ADVERTISEMENT

തിരുവനന്തപുരം∙ യുവതിയുടെ തിരോധാനത്തെ തുടർന്ന് സഹോദരി പോത്തൻകോട്, പൂവാർ സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും  പൊലീസ് അനങ്ങിയില്ല. ഒരു സ്റ്റേഷനിൽ നിന്ന് ഇവരെ പരിഹസിച്ച് മടക്കി അയക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലീസ് ഉണർന്നു പ്രവർത്തിച്ചത്. ഈ ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിച്ചതും മൃതശരീരം കണ്ടെത്തുന്നതും.

തുടക്കം ഉഴപ്പിയെങ്കിലും പിന്നീട് പൊലീസ് ഊർജിതമായി.  ഒരു തുമ്പുമില്ലാതിരുന്ന കേസിൽ ‍മൃതദേഹം കണ്ടെത്തി രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു പ്രതികളെയും പിടികൂടി. അന്വേഷണത്തിൽ വഴിത്തിരിവായത് സംഭവസ്ഥലത്തിനു സമീപം സ്ഥിരമായി ചീട്ടുകളി നടത്തുന്ന സംഘത്തിലെ ചിലർ നൽകിയ സൂചനയാണ്. അന്ന് ഐജിയായിരുന്ന മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം 12 ദിവസത്തോളം അന്വേഷണം നടത്തി. 375 പേരെ നേരിൽ കണ്ടു പ്രതികളെ കുറിച്ചുള്ള സൂചനകൾ തിരക്കി. 45 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

മൃതദേഹം കിടന്ന സ്ഥലത്ത് പുറത്തുനിന്നുള്ള ആരും എത്താൻ സാധ്യതയില്ലെന്നു വ്യക്തമായതോടെ പ്രദേശത്തെ കുറ്റവാളികളുടെ പട്ടിക ശേഖരിച്ചു. സമീപത്തെ 46 വീടുകളിലും അന്വേഷണം നടത്തി. എന്നാൽ ആദ്യം ചില സൂചനകൾ നൽകിയവർ തന്നെ പ്രതികളെ ഭയന്നു പിന്നീടു മൊഴിമാറ്റി. ഇതിനിടെയാണു കണ്ടൽക്കാട്ടിലേക്കുള്ള പ്രവേശനഭാഗത്തെ സ്ഥിരം ചീട്ടുകളി സംഘത്തെ ചോദ്യം െചയ്തത്. പ്രതികൾ ഉൾപ്പെട്ട സംഘത്തിനു ‘പടി’കൊടുത്തു ചീട്ടു കളിക്കുന്നവരായിരുന്നു ഇവർ. കണ്ടൽക്കാട്ടിലേക്കു സ്ഥിരമായി പോകുന്ന ചിലരെ കുറിച്ചുള്ള നിർണായക വിവരം ഇവരിൽ നിന്നു ലഭിച്ചു.

അതോടെയാണു പ്രതികളായ ഉമേഷും ഉദയനും പിടിയിലായത്. വിദേശ യുവതി കൊല്ലപ്പെട്ട ദിവസം സ്ഥലത്തില്ലായിരുന്നുവെന്നാണ് ഇരുവരും പറഞ്ഞത്. എന്നാൽ ഇവരുടെ മൊബൈൽ ടവർ ലോക്കേഷൻ മൃതദേഹം കാണപ്പെട്ട വാഴമുട്ടം ഭാഗത്തെ ടവറിനു കീഴിലായിരുന്നുവെന്ന് വ്യക്തമായി. ദൃക്സാക്ഷികളെയും പൊലീസ് കണ്ടെത്തി.കേസിന്റെ തുടക്കത്തിൽ രണ്ടു സ്റ്റേഷനുകളിൽ നൽകിയ പരാതിയിൽ നടപടിയെടുക്കാതിരുന്ന ഉദ്യോഗസ്ഥരുടെ കൃത്യവിലോപനത്തിനെതിരെ നടപടിയുണ്ടായില്ല എന്നതും ശ്രദ്ധേയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com