ADVERTISEMENT

തിരുവനന്തപുരം ∙ വിദേശ സഹകരണം വേണ്ടെന്ന നിലപാടിൽ നിന്ന് ഒന്നര പതിറ്റാണ്ടിനു ശേഷം കോർപറേഷൻ ഭരണസമിതി മലക്കംമറിഞ്ഞു. ബാഴ്സലോണ നഗരവുമായുള്ള ഇരട്ട നഗരം (ട്വിൻ സിറ്റി) പദ്ധതി വേണ്ടെന്നു വച്ച കോർപറേഷൻ, 14 വർഷങ്ങൾക്കു ശേഷം റഷ്യൻ പ്രവിശ്യയായ നോവ് ഗൊരദ് നഗരവുമായുള്ള സഹകരണത്തിന് ഒരുങ്ങുന്നു. നോവ് ഗോരദ് സിറ്റി മേയർ ഉൾപ്പെടെ 3 അംഗ റഷ്യൻ സംഘവുമായി കോർപറേഷൻ പ്രാഥമിക ചർച്ച നടത്തി. കൗൺസിലിന്റെയും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെയും അംഗീകാരം ലഭിച്ചാൽ പദ്ധതി യാഥാർഥ്യമാകും.

യുനസ്കോയുടെ സംരക്ഷണ പാരമ്പര്യമുള്ള റഷ്യയിലെ ഏറ്റവും പ്രാധാന്യമുള്ള തുറമുഖ നഗരമാണ് നോവ് ഗൊരദ്. സാംസ്കാരികമായും പൈതൃകപരമായും വളരെ പ്രത്യേകതകളുള്ള രണ്ട് നഗരങ്ങളെന്ന പരിഗണനയിലാണ് തിരുവനന്തപുരവും നോവ് ഗൊറോഡും സഹകരിക്കുന്നത്. സാംസ്കാരികം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, വ്യവസായം, മാലിന്യ സംസ്ക്കരണം, ഉപജീവന മേഖലകളിൽ സഹകരണത്തിനുള്ള സന്നദ്ധത നോവ് ഗോരദ് സിറ്റി അധികൃതർ മുന്നോട്ടു വച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നൽകുന്ന സ്കോളർഷിപ് ഇവിടത്തെ കുട്ടികൾക്കു പ്രയോജനപ്പെടുത്താം.

കാർഷിക മേഖലയിലെ അഭിവൃദ്ധിക്കായി ജൈവവളം ഉൾപ്പെടെ നൽകി സഹായിക്കാമെന്നും വാഗ്ദാനമുണ്ട്. തിരുവനന്തപുരം റഷ്യൻ സാംസ്കാരിക കേന്ദ്രമാണ് ഇരട്ട നഗരം പദ്ധതി നടപ്പാക്കാൻ മുൻകൈയെടുക്കുന്നത്.നോവ്ഗോരദ് ഗവർണർ ആന്ദ്രെ നികിതിൻ, സിറ്റി മേയർ അലക്സാണ്ടർ റോഴാം, യൂണിവേഴ്സിറ്റി വൈസ് ചാൻസലർ യൂറി ബോറോവികോവ്, ഡപ്യൂട്ടി ചെയർമാൻ മാലെകോ ലിയാ സർഗീവിച്ച്, റഷ്യൻ കോൺസൽ ജനറൽ ഒലേഗ് അവ്ദേവ് എന്നിവരാണ് 15 അംഗ റഷ്യൻ സംഘത്തിലെ പ്രമുഖർ. റഷ്യയുടെ ഓണററി കോൺസുലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി. നായരാണ് ചർച്ചകൾ ഏകോപിപ്പിക്കുന്നത്. കോർപറേഷനെ പ്രതിനീധീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ, ഡപ്യൂട്ടി മേയർ പി.കെ. രാജു, സെക്രട്ടറി ബിനു ഫ്രാൻസിസ് തുടങ്ങിവരും പങ്കെടുത്തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മന്ത്രി ജി.ആർ. അനിൽ, ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി എന്നിവരുമായും സംഘാംഗങ്ങൾ ചർച്ച നടത്തി. 2008 ൽശശി തരൂ‍ർ എംപി മുൻകൈയെടുത്താണ് ബാഴ്സലോണ ഇരട്ട നഗരം പദ്ധതി നടപ്പാക്കാൻ പദ്ധതി തയാറാക്കിയത്. എന്നാൽ വിദേശ സഹകരണം വേണ്ടെന്ന കോർപറേഷൻ ഭരണസമിതിയുടെ നിലപാടു കാരണം പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

കേരളവുമായി സഹകരിക്കുവാൻ താൽപര്യം

തിരുവനന്തപുരം ∙ കേരളവുമായി സഹകരിക്കുവാൻ താൽപര്യമുണ്ടെന്ന് റഷ്യൻ പ്രവിശ്യയായ വിലിക്കി നോവ്ഗോരദിലെ ഗവർണർ ആന്ദ്രെ നികിതിൻ പറഞ്ഞു. കേരളത്തെപ്പോലെ നോവ് ഗോരദിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.കേരളവും റഷ്യയിലെ പ്രവിശ്യകളുമായുള്ള സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കരുത്തേകുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. നോവ്ഗോരദിൽ ആയുർവേദകേന്ദ്രം തുടങ്ങുന്നതിനും ആന്ദ്രേ നികിതിൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com