ADVERTISEMENT

പാറശാല∙ചട്ടം ലംഘിച്ച് കെട്ടിട നിർമാണത്തിനു അനുമതി നൽകിയെന്ന പരാതികളിൽ പാറശാല പഞ്ചായത്ത് ഒ‍ാഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെ 11.00 മണിയോടെ ആരംഭിച്ച പരിശോധനകൾ വൈകിട്ട് 4.30 വരെ നീണ്ടു.

ദേശീയപാതയിൽ പാറശാല ഗാന്ധി പാർക്കിനു സമീപം പഴയ കെട്ടിടം ഇടിച്ചു മാറ്റി റോഡിൽ നിന്നുള്ള അകലം പാലിക്കാതെ അതേ സ്ഥലത്ത് മൂന്നുനില കെട്ടിടനിർമാണം, പാറശാല പഞ്ചായത്ത് ഒ‍ാഫീസിനു സമീപം പുത്തൻകടയിൽ ഷോപ്പിങ് കോംപ്ലക്സ് തുടങ്ങിയ കെട്ടിട നിർമാണങ്ങൾക്ക് എതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.

ദേശീയപാതയിൽ നിർമാണം ആരംഭിച്ചത് മുതൽ പരാതി എത്തിയിട്ടും മൂന്നാം നിലയുടെ നിർമാണം നടക്കുമ്പോഴാണ് സ്റ്റോപ്പ് മെമ്മോ നൽകാൻ പഞ്ചായത്ത് തയാറായത്. ‌സ്റ്റോപ്പ് മെമ്മോ നിലനിൽക്കുമ്പോൾ തന്നെ നിർമാണം പൂർത്തിയാക്കി. പഞ്ചായത്തിലെ ചില ഉദ്യേ‍ാഗസ്ഥരുടെയും ഭരണസമിതിയിലെ ഉന്നതന്റെയും മൗനാനുവാദം ആണ് നിർമാണത്തിനു കളമെ‍ാരുക്കിയതെന്ന് നേരത്തെ ആരോപണമുണ്ട്.

പുത്തൻകടയിൽ പഞ്ചായത്ത് ഒ‍ാഫീസിനു സമീപം അടുത്തിടെ രണ്ടാം നിലയിൽ നിർമിച്ച ഏഴ് കടമുറികൾ അടങ്ങിയ കെട്ടിടം റോഡുമായി ദൂരപരിധി ലംഘിച്ചെന്ന് കാട്ടി പണി നിർത്താൻ പഞ്ചായത്ത് ആദ്യം നോട്ടിസ് നൽകി.‌ റോഡിൽ നിന്ന് നിർധിഷ്ട അകലം ലംഘിച്ച് പുറത്തേക്ക് നീണ്ട കോൺക്രീറ്റ് പെ‍ാളിക്കാതെ ചുവർ നാമമാത്രമായ ദൂരത്തിൽ പെ‍ാളിച്ച ശേഷം നിർമാണ അനുമതി നൽകിയത് പടിയുടെ കനം മൂലമാണെന്ന് പ്രദേശവാസികൾ തന്നെ പറയുന്നു. 

പരാതികൾക്ക് ഇടയാക്കിയ കെട്ടിട നിർമാണത്തെ കുറിച്ചുള്ള ഫയലുകളിൽ പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും എന്നാണ് വിജിലൻസിന്റെ വിശദീകരണം. വിജിലൻസ് യൂണിറ്റ് ഇൻസ്പെക്ടർ മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com