ന്യായീകരിച്ചുള്ള മന്ത്രിയുടെ ഞായറാഴ്ചത്തെ ഫെയ്സ്ബുക് പോസ്റ്റിനെതിരെ  രൂക്ഷമായ വിമർശനമാണ് കമന്റുകളിലൂടെ ലഭിക്കുന്നത്. മാത്രമല്ല, ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിവു റിപ്പോർട്ടു ചെയ്തെന്നതടക്കമുള്ള മന്ത്രിയുടെ വാദം പൊളിയുകയും ചെയ്തിരുന്നു. ഇതാണ് സഭയിൽ ന്യായീകരണം ആവർത്തിക്കാതിരിക്കാൻ കാരണം.

പിൻവാതിൽ നിയമനങ്ങളെക്കുറിച്ചുള്ള മനോരമയുടെ മുഖപ്രസംഗം സഭയിൽ‌ ചൂണ്ടിക്കാട്ടിയ വിഷ്ണുനാഥ്, ‘എന്റെ സ്വപ്നം തകർത്തിട്ട് എന്തു നേടി’ എന്ന നിഷയുടെ ചോദ്യത്തിന് സർക്കാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. 2018 മാർച്ച് 31നു കാലാവധി തീരുന്ന റാങ്ക് പട്ടികയിലേക്കുള്ള നിയമനത്തിന് ഒഴിവു റിപ്പോർട്ട് ചെയ്യാൻ 28ന് തന്നെ നിഷ നേരിട്ടെത്തി ഉദ്യോഗസ്ഥനോട് അഭ്യർഥിച്ചിരുന്നു. 28നോ 2 ദിവസത്തെ അവധി കഴിഞ്ഞുള്ള 31നു പകലോ ഒഴിവു റിപ്പോർട്ട് ചെയ്യാമായിരുന്നു. ഇതു ചെയ്യാതെ 31ന് അർധരാത്രി റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രി ന്യായീകരിച്ചാൽ ആരു വിശ്വസിക്കും? 

റാങ്ക് ഹോൾഡർമാരുടെ സമരം നടന്നത് 2021ൽ ആണെന്നും 3 വർഷം മുൻപേ അവസാനിച്ച റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥിക്കു ജോലി നിഷേധിച്ചെന്ന ആരോപണം അസംബന്ധമാണെന്നും മന്ത്രി ഫെയ്സ്ബുക്കിലെഴുതി. ഇതിനു മറുപടിയായി 2018 മാർച്ച് 22നു നിഷയടക്കം സമരത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രം മനോരമ പുറത്തുവിട്ടിരുന്നു.

അവർ സമരം ചെയ്തിട്ടും ഞങ്ങൾ‌ തിരഞ്ഞെടുപ്പിൽ‌ വിജയിച്ചു എന്നാണു മന്ത്രി പറയുന്നത്. നരേന്ദ്ര മോദി രണ്ടാം തവണയും ജയിച്ചിരുന്നു. അത് മികവിന്റെ അംഗീകാരമായി എൽഡിഎഫിനു സമ്മതിക്കേണ്ടി വരും. അയോഗ്യരെ താക്കോൽ സ്ഥാനത്തിരുത്തി അവർ വഴി കൂടുതൽ അയോഗ്യരെ നിയമിക്കാൻ സൗകര്യമൊരുക്കുന്ന പിൻവാതിൽ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com