ADVERTISEMENT

തിരുവനന്തപുരം∙ നേമത്തെ യുവതിയുടെ മരണം കൊലപാതകമെന്ന് ഒൻപത് വർഷത്തിനു ശേഷം കണ്ടെത്തൽ. ഭർത്താവ് അറസ്റ്റിൽ.  വീടിനുള്ളിൽ തീപൊള്ളലേറ്റ് മരിച്ച നേമം സ്വദേശി അശ്വതിയുടെ മരണത്തിലാണ്. ഭർത്താവ് ഭർത്താവ് പൂഴിക്കുന്ന് പറങ്കിമാംവിള ലക്ഷംവീട് കോളനിയിൽ രതീഷിനെ (35) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എസ്പി മധുസൂദനന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.നേമം സ്റ്റുഡിയോ റോഡ് പ്രീതി നിവാസിൽ വാടകയ്ക്ക് താമസിക്കുമ്പോഴായിരുന്നു കൊലപാതകം. അശ്വതിയുടെയും രതീഷിന്റെയും പ്രണയ വിവാഹമായിരുന്നു.

അശ്വതി.
അശ്വതി.

അമ്മ മരിച്ചുപോയ അശ്വതി അമ്മൂമ്മയ്ക്കൊപ്പം ആയിരുന്നു താമസം. അശ്വതി കൊല്ലപ്പെടുമ്പോൾ രണ്ടു വയസ്സും മൂന്നുമാസവും പ്രായമുള്ള രണ്ട് മക്കളുണ്ടായിരുന്നു.രതീഷ് സ്ഥിരം മദ്യപാനി ആയതിനാൽ അമ്മൂമ്മയുടെ 3 സെൻറ് സ്ഥലം രതീഷിന്റെ പേരിൽ  എഴുതി നൽകിയില്ല. ഇതെച്ചൊല്ലി കുടുംബ കലഹം പതിവായതോടെ അശ്വതിയുടെ അമ്മൂമ്മ ബന്ധു വീട്ടിലേക്ക് മാറി. കുട്ടികൾ വീട്ടിലുള്ളപ്പോഴാണ് രതീഷ് അടുക്കളയിൽ വച്ച് അശ്വതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. അശ്വതി സ്വയം തീ കൊളുത്തി എന്നാണ് പൊലീസിനോട് രതീഷ് പറഞ്ഞത്. ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ആത്മഹത്യ എന്നായിരുന്നു ലോക്കൽ പൊലീസിന്റെ പ്രാഥമിക നിഗമനം.

തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകൾ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അശ്വതി കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അശ്വതി മരിച്ച ദിവസം രതീഷിന്റെ കയ്യിലുണ്ടായിരുന്ന പൊള്ളലാണ് സംശയത്തിന് ഇട നൽകിയത്. അശ്വതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു എന്നായിരുന്നു പ്രതിയുടെ മൊഴി. അന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പൊള്ളലിൽ സംശയം പ്രകടിപ്പിച്ചു.  അശ്വതിയുടെ ഉള്ളംകൈകൾ പൊള്ളിയിരുന്നില്ല. ഒരാൾ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാൽ ആദ്യം പൊള്ളുന്നത് കൈകൾ ആയിരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. രതീഷിനെ വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. 

കയ്യിലെ പൊള്ളൽ തെളിവായി 

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് പ്രതിയായ കേസുമായി സാമ്യമുള്ള കേസാണ് അശ്വതി കൊലക്കേസുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയുടെ ശരീരം കത്തിക്കുമ്പോൾ കുറുപ്പിൻറെ ബന്ധുവായ ഭാസ്കരപിള്ളയുടെ കയ്യിലും പൊള്ളലേറ്റിരുന്നു. പൊള്ളലിനെക്കുറിച്ച് ചോദിച്ചപ്പോൾ ഭാസ്കരപിള്ള വ്യത്യസ്ത മറുപടികൾ നൽകിയതാണ് കേസിൽ വഴിത്തിരിവായത്. അശ്വതിയുടെ ഭർത്താവിന്റെ കയ്യിലുണ്ടായിരുന്ന പൊള്ളലാണ് നേമത്തെ കേസിൽ തുമ്പുണ്ടാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com