തിരുവനന്തപുരം ∙ നഗരത്തിൽ രാത്രി ഫുട്ബോൾ മത്സരം കണ്ട ശേഷം സുഹൃത്തിനൊപ്പം സൈക്കിളിൽ മടങ്ങുകയായിരുന്ന യുവതിക്കു നേരെ ആക്രമണം നടത്തിയയാൾ മദ്യലഹരിയിലായിരുന്നതായി പൊലീസ്. ഇയാൾ ക്രിമിനൽ പശ്ചാത്തലം ഉള്ള ആളല്ലെന്നു അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ അറസ്റ്റിലായ വിളവൂർക്കൽ കുരിശുമുട്ടം കെ.വി.നഗറിൽ എം.മനുവിനെ (29) ഇന്നലെ റിമാൻഡ് ചെയ്തു. ചൊവ്വ രാത്രി 11 ന് കനകക്കുന്നിനു സമീപമായിരുന്നു ആക്രമണം.
നന്തൻകോട് ക്ലിഫ് ഹൗസിനു സമീപത്തെ ടർഫിൽ ഫുട്ബോൾ മത്സരം കണ്ടു മടങ്ങുകയായിരുന്നു യുവതി. സുഹൃത്ത് ഓടിച്ച സൈക്കിളിനു പിന്നിലിരുന്ന് യാത്ര ചെയ്ത യുവതിയെ പിന്നാലെ ബൈക്കിലെത്തിയാണ് മനു ആക്രമിച്ചത്. തുടർന്ന് ബൈക്ക് നിർത്താതെ ഇയാൾ ഓടിച്ചു പോയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് വാഹനത്തിന്റെ നമ്പർ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.