ആറ്റിങ്ങൽ ∙ വൈറസ് രോഗം ബാധിച്ച പശുവിനെയും ഒരുമാസം പ്രായമുള്ള കുട്ടിയെയും ഇറച്ചിയാക്കി വിൽക്കാൻ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ അധികൃതർ തടഞ്ഞു . കച്ചേരി ജംക്‌ഷനിലുള്ള ആറ്റിങ്ങൽ നഗരസഭ സ്ലോട്ടർ ഹൗസിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വൈറസ് രോഗം ബാധിച്ച പശുവിനേയും അതിന്റെ കുട്ടിയേയും കശാപ്പിനെത്തിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ ആറ്റിങ്ങൽ പൊലീസും നഗരസഭ അധികൃതരും, വെറ്ററിനറി ഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭിക്കുന്ന മൃഗങ്ങളെ മാത്രമേ ഇറച്ചിയാക്കി വിൽപന നടത്താവു എന്നാണ് ചട്ടം. എന്നാൽ ഇതിന് വിപരീതമായാണ് പശുവിനെ ഇറച്ചിയാക്കാൻ ശ്രമിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം കഷ്ടിച്ച് ഒരു മാസം പ്രായം വരുന്ന പശുക്കുട്ടിക്ക് രോഗം ബാധിച്ചിരുന്നില്ല.
എന്നാൽ ഒരു മാസത്തിൽ താഴെ പ്രായമുള്ള പശുക്കുട്ടിയെ കശാപ്പു ചെയ്യുന്നത് കുറ്റകരമാണെന്ന് പരിശോധന നടത്തിയ വെറ്ററിനറി ഡോക്ടർ പറഞ്ഞു. പ്രാഥമിക ലക്ഷണങ്ങൾ വച്ച് ചർമ്മമുഴ രോഗത്തിന്റെ ലക്ഷണം കണ്ടതായും , ഇത്തരത്തിൽ രോഗമുള്ള പശുവിനെ കശാപ്പു ചെയ്യുവാൻ പാടില്ലെന്നും ഡോക്ടർ പറഞ്ഞു. വൈറസ് ബാധയേറ്റ പശുവിനെ ഇറച്ചിയാക്കില്ലെന്ന് കശാപ്പുകാരനിൽ നിന്നും എഴുതി വാങ്ങിയ ശേഷം പശുവിന്റെ ഉടമയെ വിളിച്ചു വരുത്തി വിട്ടയച്ചു. പശുക്കുട്ടിയെ ബി ജെപി നേതാവ് വക്കം അജിത്ത് വില കൊടുത്ത് വാങ്ങി.