ADVERTISEMENT

പോത്തൻകോട് ∙ കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച സംഭവത്തിൽ പ്രതികളായ അണ്ടൂർക്കോണം പാച്ചിറ ചായ്പ്പുറത്തുവീട് ഷഫീഖ് മൻസിലിൽ ആർ . ഷഫീഖ് ( 24 ) , മദപുരം ബിഎസ്എസ് ബിൽഡിങ്ങിൽ അപ്പൂസ് എന്ന അബിൻ ( 23 ), കന്യാകുമാരി രാമവർമൻചിറ ഇരപ്പുകാലപുത്തൻവീട്ടിൽ അശ്വിൻ ( 25 ) എന്നിവരെ പൊലീസ് രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.

ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു. പുത്തൻതോപ്പ് അണക്കപ്പിള്ളപാലത്തിനു സമീപം ലൗലന്റിൽ നിഖിൽ നോർബെർട്ടിനെ കഴിഞ്ഞ 11 -ാം തീയതി ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി ഒരുരാത്രിയും പകലും വിവിധ സ്ഥലങ്ങളിലെത്തിച്ച് മർദ്ദിക്കുകയും അന്വേഷിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ രണ്ടുവട്ടം നാടൻബോംബും മഴുവും എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.

നിഖിലിനെ ഏറ്റവും ഒടുവിൽ എത്തിച്ച കഴക്കുട്ടം കരിയിലിലെ വിജനമായ പുരയിടത്തിലും  ഷെഫീഖിന്റെ വീട്ടിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. തന്റെ ഉമ്മയ്ക്കെതിരെ കള്ളക്കേസ് എടുത്തെന്നാരോപിച്ചായിരുന്നു പൊലീസിനു നേരെ രണ്ടാം വട്ടം നാടൻബോംബെറിഞ്ഞതെന്ന് തെളിവെടുപ്പിനിടെ ഷഫീഖ് പറഞ്ഞു. ലഹരി വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായി പറയുന്നത്. 

  അക്രമ സംഭവത്തിനു ശേഷം ഷഫീഖിന്റെ വീട്ടിൽ നിന്നും 33 ഗ്രാം എംഡിഎംഎയും രണ്ടുനാടൻ പടക്കും ഒരു മഴുവും പരിശോധനയിൽ കണ്ടെടുത്തിരുന്നു. ഷഫീഖിന്റെ അനുജൻ ഷമീർ (22 ), മാതാവ് ഷീജ (44 ),  കഴക്കുട്ടം മേനംകുളം തുമ്പവിളാകം വീട്ടിൽ റാംബോ എന്ന രഞ്ജിത്ത് ( 28 ) എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമാണ് ഷീജയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്റ്റേഷനിൽ വച്ച് ഷമീ‍ർ നാക്കിനടിയിൽ ഒളിപ്പിച്ച ബ്ലേഡ്കൊണ്ട് കഴുത്തു മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു.  . പ്രതിപ്പട്ടികയിലുള്ള ഹരി, രാഹുൽ  പാളയം ചിറക്കുളം കോളനിയിലെ കണ്ടാലറിയാവുന്ന മൂന്നു പേരെയുമാണ് ഇനി പിടികൂടാനുള്ളത്.

തമിഴ് നാട്ടിലേക്ക് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ഷഫീഖും കൂട്ടാളികളും വെള്ളനാട് നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തുന്നത്. അവിടെ വച്ചാണ് മുഖ്യമന്ത്രിയുടെ സ്പെഷൽ പിഎസിന്റെ സഹോദരൻ എ. ശ്രീകുമാരൻനായരെ പ്രതികൾ മർദ്ദിച്ചു കിണറ്റിൽ തള്ളിയിട്ടത്. തുടർന്ന് ഷഫീഖിനെ നാട്ടുകാർ തന്നെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. അവിടെ വച്ച് അബിനും പിടിയിലായി. 

റാംബോരഞ്ജിത്തിനെ ആര്യങ്കോട് പൊലീസാണ് അറസ്റ്റു ചെയ്തത്.  ഈ സംഭവം വിവാദമായതോടെ ഗുണ്ടാ മണ്ണ് , ഭൂമാഫിയ ബന്ധം ആരോപിച്ച് എസ്എച്ച്ഒ ഉൾപ്പെടെ ആറുപേരെ സസ്പെന്റു ചെയ്യുകയും മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പുതിയ എസ്എച്ച്ഒ സിജു കെ.എൽ നായർ വരുന്ന തിങ്കളാഴ്ച ചുമതലയേൽക്കുമെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com