വെഞ്ഞാറമൂട് ∙ സിപിഎം വെഞ്ഞാറമൂട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയും മാണിക്കോട് ശിവക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയുമായ വെഞ്ഞാറമൂട് വയ്യേറ്റ് തിരുവടിയിൽ വീട്ടിൽ പി. വാമദേവൻപിള്ള(62)യെ അജ്ഞാത സംഘം വീട് കയറി വെട്ടി പരുക്കേൽപിച്ചു. വ്യാഴം രാത്രി 9.30ന് ആയിരുന്നു സംഭവം.
മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ കഴിഞ്ഞ് രാത്രി 9ന് വീട്ടിലെത്തി.
9.30ന് ഒരു യുവാവ് വന്ന് വാമദേവൻപിള്ളയെ വിളിച്ചു. ഗേറ്റിനു അടുത്തെത്തിയ വാമദേവൻപിള്ളയോടു തട്ടിക്കയറി. തുടർന്ന് യുവാവ് കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ഇരു കൈകൾക്കും ഗുരുതരമായി വെട്ടേറ്റു. ശബ്ദം കേട്ട് വാമദേവന്റെ വീട്ടിലുള്ളവർ ഓടിയെത്തിയപ്പോൾ അക്രമി ഓടി രക്ഷപ്പെട്ടു.
തുടർന്ന് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒന്നിലധികം ആൾക്കാർ ഉണ്ടായിരുന്നുവെന്നു സംശയിക്കുന്നുവെന്നും കേസെടുത്തു അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.