ആറ്റിങ്ങൽ∙ നഗരസഭയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റ് വേൾഡ് ബാങ്ക് പ്രതിനിധി സംഘം സന്ദർശിച്ചു. ചവറു സംസ്കരണ കേന്ദ്രത്തിൽ നടക്കുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം . മാലിന്യം സെഗ്രിഗേറ്റ് ചെയ്യുന്നതിനുള്ള കെട്ടിടം ആധുനിക രീതിയിൽ പുനർ നിർമിക്കാൻ വേൾഡ് ബാങ്കിൽ നിന്ന് ഒന്നാംഘട്ട ധനസഹായമായി 85 ലക്ഷം രൂപ ലഭിച്ചിരുന്നു .
ലാൻഡ് ഫില്ലിങ്ങും ബയോ മൈനിങ്ങും പൂർത്തിയാകുന്നതോടെ സെപ്റ്റേജ് മാലിന്യം സംസ്കരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. നഗരസഭ ചെയർപഴ്സൻ എസ്.കുമാരി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള തുടങ്ങിയവരുമായി പ്രതിനിധി സംഘം ചർച്ച നടത്തി ജൈവ– അജൈവ മാലിന്യങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ തരംതിരിച്ച് സംസ്കരിക്കുന്ന സംസ്ഥാനത്തെ ഏക മാതൃക ആറ്റിങ്ങൽ നഗരസഭയാകുമെന്നും . അടുത്ത സാമ്പത്തിക വർഷം നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നും ചെയർപഴ്സൻ അറിയിച്ചു.