തിരുവനന്തപുരം ∙ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരായ നൈജീരിയക്കാർ ചേർന്ന് ഉദ്യോഗസ്ഥരെ മർദിച്ചു. ആക്രമണത്തിൽ 3 ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. തടവുകാർ തമ്മിലുള്ള തർക്കത്തിൽ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. പരാതിയെ തുടർന്ന് പൂജപ്പുര പൊലീസ് കേസെടുത്തു. ജയിലിലെ 12ാം ബ്ലോക്കിൽ കഴിയുന്ന നൈജീരിയൻ തടവുകാരാണ് ആക്രമണം നടത്തിയത്. ഇവിടെയുള്ള മറ്റു തടവുകാരും നൈജീരിയക്കാരുമായി നേരത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനു പിന്നാലെ ദിവസങ്ങൾക്ക് മുൻപും തടവുകാർ തമ്മിൽ കയ്യാങ്കളിയായി.
ഇതു കണ്ടു പിടിച്ചു മാറ്റാൻ ശ്രമിച്ച ജയിൽ ഉദ്യോഗസ്ഥനായ രതീഷ് കുമാറിനെ 4 നൈജീരിയക്കാർ ചേർന്ന് കാലിൽ വലിച്ചു താഴെയിട്ടു മർദിച്ചു. ഇതിനു പിന്നാലെ നൈജീരിയക്കാരെ ഉദ്യോഗസ്ഥരുടെ മുറിയിലേക്ക് കൊണ്ടു വന്നു. ഇവിടെ വച്ചു 2 ഉദ്യോഗസ്ഥരെ കൂടി ഇവർ ആക്രമിച്ചു. ഇടിച്ചും കടിച്ചും മാന്തിയുമായിരുന്നു ആക്രമണം. ഉദ്യോഗസ്ഥനായ അർജുൻ, പ്രിൻസൺ ഓഫിസർ ഗിരിഷ് കുമാർ എന്നിവർക്ക് പരുക്കേറ്റു. ഗിരീഷ് കുമാറിന് കടിയേറ്റു. എംഡിഎംഎ കേസിൽ ശിക്ഷിക്കപ്പെട്ടു കഴിയുന്നവരാണ് ആക്രമണം നടത്തിയത്. മർദനം നടന്നിട്ട് ഒരാഴ്ചയായതായും സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പൂജപ്പുര പൊലീസ് അറിയിച്ചു.