പോത്തൻകോട് ∙ ‘ പ്രതീക്ഷ ’ എന്ന നെൽവിത്തിനം വിതച്ച് നൂറുമേനി കൊയ്യാനാകും എന്ന ആത്മ വിശ്വാസത്തിലാണ് പുന്നൈക്കുന്നം പാടശേഖര സമിതി പ്രവർത്തകർ .
മംഗലപുരം ഗ്രാമപഞ്ചായത്തിൽ തോന്നയ്ക്കൽ കുടവൂരിനു സമീപം 25 ഏക്കറോളം വരുന്ന പുന്നൈക്കുന്നം പാടശേഖരത്തിൽ 10 ഏക്കറിലാണ് നെൽക്കൃഷി. നാലു മാസം കൊണ്ട് കൊയ്യാൻ പാകമാകും. താൽപര്യം ഒന്നുകൊണ്ടു മാത്രമാണ് ഇടവിളകൃഷി നടത്തേണ്ട കാലത്തും ഇവർ നെൽക്കൃഷിക്കിറങ്ങുന്നത്. പുന്നൈക്കുന്നം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് പാടമൊരുക്കിയത്. വെള്ളം കൂടുതൽ വേണ്ടിവന്നാൽ സമീപത്തുള്ള തോട്ടിൽ അണകെട്ടി സൗകര്യമൊരുക്കും.
യഥാസമയം കൊയ്ത്ത് യന്ത്രം കിട്ടാത്തത് കഴിഞ്ഞ കൃഷി നഷ്ടത്തിലാക്കിയിരുന്നു. എട്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും നെൽകൃഷക്കായി പാടമൊരുങ്ങുന്നത്.
മണ്ണിനെയും അതുവഴി കൃഷിയെയും സ്നേഹിക്കുന്ന ഗ്രാമവാസികൾ തലമുറകളിലൂടെ അത് നിലനിർത്താനുള്ള ശ്രമത്തിലുമാണ് . മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം പാടത്തു വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ വനജകുമാരി, തോന്നയ്ക്കൽ രവി, കൃഷി ഓഫീസർ അലക്സ്, പാടശേഖര സമിതി പ്രസിഡന്റ് ജി. സുകേശൻ നായർ, സെക്രട്ടറി എം.എസ് വിനയ് , പരമ്പരാഗത കൃഷിക്കാരായ മുരളീധരൻ നായർ, ദിനേശ് കുമാർ, ആർ. വേണുനാഥ്, വി. വേണുനാഥൻ നായർ, രാജൻ നായർ, ജഗന്നാഥൻ നായർ, ഷമ്മി കുമാർ, ഹരീശൻ നായർ, വിജയകുമാരൻ നായർ, മുഹമ്മദ്, എ. മണികണ്ഠൻ, പുന്നൈക്കുന്നം തൊഴിലുറപ്പ് മാറ്റ്മാരായ അനിത, റീബ, ശോഭന, പ്രീയ എന്നിവർ പങ്കെടുത്തു.