വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനം: പോത്തൻകോടും നെടുമങ്ങാട്ടും സംഘർഷം, അറസ്റ്റ്

HIGHLIGHTS
  • അനുമതിയില്ലാതെ പ്രദർശനം നടത്തിയതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനും പരസ്പരം മർദിച്ചതിനും ഉൾപ്പെടെ നാലു കേസുകൾ
bbc-protest-march
ബിബിസിയുടെ വിവാദ വിഡിയോ പ്രദർശിപ്പിച്ച വേദിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകിയ യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസാദ് മോഹനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നു
SHARE

പോത്തൻകോട് ∙ വിവാദമായ ‘ഇന്ത്യൻ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് പോത്തൻകോട്ട് യൂത്ത് കോൺഗ്രസ് - ബിജെപി സംഘർഷം. വ്യാഴാഴ്ച രാത്രി 7 മണിയോടെ യൂത്ത് കോൺഗ്രസുകാരുടെ നേതൃത്വത്തിൽ നടന്ന ഡോക്യുമെന്ററി പ്രദർശനത്തിനിടയിലാണ് സംഘർഷമുണ്ടായത്.

സിബിഎഫ്സി സർട്ടിഫിക്കേഷൻ ഇല്ലാത്തതിനാൽ പൊതു സ്ഥലത്ത് ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നൽകരുതെന്നു കാട്ടി ബിജെപി പോത്തൻകോട് മണ്ഡലം പ്രസിഡന്റ് പണിമൂല ദിലീപ് ഭവനിൽ ദിലീപ്കുമാർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രദർശനം നടക്കുമെന്നറിഞ്ഞതോടെ ബിജെപി പ്രവർത്തകർ ജംക്‌ഷനിൽ പ്രതിഷേധ പ്രകടനവുമായെത്തി.

അവിടെയുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി നേരിയ വാക്കേറ്റവും ഉണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നു.പ്രദർശനം നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി ദിലീപ് കുമാർ ‘പ്രതിഷേധം’ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് സ്ക്രീൻ വലിച്ചു കീറുകയായിരുന്നു.

തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദിലീപ് കുമാറിനെ വളഞ്ഞിട്ടു തല്ലി. പൊലീസ് ഇടപെട്ടാണ് ദിലീപ് കുമാറിനെ പിടിച്ചു മാറ്റി. ദിലീപ് കുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദർശനത്തിനു ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് ബിജുവിനെ ബിജെപി പ്രവർത്തകർ ശാന്തിപുരത്തു വച്ച് വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചെന്നും പരാതിയുണ്ട്.

അനുമതിയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനും പുറമേ, ദിലീപ്കുമാറിനെ മർദിച്ചതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ബിജുവിനെ മർദിച്ചതിന് ബിജെപി പ്രവർത്തകർക്കെതിരെയും കേസെടുത്തെന്നു പോത്തൻകോട് എസ്എച്ച്ഒ ഡി.മിഥുൻ അറിയിച്ചു.

നെടുമങ്ങാട്∙  ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നെടുമങ്ങാട്ട് ഡോക്യുമെന്ററി പ്രദർശനം നടത്തിയ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ബിജെപി, യുവമോർച്ച, മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന്റെ പ്രതിരോധ വലയം ഭേദിച്ച് പ്രദർശന വേദിയിലേക്കു കടന്ന ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ഹരി പ്രസാദ്, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ശ്രീകല, യുവമോർച്ച സംസ്ഥാന സമിതി അംഗം വീണ,

യുവമോർച്ച നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രസാദ് മോഹൻ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രസാദ് കോട്ടപ്പുറം, കൗൺസിലർമാരായ ശാലിനി, സംഗീത, വിനോദിനി, യുവമോർച്ച ഏരിയ പ്രസിഡന്റ് ശാലു എന്നിവർ ഉൾപ്പെടെ പതിനഞ്ചോളം പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റിലായവരെ പിന്നീട് വിട്ടയച്ചു.

രാജ്യത്ത് പൊതുഭാഷ വേണ്ടേ? ബിബിസിക്ക് എതിരെ ഗവർണർ

തിരുവനന്തപുരം ∙ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒട്ടേറെപ്പേ‍രുണ്ടെന്നും അവരെക്കുറിച്ച് ബിബിസി ഡോക്യു‍മെന്ററി നിർമിക്കാത്തത് എന്തു കൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ദക്ഷിണ - പശ്ചിമ മേഖലാ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനവും(ജിഡിപി) 70 % കൈയാ‍ളുന്നത് ഇന്ത്യ നേതൃത്വം നൽകുന്ന ജി 20 രാജ്യങ്ങളാണ്. ഇന്ത്യ ജി 20 അധ്യക്ഷസ്ഥാനം ഏറ്റെടുത്ത‍തിന് പിന്നാലെയാണ് ബിബിസിയുടെ ഡോക്യുമെന്ററി പുറത്തു വന്നതെന്നും ഗവർണർ പറഞ്ഞു.   എല്ലാ ഭാഷകളും ഇഷ്ടമാണ്. എന്നാൽ, രാജ്യത്തെവിടെപ്പോയാലും സംസാരിക്കാൻ ഒരു പൊതു‍ഭാഷ വേണ്ടേ എന്ന് ഗവർണർ ചോദിച്ചു. 

 പ്രാദേശിക ഭാഷക‍ളോട് ഹിന്ദിക്ക് എതിർപ്പോ മത്സരമോ ഇല്ലെന്നും ഹിന്ദി പ്രാദേശിക ഭാഷകളുടെ സഹോദരി‍യാണെന്നും ചടങ്ങിൽ അധ്യക്ഷനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര പറഞ്ഞു.  രാഷ്ട്രീയ കാരണങ്ങളാലാണ് ചിലർ ഹിന്ദി‍യെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഭരണഭാഷ വകുപ്പ് സെക്രട്ടറി അൻ‍ശുലി ആര്യ, പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ജി. സുധർ‍മ്മീണി, ഔദ്യോഗിക ഭാഷാ ജോയിന്റ് സെക്രട്ടറി ഡോ.മീനാക്ഷി ജോളി തുടങ്ങിയവർ പ്രസംഗിച്ചു.  ഭരണ ഭാഷയെന്ന നിലയിൽ ഹിന്ദി ഫലപ്രദമായി ഉപയോഗിച്ച കേന്ദ്ര സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ സമ്മാനിച്ചു.

ഡോക്യുമെന്ററി പ്രദർശിപ്പിച്ച് കെപിസിസി 

തിരുവനന്തപുരം∙ ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ശംഖുമുഖം കടപ്പുറത്ത് പൊതുജനങ്ങൾക്കായി കെപിസിസി പ്രദർശിപ്പിച്ചു. യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കെപിസിസി ഭാരവാഹികളായ വി.ടി.ബൽറാം, ജി.എസ്.ബാബു, മുൻ മന്ത്രി വി.എസ്.ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.

ഡോക്യുമെന്ററിയോട് അസഹിഷ്ണുത പ്രകടിപ്പിച്ച് പ്രദർശനത്തിന് അപ്രതീക്ഷിത വിലക്ക് ഏർപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറ്റബോധം കാരണമാണെന്ന് എം.എം.ഹസൻ പറഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ പാപക്കറ കാലമെത്ര കഴിഞ്ഞാലും മോദിയെയും അമിത് ഷായെയും വിട്ടുപോകില്ല.

സുപ്രീം കോടതി വിധിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനും സത്യത്തെ കുഴിച്ചുമൂടാൻ കഴിയില്ല. രാജ്യത്തുടനീളം ഡോക്യുമെന്ററി പ്രദർശിപ്പിച്ച് ജനകീയ കോടതിയിൽ വിചാരണ ചെയ്യാനുള്ള ദൗത്യം കോൺഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കൾക്കും ജീവനക്കാർക്കുമായി കെപിസിസി ആസ്ഥാനത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശനം തുടരുമെന്ന് വി.ടി. ബൽറാം അറിയിച്ചു.

ഗുജറാത്ത് വംശഹത്യ: മോദിയുടെ പങ്ക് ജനത്തിനു ബോധ്യമായെന്ന് ചെന്നിത്തല

ഗുജറാത്ത് വംശഹത്യയുടെ സത്യാവസ്ഥ ആരു പുറത്തു കൊണ്ടുവന്നാലും അവരെ പിന്തുണയ്ക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് വംശഹത്യയിലെ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പങ്ക് സംശയാതീതമായി ജനത്തിനു ബോധ്യമായി.

സത്യം എത്ര മൂടിവച്ചാലും അതു പുറത്തു വരും. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയോടും യോജിക്കാനാവില്ല. മുൻ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ദേശീയ പതാക ഉയർത്തി.

ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കും: സുധാകരൻ

നരേന്ദ്രമോദിയും ബിജെപി ഭരണകൂടവും വിലക്കിയ, ഗുജറാത്ത് വംശഹത്യയുടെ നേർ ചിത്രം വരച്ചു കാട്ടുന്ന ബിബിസി ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രദർശിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നിയമസംവിധാനത്തെ നിഷ്‌ക്രിയമാക്കി ന്യൂനപക്ഷ ഉന്മൂലനത്തിന് ഇറങ്ങിപ്പുറപ്പെട്ട മോദിയുടെ ഭൂതകാല ചരിത്രം ബിബിസി വിവരിക്കുമ്പോൾ എന്തിനാണ് അസഹിഷ്ണുതയെന്നു സുധാകരൻ ചോദിച്ചു.

ബിജെപിയെ മാത്രമായി വിമർശിക്കാനുള്ള ഭയം മൂലം കോൺഗ്രസിനെ കൂടി വിമർശിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. ബിജെപിയുടെ ഔദാര്യം കൊണ്ട് രാഷ്ട്രീയം തുടരുന്ന പാർട്ടിയും നേതാവും സ്വയം പരിശോധിച്ച ശേഷം തനിക്കെതിരെ വിമർശനം ഉന്നയിച്ചാൽ മതി.

ലാവ്‌ലിൻ കേസ് അനന്തമായി നീളുന്നതും മുഖ്യമന്ത്രി തന്നെ പ്രതിസ്ഥാനത്ത് വരേണ്ട സ്വർണക്കടത്ത് കേസ് ആവിയായതും എങ്ങനെയെന്ന് ജനങ്ങൾക്ക് അറിയാം. മൃദുഹിന്ദുത്വം എന്നു കൂടെക്കൂടെ വിളിച്ചുപറഞ്ഞു ബിജെപിയിലേക്ക് അണികളെ റിക്രൂട്ട് ചെയ്യുന്ന പണി സിപിഎമ്മും എം.വി.ഗോവിന്ദനും ഇനിയെങ്കിലും നിർത്തണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS