വർക്കല∙ മംഗല ആശുപത്രിയിൽ നിന്നു മുണ്ടയിൽ കാവിനു മുൻപ് വലതുവശത്തായി വാച്ചർമുക്കിലേക്കും, പഴവിള വഴി പുന്നമൂട് ഐടിഐ റോഡിനെ യോജിപ്പിക്കുന്ന 300 മീറ്റർ നീളമുള്ള മുണ്ടയിൽ –മേൽക്കോണം റോഡ് പൊട്ടിപ്പൊളിഞ്ഞ മെറ്റലുകൾ ഇളകി കുഴിയായി സഞ്ചാരയോഗ്യമല്ലാതായി വർഷങ്ങൾ പിന്നിടുന്നു.
അവസാനം അറ്റകുറ്റപ്പണികൾ നടന്നിട്ട് 12 വർഷത്തോളമായെന്നു പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.സമീപ പ്രദേശങ്ങളിലെ റോഡുകളെല്ലാം ടാർ ചെയ്തപ്പോഴും മുണ്ടയിൽ മേൽക്കോണം റോഡ് അവഗണിക്കപ്പെട്ടു. കാരണം ഇടതുവശം 30–ാംവാർഡും വലത്ത് 26–ാം വാർഡുമാണ്.
രണ്ടു വ്യത്യസ്ത പാർട്ടികളിലെ കൗൺസിലർമാർക്കാണ് ഈ പ്രദേശത്തിന്റെ ചുമതല. നാട്ടുകാർ ആവശ്യം ഉന്നയിക്കുമ്പോൾ ഇപ്പോൾ ‘ശരിയാക്കിത്തരാം’ എന്ന പ്രതികരണം മാത്രമാണുള്ളത്. നഗരസഭയിലെ ഏറ്റവും മോശപ്പെട്ട റോഡ് മുണ്ടയിൽ മേൽക്കോണമാണെന്നു വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സി.പ്രസന്നകുമാർ അഭിപ്രായപ്പെട്ടു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്നു േവണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.