ADVERTISEMENT

തിരുവനന്തപുരം ∙ ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള അതിക്രമം  ചെറുക്കാനുള്ള നിയമം കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്യാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ഐഎംഎ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സംഘടനകളും ഹൈക്കോടതിയിൽ നൽകിയ ഹർജിയാണു നിയമഭേദഗതിക്കു കാരണമായത്.

ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ ആക്രണം നടത്തിയതിനു 2021 ജൂണിനു ശേഷം 138 കേസ് എടുത്തുവെന്നതു ഞെട്ടിപ്പിക്കുന്ന കണക്കാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ആശുപത്രികൾക്കോ ആരോഗ്യ പ്രവർത്തകർക്കു നേരെയോ ആക്രമണം ഉണ്ടായാൽ ഒരു മണിക്കൂറിനകം കേസ് എടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

നിയമത്തിലെ നിലവിലുള്ള വ്യവസ്ഥകൾ ശക്തമല്ലെന്ന ഹർജിക്കാരുടെ വാദം മുഖവിലയ്ക്കെടുത്ത കോടതി, രണ്ടാഴ്ചയ്ക്കകം അഭിപ്രായങ്ങൾ സർക്കാരിനു നൽകാനും നിർദേശിച്ചു. തുടർന്നാണു നിയമഭേദഗതിക്കു വേഗമേറിയത്. 2012ലെ നിയമമാണു പരിഷ്കരിക്കുന്നത്. അതനുസരിച്ച് പ്രതികൾക്കു 3 വർഷം വരെ തടവും 50000 രൂപവരെ പിഴയുമാണു ശിക്ഷ.

ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾ എന്നിവർക്കാണു നിയമത്തിന്റെ സംരക്ഷണം.  എന്നാൽ ഈ നിയമത്തിലെ നിർണായക ചട്ടങ്ങൾ ഭേദഗതി ചെയ്യില്ല. ആശുപത്രിയിൽ നിന്നു രോഗിയെ ഡിസ്ചാർജ് ചെയ്യുമ്പോഴോ മറ്റൊരു ആശുപത്രിയിലേക്കു മാറ്റുമ്പോഴോ എക്സ്റേ, സ്കാനിങ് എന്നിവയുടെ ഫിലിമുകൾ– റിപ്പോർട്ടുകൾ, രോഗനിർണയ റിപ്പോർട്ടുകൾ എന്നിവ രോഗിയോ ബന്ധുക്കളോ ആവശ്യപ്പെട്ടാൽ ഉടൻ ലഭ്യമാക്കണം.

ഈ റിപ്പോർട്ട് ആറു മാസത്തിനുള്ളിൽ ഏതു സമയം രോഗിയോ ബന്ധുക്കളോ ചോദിച്ചാലും നൽകാൻ ആശുപത്രി മാനേജ്മെന്റിനു ബാധ്യതയുണ്ടെന്നു ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

സംഘടനകൾ നിർദേശിച്ചത്...

∙ ആശുപത്രികളിലെ ജോലി ചെയ്യുന്ന സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ എല്ലാവർക്കും നിയമത്തിന്റെ പരിരക്ഷ വേണം.

∙ 6 മാസത്തിൽ കുറയാത്തതും 5 വർഷം വരെ നീളുന്നതുമായ തടവു ശിക്ഷയും 2 ലക്ഷം രൂപ പിഴയും.

∙ ആശുപത്രി ജീവനക്കാരനു ഗുരുതരമായ പരുക്കേറ്റാൽ ശിക്ഷ 10 വർഷംവരെ.

∙ ആശുപത്രിയുടെ 500 മീറ്റർ ചുറ്റളവ് സംരക്ഷണ മേഖലയായി കണക്കാക്കണം.

∙ ആശുപത്രിക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലുടെ നടത്തുന്ന ആക്രമണങ്ങളും കുറ്റകൃത്യമാക്കണം. 

∙ അന്വേഷണം 30 ദിവസത്തിനകം പൂർത്തിയാക്കണം.

∙ ഒരു വർഷത്തിനകം കേസ് തീർപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com