ADVERTISEMENT

വിഴിഞ്ഞം∙മുദ്രാവാക്യങ്ങളില്ലായിരുന്നു അവിടെ. കടൽമക്കളുടെ പാട്ടുകളും മുഴങ്ങിയില്ല. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി നീണ്ട പോരാട്ടത്തിനു വേദിയായ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തൽ ഇന്നലെ പൊളിച്ചു മാറ്റി. മുല്ലൂരിലെ തുറമുഖ കവാടത്ത് 113 ദിവസമാണ് സമരം നടന്നത്. വിഴിഞ്ഞം വിഷയത്തിൽ തുറമുഖ നിർമാണ വിരുദ്ധ സമരസമിതിയുടെ സമരത്തിനു വേദിയായ സമരപ്പന്തലാണ് പൊളിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരസമിതി സമരം താൽക്കാലികമായി പിൻവലിച്ചിരുന്നു. സർക്കാർ നൽകിയ ഉറപ്പുകളെ തുടർന്നാണിത്. 

രാവിലെ മുതൽ ചെറു പന്തലുകൾ, കട്ടിലുകൾ, കസേരകൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ നീക്കം ചെയ്യുന്ന ജോലി സമരസമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു.  ഉച്ചയോടെ ഇവ നീക്കം ചെയ്യുന്ന ജോലി പൂർത്തിയായതോടെ സമിതി ഭാരവാഹികൾ മടങ്ങി. തുടർന്ന് സമര‍പ്പന്തൽ പൊളിച്ചു നീക്കുന്ന ജോലി തുടങ്ങിയത്. വൈകിട്ടോടെ പൂർത്തിയായി.  പൊലീസ് സാന്നിധ്യത്തിലായിരുന്നു നടപടികൾ. സംഘർഷം ഒഴിവാക്കാനാണ് പകൽ സമയത്തു തന്നെ പന്തൽ പൊളിച്ചത്. സമരപ്പന്തൽ പൊളിച്ചു നീക്കിയ ശേഷം മാത്രം നിർമാണ സാമഗ്രികൾ എത്തിക്കുമെന്നു അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ബ്രേക്‌വാട്ടർ നിർമാണം (ഫയൽ ചിത്രം) .

ഫ്ലെക്സ് ബോർഡുകൾ അടക്കമുള്ളവ നീക്കം ചെയ്തു. സമരക്കാരെ നേരിടാൻ സ്ഥാപിച്ച ബാരിക്കേഡുകൾ പൊലീസും നീക്കി. വൈകിട്ടോടെ തുറമുഖത്തേക്കുള്ള പാത സഞ്ചാരയോഗ്യമായി. കരിമ്പള്ളിക്കര തീരത്തെ ചെറു പന്തലും ഒപ്പം നീക്കം ചെയ്തു. മുല്ലൂരിൽ എതിർവശത്തെ തുറമുഖ പ്രാദേശിക ജനകീയ കൂട്ടായ്മയുടെ പന്തലും വൈകിട്ടോടെ പൊളിച്ചു നീക്കി. തുറമുഖ നിർമാണം നിർത്തില്ലെന്നു സമരസമിതി പ്രതിനിധികളോട് സർക്കാർ ചർച്ചയിൽ ആവർത്തിച്ചിരുന്നു. തുറമുഖ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ലെന്നു സമരസമിതിയും വ്യക്തമാക്കിയിരുന്നു.

മുല്ലൂരിൽ സുരക്ഷ തുടരും, കേസുകളിൽ വ്യക്തതയില്ല

വിഴിഞ്ഞം സമരം ഒത്തു തീർന്നതിനെ തുടർന്ന് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപന്തൽ പൊളിച്ചു നീക്കിയ ശേഷം.

വിഴിഞ്ഞം∙സമരം അവസാനിച്ചുവെങ്കിലും തുറമുഖ കവാടത്തിൽ പൊലീസ് സേനയുടെ സാന്നിധ്യം തുടരും ‌. നിലവിലെ അംഗസംഖ്യയിൽ കുറവു വരുത്തും. സേനയെ പൂർണമായി പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടുണ്ടാകും.  സ്റ്റേഷൻ ആക്രമണം നടന്ന പശ്ചാത്തലത്തിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനും പരിസരത്തും സുരക്ഷ തുടരാനാണ് തീരുമാനം. വിഴിഞ്ഞം സംഘർഷത്തിന്റെ പേരിൽ ‍റജിസ്റ്റർ ചെയ്ത കേസുകളുടെ കാര്യത്തിൽ ഇപ്പോഴും പൊലീസിനു വ്യക്തതയില്ല. നിയമനടപടികൾ അതു പോലെ തുടരട്ടെയെന്നാണു ആഭ്യന്തര വകുപ്പിന്റെ നിലപാട്.

എന്തുകൊണ്ട് സമരം നിർത്തി? വിശദീകരിക്കാൻ പ്രചാരണം

തിരുവനന്തപുരം∙വിഴി‍ഞ്ഞം വിഷയത്തിൽ സമരം എന്തു കൊണ്ട് സമരം താൽക്കാലികമായി നിർത്തി വച്ചു‍വെന്നു മത്സ്യത്തൊഴിലാളികളെയും ഇടവകക്കാരെയും അറിയിക്കാൻ തുറമുഖ നിർമാണ വിരുദ്ധ സമരസമിതി.  ഇതിനായി ശക്തമായ പ്രചാരണ പരിപാടികൾക്കു വരും ദിവസങ്ങളിൽ തുടക്കമിടും. നേരി‍ട്ടുംസമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരിക്കാനാണ് തീരുമാനം. ശനിയാഴ്ച രാവിലെ 10.30 ന് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ ഇതിനായി സമരസമിതി യോഗം വിളിച്ചു. സമരത്തിലുടനീളം പങ്കെടുത്തവരെയും യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ പേരിൽ ഉണ്ടാകുന്ന ആഘാതവും, മറ്റു പരിസ്ഥിതി പ്രശ്നങ്ങളും ജനങ്ങൾക്കു മുൻപാകെ എത്തിക്കാൻ സമരത്തിലൂടെ കഴിഞ്ഞതായി സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു.

തുറമുഖ നിർമാണം ഇന്നു പുനരാരംഭിക്കും

വിഴിഞ്ഞം∙നാലു മാസത്തെ ഇടവേളക്കു ശേഷം രാജ്യാന്തര തുറമുഖ നിർമാണം ഇന്നു പുനരാരംഭിക്കാനുള്ള തിരക്കിലാണ് അദാനി ഗ്രൂപ്പ്. ആദ്യ ഘട്ടത്തിൽ നിർമാണ യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണികൾ നടത്തി ജോലിക്കു സജ്ജമാക്കുന്ന ജോലിക്കാവും തുടക്കമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. പുലിമുട്ടു നിർമാണത്തിനാണ് മുൻഗണന. ക്വാറികളിൽ നിന്നു കരിങ്കല്ലു ലോഡുകൾ എത്തിക്കുന്നതിനും ഇന്നു തുടക്കമാവും. കരയ്ക്കൊപ്പം മുതലപ്പൊഴിയിൽ നിന്നു കടൽ മാർഗവും കല്ലെത്തിക്കുമെന്നാണ് അറിയുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷത്തിനു പിന്നാലെ അടുത്ത ദിവസം മുതലാണ് തുറമുഖ വിരുദ്ധ സമരത്തെ തുടർന്ന് നിർമാണ ജോലികൾ തടസ്സപ്പെട്ടത്.

സമരത്തിന്റെ  ഭാഗമായി ഉള്ളിൽ അകപ്പെട്ട ഒട്ടേറെ  വാഹനങ്ങൾ ഇന്നു മുതൽ പുറത്തേക്കു കടക്കും. 3.1 കിലോ മീറ്റർ ദൈർഘ്യം വരുന്ന പുലിമുട്ട് ഇതു വരെ പുറമേ കാണുന്ന വിധം 1350 മീറ്റർ വരെയാണ് പൂർത്തിയായിട്ടുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആഴത്തിൽ 2000 ലേറെ മീറ്റർ പൂർത്തിയായിട്ടുണ്ട്. 1000 മീറ്റർ കൂടി പൂർത്തിയാക്കുന്നതാണ് ആദ്യ ലക്ഷ്യം.കരിങ്കല്ലു നിക്ഷേപ അളവ് പ്രതിദിനം വർധിപ്പിച്ചു ദൗത്യം വേഗത്തിലാക്കാനാണ് തീരുമാനം. പുലിമുട്ടിന്റെ ഉപരി ഭാഗം നിലവിലുള്ളതിനേക്കാൾ 3 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് നിർമിത പാതയാക്കും.പരിക്ഷണമെന്ന നിലക്ക് കുറച്ചു ദൂരം കോൺക്രീറ്റ് നിർമിതി നടത്തിയിട്ടുണ്ട്. പുലിമുട്ടു നിശ്ചിത ദൂരം പിന്നിട്ടാൽ ബെർത്തിന്റെ ശേഷിച്ച ജോലികൾ തുടങ്ങും. ടെർമിനലിലെ അനുബന്ധ ജോലികളും സമാന്തരമായി നടക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com