നെയ്യാറ്റിൻകര ∙ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ നടത്തുന്ന അതിരുദ്ര യജ്ഞത്തിന്റെ യജ്ഞശാല സമർപ്പണം ശശി തരൂർ എംപി നിർവഹിച്ചു. നാലാമത് അതിരുദ്ര യജ്ഞത്തിനു ഇന്നു തിരി തെളിയും.ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം നിർമിച്ചതിനെ തുടർന്ന് ചെങ്കൽ എന്ന ഗ്രാമത്തെ ലോകം അറിഞ്ഞതായി ശശി തരൂർ എംപി പറഞ്ഞു.
ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലോക ടൂറിസം ഭൂപടത്തിൽ മഹേശ്വരം ക്ഷേത്രത്തെയും അടയാളപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യജ്ഞാചാര്യൻ വീരമണി വാധ്യാരുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികർ ക്ഷേത്രത്തിൽ എത്തിത്തുടങ്ങി.
ഇന്നു വൈകിട്ട് യജ്ഞശാലയിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഭദ്രദീപം തെളിയിക്കുന്നതോടെ പതിനൊന്നു ദിനം നീളുന്ന അതിരുദ്ര യജ്ഞം തുടങ്ങും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും അരങ്ങേറും. ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, മേൽശാന്തി കുമാർ മഹേശ്വരം എന്നിവർ അറിയിച്ചു.