ADVERTISEMENT

വർക്കല∙ തീർഥാടനത്തിന്റെ മൂന്നാം ദിവസമായ ഇന്നു രാവിലെ 10 മണിക്ക് ശിവഗിരി തീർഥാടന നവതി സമാപന സമ്മേളനം മന്ത്രി പി.രാജീവന്റെ അധ്യക്ഷതയിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ശശീന്ദ്രൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ എന്നിവർ പ്രസംഗിക്കും. 12 മണിക്ക് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

pinarayi-vijayan
തിരുവനന്തപുരത്ത് ശിവഗിരിയിൽ തീർഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീനാരായണ ഗുരു സമാധി സന്ദർശിച്ചു മടങ്ങുന്നു. മന്ത്രി വി.എൻ.വാസവൻ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സദ്‌രൂപാനന്ദ, സ്വാമി സച്ചിദാനന്ദ തുടങ്ങിയവർ സമീപം.

എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ ഉദ്ഘാടനം നിർവഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും. 2.30ന് സാഹിത്യസമ്മേളനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്റെ അധ്യക്ഷതയിൽ സാഹിത്യകാരൻ ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. തീർഥാടന സമാപനം സമ്മേളനം വൈകിട്ട് 5ന് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

shivagiri-procession
ശിവഗിരി തീർഥാടന ഘോഷയാത്ര ഇന്നലെ പുലർച്ചെ പുറപ്പെടുന്നു. അലങ്കരിച്ച ഗുരുദേവ റിക്ഷയെ അനുഗമിക്കുന്ന സ്വാമി സത്യാനന്ദ തീർഥ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി വിരേശ്വരാനന്ദ തുടങ്ങിയവർ

തീർഥാടന ഘോഷയാത്ര ഭക്തിസാന്ദ്രം  

വർക്കല∙ തീർഥാടനത്തിന്റെ രണ്ടാം ദിവസമായ ശിവഗിരിയിൽ ഇന്നലെ പീതാംബരധാരികളുടെ ഘോഷയാത്ര ഭക്തിപൂർവം നടന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ ശിവഗിരി മഹാസമാധിയിൽ നിന്നു സമൂഹ പ്രാർഥനയ്ക്കും വിശേഷാൽ പൂജയ്ക്കു ശേഷം ‘ഓം നമോ നാരായണായ’ മന്ത്രജപങ്ങളോടെ അലങ്കരിച്ച ഗുരുദേവ റിക്ഷ നഗരപ്രദക്ഷിണത്തിനായി പുറപ്പെട്ടു. ഘോഷയാത്രയുടെ മുന്നിലായി ധർമപതാകയും തീർഥാടന ബാനറിന്റെയും പിറകിൽ ശിവഗിരി എസ്എൻ മെഡിക്കൽ മിഷൻ ആശുപത്രിയിലെ വിദ്യാർഥിനികളുടെ താലപ്പൊലി സംഘം നീങ്ങി. 

ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ബോർഡ് അംഗങ്ങളായ സ്വാമി ഋതംഭരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർക്കു പുറമേ സ്വാമി ശങ്കരാനന്ദ, സ്വാമി സത്യാനന്ദ തീർഥ, സ്വാമി ശിവനാരായണ തീർഥ, സ്വാമി വിരേശ്വരാനന്ദ, സ്വാമി ധർമവ്രതർ എന്നിവരും ബ്രഹ്മവിദ്യാർഥികളും അലങ്കരിച്ച ഗുരുദേവ റിക്ഷയെ അനുഗമിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിനു പീതാംബരധാരികളായ ഗുരുഭക്തരും ഘോഷയാത്രയിൽ അണിനിരന്നു. തുടർന്നു ആയുർവേദ ആശുപത്രി ജംക്ഷനിൽ നിന്നു മൈതാനം ഭാഗത്തേക്കും തുടർന്നു റെയിൽവേ സ്റ്റേഷൻ പരിസരം ചുറ്റി എട്ടര മണിയോടെ നഗരപ്രദക്ഷിണം പൂർത്തിയാക്കി മഹാസമാധിയിൽ തിരികെയെത്തി. തുടർന്നു സ്വാമി സച്ചിദാനന്ദ തീർഥാടന സന്ദേശം നൽകി.

ഗുരുദേവന്റെ കൃതികൾ ചേർത്തുവച്ചു പഠിക്കണം: സ്വാമി സച്ചിദാനന്ദ

വർക്കല∙ ഗുരുദേവൻ രചിച്ച എഴുപതോളം വരുന്ന കൃതികളും എഴുപത്തിമൂന്നു വർഷത്തെ ദീപ്തമായ ജീവിതവും ചേർത്തു പഠിക്കാൻ ശിവഗിരി തീർഥാടനത്തിന് എത്തുന്ന ഓരോ വ്യക്തിയും ശ്രമിക്കണമെന്നു ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തീർഥാടന സന്ദേശത്തിൽ പറഞ്ഞു. 90–ാം ശിവഗിരി തീർഥാടനം നന്മയ്ക്കായുള്ള ആത്മപ്രതി‍ജ്ഞയായി മാറട്ടെയെന്നു സച്ചിദാനന്ദ സന്ദേശത്തിൽ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com