ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാന നഗരത്തിൽ ബിൽഡറെ ആക്രമിച്ച ശേഷം മുങ്ങിയ ഗുണ്ടാത്തലവൻ ഓം പ്രകാശിന്റെ പിന്നാലെ ഓടി കേരള പൊലീസ് വിയർക്കുന്നു. ജനുവരി എട്ടിനു രാത്രിയിലാണ് ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ബിൽഡർ നിഥിനെയും സംഘത്തെയും കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്. അതിനു ശേഷം മുങ്ങിയ ഓം പ്രകാശിനെ തേടി തിരുവനന്തപുരത്തു നിന്നു പൊലീസ് സംഘം ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മൈസൂരു, മംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളെല്ലാം അന്വേഷിച്ചത്രേ.

ഇവിടെയെല്ലാം ദിവസങ്ങൾ താമസിച്ചായിരുന്നു അന്വേഷണം. ഇന്നലെ തിരുപ്പതിയിൽ സുഹ്യത്തിന്റെയൊപ്പം ഓം പ്രകാശ് ഉണ്ടെന്ന വിവരത്തെ തുടർന്നു പൊലീസ് സംഘം തിരുപ്പതിയിലുമെത്തിയിട്ടുണ്ട്. ഗുണ്ടാത്തലവൻ ഓരോ സ്ഥലവും മാറുകയാണെന്ന് പൊലീസ് പറയുന്നു. ചില പ്രമുഖർ തന്നെ ഓം പ്രകാശിന് തലസ്ഥാനത്തു തന്നെ ഒളിത്താവളം ഒരുക്കി നൽകിയിട്ടുണ്ടെന്ന പ്രചാരണവുമുണ്ട്. ഓം പ്രകാശിന് മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ ബാങ്ക് അക്കൗണ്ടുകളുണ്ടോയെന്നു പരിശോധിക്കാൻ എല്ലാ പ്രമുഖ ബാങ്കുകൾക്കും സിറ്റി പൊലീസ് കമ്മിഷണർ നോട്ടിസ് നൽകിയിട്ടുണ്ട്.

തലസ്ഥാനത്തെ നാലു ബാങ്കുകളിൽ ഓം പ്രകാശിനുണ്ടായിരുന്ന 20  ലക്ഷം രൂപയുടെ നിക്ഷേപം മരവിപ്പിച്ചിരിക്കുകയാണ്. സ്വത്തുവിവരം തേടി റജിസ്ട്രേഷൻ വകുപ്പിനു നൽകിയ കത്തിനു മറുപടിയായി തലസ്ഥാന നഗരത്തിൽ ഒരു ഫ്ലാറ്റ് സ്വന്തമായുണ്ടെന്ന റിപ്പോർട്ടാണ് ലഭിച്ചത്.  ഒളിവിൽ കഴിയുന്ന മറ്റൊരു ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ബഞ്ച് മാറിയതിനാൽ ഉത്തരവ് വൈകും.

രാജേഷിന്റെ 5 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു. സ്വന്തമായി ഭൂമിയും വീടുമില്ലെന്നാണു രാജേഷിന്റെ കാര്യത്തിൽ റജിസ്ട്രേഷൻ വകുപ്പ് നൽകിയ മറുപടി.  സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഓം പ്രകാശിനെയും രാജേഷിന്റെയും നീക്കങ്ങൾ പരിശോധിക്കുന്നതെങ്കിലും പൊലീസിൽ നിന്നു തന്നെ രഹസ്യങ്ങൾ ചോരുന്നുണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com