ADVERTISEMENT

തിരുവനന്തപുരം ∙ ചാല തെരുവിൽ അതിഥി തൊഴിലാളികളെ അനധികൃതമായി പാർപ്പിച്ചിരിക്കുന്ന കെട്ടിടം അടച്ചുപൂട്ടും. കെട്ടിട ഉടമയ്ക്കെതിരെ കേസെടുക്കും. തൊഴിലാളികളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാർപ്പിക്കാനും തീരുമാനിച്ചു. ഇന്ന് ഇതിനുള്ള നടപടികൾ ആരംഭിക്കും.  

മന്ത്രി വി.ശിവൻകുട്ടിയും മേയർ ആര്യ രാജേന്ദ്രനും ലേബർ കമ്മിഷണർ കെ.വാസുകിയും കെട്ടിടത്തിൽ പരിശോധന  നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ചാലയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അവിടെ പരിശോധന വ്യാപകമാക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. 

തൊഴിലാളികൾ വൃത്തിഹീനമായ നിലയിൽ കഴിഞ്ഞിരുന്ന ഇരുനില കെട്ടിടവും ഷീറ്റിട്ട് മറച്ച ടെറസും സംഘം വിശദമായി പരിശോധിച്ചു. തൊഴിലാളികൾ തങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മന്ത്രിയോട് വിവരിച്ചു.

പണം വാങ്ങുന്നുണ്ടെങ്കിലും സൗകര്യമോ സുരക്ഷയോ ഒരുക്കുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികളെ ഉടനടി നഗരത്തിലെ ഹാളുകളിലേക്കോ കല്യാണ മണ്ഡപങ്ങളിലേക്കോ മാറ്റാമെന്ന തൊഴിൽ വകുപ്പിന്റെ നിർദേശം പ്രായോഗികമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.  

കെട്ടിടത്തിലെ അനധികൃത നിർമാണം പൂർണമായും പൊളിച്ചു മാറ്റുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കോർപറേഷനിൽ നിന്ന് അനുമതി വാങ്ങാതെയാണ് ഇവിടെ ആളുകളെ ഈ രീതിയിൽ പാർപ്പിച്ചിരുന്നത്. 4 ദിവസം മുൻപ്  നോട്ടിസ് നൽകിയിരുന്നെങ്കിലും കെട്ടിട ഉടമയിൽ നിന്ന് മറുപടി ലഭിച്ചില്ല. ഉടമയോട് കോർപറേഷനിൽ നേരിട്ടെത്താൻ നിർദേശിച്ചതായും മേയർ പറഞ്ഞു. 

കെട്ടിടത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾക്കു നേരെയും നടപടിയുണ്ടാകും.

അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇന്റർസ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മാൻ ആക്ട് (1979) പ്രകാരം സ്ഥാപന ഉടമയ്ക്കും ഇവരെ എത്തിച്ച കരാറുകാർക്കും ലേബർ കമ്മിഷണറേറ്റ് നോട്ടിസ് നൽകുമെന്ന് കമ്മിഷണർ കെ.വാസുകി അറിയിച്ചു. അഡിഷനൽ ലേബർ കമ്മിഷണർ (എൻഫോഴ്സ്മെന്റ്) കെ.എം. സുനിലും മുപ്പതോളം ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. 

വാർത്ത വന്നതോടെ വൃത്തിയാക്കൽ, ഭീഷണി..  

അത്യന്തം നാടകീയമായ സംഭവങ്ങളാണ് ചാല തെരുവിലെ കെട്ടിടത്തിൽ ഇന്നലെ സംഭവിച്ചത്. വാർത്ത വന്നതിനു പിന്നാലെ കെട്ടിടയുടമയും സംഘവും രാവിലെ  പാഞ്ഞെത്തി കെട്ടിടവും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. ഉറങ്ങിക്കിടന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തി ശുചീകരണത്തിൽ പങ്കെടുപ്പിച്ചു.

ഏറെ പേരും 8 മണിയോടെ ജോലിക്കു പോകാൻ തയാറായതോടെ വൃത്തിയാക്കൽ പാതി വഴിയിൽ നിലച്ചു. അപകടകരമായ നിലയിൽ സൂക്ഷിച്ചിരുന്ന പാചകവാതക കുറ്റികൾ മറ്റൊരിടത്തേക്കു മാറ്റി. ഇതു മാറ്റുന്നത് സമീപത്തുള്ള വ്യാപാരികൾ ഇടപെട്ടു തടഞ്ഞു. മന്ത്രിയും മേയറും ഉദ്യോഗസ്ഥരുമെത്തുമെന്ന സൂചന ലഭിച്ചതോടെ ഉടമ സ്ഥലത്തു നിന്നും മുങ്ങി.

മന്ത്രിയെത്തുമ്പോൾ ഇരുപതിൽ താഴെ തൊഴിലാളികൾ മാത്രമാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അകത്തുണ്ടായിരുന്ന മുറികൾ പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ബന്ധപ്പെട്ടാണ് ഉടമയെ വിളിച്ചു വരുത്തിയത്. കെട്ടിടത്തിന് മതിയായ രേഖകളുണ്ടെന്നും ഇവയെല്ലാം അടുത്ത ദിവസം ഹാജരാക്കുമെന്നുമെന്നും  ഉടമ പറഞ്ഞു.

ഇത്തരത്തിൽ നിർമിച്ച കെട്ടിടത്തിന് നമ്പർ ലഭിക്കാനിടയില്ലെന്നു മേയർ പറഞ്ഞതോടെ ഉടമ മേയർക്കു നേരെയും ആക്രോശിക്കാനും കയർത്തു സംസാരിക്കാനും തുടങ്ങി. 

കണക്ക് തെറ്റിയോ?

കെട്ടിടത്തിൽ 400 പേർ താമസിക്കുന്നില്ലെന്നും ഒരേ സമയം 60 മുതൽ 80 പേർ വരെ മാറി മാറിയാണ് നിൽക്കുന്നതായാണ് വിവരമെന്നുമുള്ള മേയറുടെ വാദം പൊളിച്ച് വ്യാപാരികൾ. കോർപേറഷനു ലഭിച്ച കണക്ക് തെറ്റാണെന്നും നാനൂറ് പേർ ഉണ്ടെന്നതിനു തെളിവു നൽകാമെന്നും വ്യാപാരികൾ പറഞ്ഞു.

തുടർന്ന് തർക്കം വേണ്ടെന്നും കെട്ടിടം പരിശോധിച്ചതിൽ നിന്നും എത്ര പേരുണ്ടെന്ന് കൃത്യമായി ബോധ്യപ്പെട്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തൊഴിലാളികളുടെ താമസക്കാര്യത്തിൽ തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ കോർപറേഷൻ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് തുടർന്ന് മേയർ അറിയിച്ചു.

അതിഥിത്തൊഴിലാളികൾ  മറ്റിടങ്ങളിൽ എങ്ങനെ ? 

 ∙വിഴിഞ്ഞം

തീരദേശത്ത് ഏറ്റവുമധികം അതിഥി തൊഴിലാളികളുടെ സാന്നിധ്യം വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ചെറുതും വലുതുമായ 54 ക്യാംപുകളിലായി 1200 പേരുണ്ട്. മുക്കോലയിലെ ക്യാംപ് ആണ് പൊലീസ് കണക്കിൽ ഏറ്റവും വലുത്.220 പേരാണ് കഴിയുന്നത്. 

 ∙വർക്കല

വർക്കല മേഖലയിൽ ചെറിയ വാടകവീടുകളിൽ പരമാവധി പത്തു പേർ എന്ന നിലയിലാണ് അതിഥി തൊഴിലാളികളുടെ താമസം. 

 ∙വെഞ്ഞാറമൂട്

വെഞ്ഞാറമൂട് പരിധിയിൽ അതിഥി തൊഴിലാളികളുടെ സ്ഥിരം ക്യാംപുകൾ ഇല്ല. 

 ∙ കല്ലമ്പലം

ഇവിടെ ഗ്രാമീണ മേഖലകളിലെ ചെറിയ വീടുകൾ വാടകയ്ക്ക് എടുത്താണ് അതിഥി തൊഴിലാളികൾ കഴിയുന്നത്. മിക്ക വീടുകളിലും 10ൽ താഴെ പേരുണ്ട്. ഇവർക്കിടയിൽ  അക്രമ വാസനകളും ലഹരി മരുന്നിന്റെ ഉപയോഗവും പെരുകി വരുന്നതായി പരാതികളുണ്ട്. . 

 ∙ആര്യനാട്

ആര്യനാട്  പെ‌ാലീസ് പരിധിയിൽ അതിഥി തെ‌ാഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ക്യാംപുകൾ ഇല്ല. ഹോട്ടലുകൾ, ചെടി, നഴ്സറി, ഹോളോബ്രിക്സ് കമ്പനികൾ, കോഴിഫാം എന്നിവയിൽ ജോലി ചെയ്യുന്നവർ  സ്ഥാപനത്തോട് ചേർന്നു താമസിക്കുന്നു. 

 ∙മലയിൻകീഴ്

ചെറിയ ഷെ‍ഡുകൾ കെട്ടി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുക്കുന്നത് ഇവിടെ ‘ ബിസിനസ് ’  ആയി മാറിയിരിക്കുന്നു. പലതും അനധികൃത നിർമാണങ്ങൾ. ഇവിടത്തെ അസൗകര്യങ്ങൾ പുറം ലോകം അറിയാതിരിക്കാൻ ഷെഡുകൾക്ക് പുറത്ത് വലിയ ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. നഗരാതിർത്തി പ്രദേശങ്ങളായ മലയിൻകീഴ് , വിളവൂർക്കൽ, വിളപ്പിൽ പഞ്ചായത്തുകളിൽ വീടുകൾ, ലോഡ്ജുകൾ, ചെറിയ കട മുറികൾ എന്നിവയിൽ ഏറെയും അതിഥി തൊഴിലാളികളുടെ താമസ സ്ഥലമായി മാറി. 

 ∙പോത്തൻകോട്

പോത്തൻകോടും സമീപ പഞ്ചായത്തുകളിലും എത്തിയിട്ടുള്ള അതിഥി തൊഴിലാളികളെ കുറിച്ച് യാതൊരു വിവര ശേഖരണവും ഇതുവരെയില്ല. ഇടുങ്ങിയ മുറികളിലാണ് വാസം. ആളൊന്നിന് 1200 രൂപയാണ് മാസ വാടക .ആവശ്യത്തിനു ശുചിമുറികളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com