ADVERTISEMENT

പോത്തൻകോട് ∙ വേങ്ങോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാംപിൽ 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്ക് മന്ത് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 5 പേർ മരുന്നു വാങ്ങാൻ പോലും നിൽക്കാതെ പോകുകയായിരുന്നുവെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഷിബു പറഞ്ഞു. വൃത്തി ഹീനമായ സാഹചര്യമുള്ളതിനാൽ നിലവിൽ ക്യാംപുകളിൽ മന്തു രോഗം പടരാനുള്ള സാധ്യതകളുമുണ്ട്. പോത്തൻകോട് പഞ്ചായത്തിൽ ഇരുപതിനായിരത്തിലധികം അതിഥി തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക വിവരം. എല്ലാ ക്യാംപുകളിലും വിവരം നൽകിയിട്ടും മെഡിക്കൽ പരിശോധനയ്ക്ക് ആകെ എത്തിയത് വെറും 50 പേർ മാത്രമാണ്.

പോത്തൻകോട്ടെ ക്യാംപുകളിൽ  പരിശോധന

പോത്തൻകോട് ∙ അതിഥിത്തൊഴിലാളികളുടെ ക്യാംപുകളിൽ പോത്തൻകോട് പഞ്ചായത്ത് – ആരോഗ്യ വിഭാഗങ്ങളുടെയും പൊലീസിന്റെയും സംയുക്ത പരിശോധന. മലയാളമനോരമ വാർത്തകളെ തുടർന്നാണ് നടപടി. 6 ക്യാംപുകളിലാണ് ഇന്നലെ സംഘം പരിശോധന നടത്തിയത്. അനധികൃത നിർമാണങ്ങളിൽ തിങ്ങിഞെരുങ്ങിയാണ് തൊഴിലാളികളുടെ താമസം. വൃത്തിഹീനമായി സാഹചര്യം കണ്ടതിനാൽ ഉടമകളിൽ നിന്നും ഒരുലക്ഷം പിഴ നിർദേശിച്ചിട്ടുണ്ട്. 10 ദിവസത്തിനകം പിഴയൊടുക്കണമെന്നും അല്ലെങ്കിൽ താമസക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ക‍ർശന നിർദേശം.

പോത്തൻകോട് കൊയ്ത്തൂർക്കോണം സ്വദേശിയുടെ ഉടമസ്ഥതയിൽ പല സ്ഥലങ്ങളിലായി ക്യാംപുകൾ ഉണ്ട്. ഇവിടെയൊന്നും ആവശ്യത്തിനു ശുചിമുറികളില്ല. ചിലത് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.  മാലിന്യ സംസ്കരണത്തിനും സംവിധനങ്ങളില്ല.  സെപ്റ്റിക് ടാങ്ക് തകർന്നിരിക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധമാണ്.  ഒരു ഷെഡിൽ ചെറിയ 4 മുറികളിലായി 36 പേരുണ്ട്. കൂടാതെ മറ്റൊരു കെട്ടിടത്തിൽ രണ്ടു മുറികളിലായി 18ഉം മറ്റൊരു മുറിയിൽ 8ഉം പേർ താമസമുണ്ട്. ഒരാളിൽ നിന്നും മാസം 1200 രൂപയാണ് വാങ്ങുന്നത്. ഇതിനു സമീപത്തെ കെട്ടിടത്തിലും വൃത്തിഹീനമായ സാഹചര്യമായിരുന്നു. ഇവിടെ 40 പേരാണ് താമസം. ജംക്‌ഷനു സമീപത്തായി കോഴിഫാം പോലൊരു കെട്ടിടത്തെ പലമുറികളാക്കി മാറ്റിയാണ് താമസം ഒരുക്കിയിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com