ADVERTISEMENT

തിരുവനന്തപുരം∙ ബൈക്ക് റേസിങിനിറങ്ങുന്നവരെ പിടിക്കാൻ മോട്ടർ വാഹനവകുപ്പ് നഗരത്തിൽ ചില ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ പിൻമാറി.  കവടിയാർ റോഡിൽ മന്ത്രിമാരുൾപ്പെടെ പരാതി പറഞ്ഞപ്പോഴാണ് രാത്രികാല റേസിങുകാരെ ലക്ഷ്യമിട്ട് മോട്ടർ വാഹനവകുപ്പ് രംഗത്തിറങ്ങിയിരുന്നത്. ചിലരെയൊക്കെ പിടികൂടി. അപകടങ്ങൾ പതിവായതോടെ കവടിയാറിൽ  നിന്ന് റേസിങ്ങുകാർ പട്ടം കുറവൻകോണം റോഡിലേക്ക് മാറി.  ഇതോടെ മോട്ടോർ വാഹന വകുപ്പും നടപടികളുടെ വേഗം കുറച്ചു. 

Also read: നാട് വിറച്ചു, ഭൂചലനമെന്ന് കരുതി; കുളിക്കാൻ പോയത് രക്ഷയായി, തീ തൊടാതെ 3 ജീവനുകൾ

തിരക്കേറിയ റോഡിൽ  അമിത വേഗത്തിൽ പായുന്നവരെ പൊലീസും പിടിക്കാറില്ല.  പിടികൂടിയാലും ഇവർക്കു വേണ്ടി   ഉടനെ ഉന്നതങ്ങളിൽ  നിന്നു വിളി വരുമെന്നാണ് പൊലീസിലെ സംസാരം.  വാഹനങ്ങൾക്കിടയിലൂടെ   അമിത വേഗത്തിലൽ വാഹഹനം ഓടിക്കുന്നവർ അപകടപ്പെടുത്തുന്നത്  മര്യാദയ്ക്കു വാഹനമോടിക്കുന്നവരെക്കൂടിയാണ്.  റേസിങിന്റെ വേഗത്തിൽ പാഞ്ഞുവരുന്ന ബൈക്കുകാരെ കൈകാണിക്കരുതെന്നാണ് പൊലീസിന് നൽകിയിട്ടുള്ള നിർദേശം. പൊലീസ് കൈകാണിക്കുമ്പോൾ വെപ്രാളത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് പോയി അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് ഈ നിർദ്ദേയം നൽകിയത്. അമിത വേഗത്തിൽപോകുന്നവരുടെ നമ്പർ ശേഖരിക്കുകയാണ് ഇപ്പോൾ ട്രാഫിക് പൊലീസ്.

മരണത്തിലേക്കൊരു ബൈപാസ്

കോവളം∙ കഴക്കൂട്ടം– കോവളം ബൈപാസിന്റെ തിരുവല്ലം, കോവളം, വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കഴിഞ്ഞ വർഷം ഉണ്ടായ അപകടങ്ങളിൽ പൊലിഞ്ഞ ജീവനുകൾ 7.ഈ വർഷം ഇതുവരെ 3 . ചെറുതും വലുതുമായ അപകടങ്ങൾ നിത്യ സംഭവം. ഏറെയും രാത്രിയിൽ. തിരുവല്ലം പാലം, ജംക്‌ഷനു സമീപം, പാച്ചല്ലൂർ ചുടുകാട് ജംക്‌ഷൻ, വാഴമുട്ടം, വെള്ളാർ എന്നിവിടങ്ങളാണ് പ്രധാന അപകട മേഖലകൾ.

തലതിരിഞ്ഞ ഗതാഗതം

ബൈപാസിന്റെ തിരുവല്ലം പാലത്തിനു ഇരു ഭാഗങ്ങളിലെയും ഗതാഗത സംവിധാനം അപകടം ക്ഷണിച്ചു വരുത്തുന്നു. നഗരത്തിലേക്ക് വരാൻ പാലം കടന്നു പഴയ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടക്കെണി. ഇവിടെ ക്രോസിങ് ഉണ്ടെന്നറിയാതെ ബൈപാസിലൂടെ പാഞ്ഞെത്തുന്ന വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നത്. തിരക്കേറിയ സമയത്ത് പൊലീസ് സാന്നിധ്യമുണ്ടാകാറുണ്ടെങ്കിലും രാവിലെയും അസമയങ്ങളിലും നിയന്ത്രിക്കാൻ ആരുമുണ്ടാകാറില്ല.

വെളിച്ചം ഇല്ല

തിരുവല്ലം മുതൽ കോവളം–മുക്കോല വരെയും രാതി ഇരുട്ടാണ്. ടോൾ പ്ലാസ ഒഴിച്ചാൽ കോവളം ഭാഗത്തേക്കുള്ള റോഡിലെ ഇരുട്ടാണ് അപകട സാധ്യത കൂട്ടുന്നത്. രാത്രി റോഡു മുറിച്ചു കടക്കുന്നവരാണ് അപകടത്തിൽ മരിച്ചവർ കൂടുതലും.

പടമെടുപ്പ് തുടങ്ങിയില്ല 

അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറ 10 എണ്ണമാണ് കോവളം പൊലീസ് പരിധിയിൽ ബൈപാസിലുൾപ്പെടെ വിവിധ ഇടങ്ങളിൽ ടൂറിസം വകുപ്പ് സ്ഥാപിച്ചത്.  സ്ഥാപിച്ചു രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച സാങ്കേതിക നടപടികൾ പൂർത്തിയായിട്ടില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അമിത വേഗക്കാരെ ക്യാമറ വഴി കണ്ടെത്തി പിഴയിട്ടാൽ അപകട സാധ്യത നിയന്ത്രിക്കാമെന്നു നാട്ടുകാർ പറയുന്നു. ബൈപാസിന്റെ തിരുവല്ലത്തിനും വാഴമുട്ടത്തിനും മധ്യേയാണ് മിക്കപ്പോഴും ബൈക്ക് റേസിങ് സംഘങ്ങളുടെ പാച്ചിൽ.

ബൈക്ക് റേസിങ് നിയന്ത്രിക്കാറുണ്ടോ?: പൊലീസിനോട് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം∙ റേസിംഗ്  ബൈക്കുകൾ തിരക്കേറിയ റോഡുകളിൽ അമിത വേഗത്തിൽ  സഞ്ചരിക്കുന്നത് നിയന്ത്രിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളെ‍ക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട്  സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സിറ്റി പൊലീസ് കമ്മിഷണറോടും ഗതാഗത കമ്മിഷണറോടും ആവശ്യപ്പെട്ടു.  ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശിച്ചത്.

കോവളം വാഴമുട്ടത്ത് കഴിഞ്ഞ ദിവസം ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ച  മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.  റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് പനത്തുറ തുരുത്തി കോളനിയിൽ സന്ധ്യ തൽക്ഷണം മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പട്ടം സ്വദേശി  അരവിന്ദും ( 24 )അന്നു വൈകിട്ടോടെ മരിച്ചു. 12 ലക്ഷം രൂപ  വിലമതിക്കുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടതെന്ന് മാധ്യമറിപ്പോർട്ടിൽ  പറയുന്നു.  കോവളത്ത് ഫോട്ടോ ഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു അരവിന്ദ്. കേസ് അടുത്ത മാസം 28 ന് പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com