ADVERTISEMENT

തിരുവനന്തപുരം∙ ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ കരിദിനമാചരിച്ചു കോൺഗ്രസ്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൗരവിചാരണ ജാഥ സംഘടിപ്പിച്ചപ്പോൾ, മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. 

pensioners
ഓർത്താൽ തലപെരുക്കും.... സംസ്ഥാന ബജറ്റിൽ പെട്രോൾ– ഡീസൽ വില വർധിപ്പിച്ചതിനെതിരെ ഭാരതീയ മസ്ദൂർ സംഘം സംഘടിപ്പിച്ച മോട്ടർ തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ നിന്നൊരു ദൃശ്യം

ബജറ്റിലൂടെ സമസ്‌ത മേഖലയിലും നികുതിഭാരം വർധിപ്പിച്ച്‌, അധികാരത്തിൽവരാൻ സഹായിച്ച സകല ജനവിഭാഗങ്ങളെയും വെല്ലുവിളിക്കുകയാണ്‌ സർക്കാരെന്ന്‌ വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൗരവിചാരണ ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് വി.എസ്‌. ശിവകുമാർ പറഞ്ഞു.

തുടർഭരണം ലഭ്യമായി എന്ന അഹങ്കാരമാണ്‌ സർക്കാരിനെ നയിക്കുന്നതെന്നു ശിവകുമാർ ആരോപിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.പത്മകുമാർ നേതൃത്വം നൽകിയ ജാഥയുടെ സമാപനം പൂന്തുറയിൽ ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. ടി.ശരത്‌ചന്ദ്രപ്രസാദ്‌, പി.കെ. വേണുഗോപാൽ

വി.എസ്‌.ഹരീന്ദ്രനാഥ്‌, സേവ്യർ ലോപ്പസ്‌, എം.ശ്രീകണ്‌ഠൻ നായർ, എം.എ.പത്മകുമാർ, ലഡ്‌ഗർ ബാവ, ചാക്ക രവി, മോളി അജിത്ത്‌, ആർ. ലക്ഷ്‌മി, സി.ജയചന്ദ്രൻ, റ്റി.ബഷീർ, വള്ളക്കടവ്‌ നിസ്സാം, വലിയശാല പരമേശ്വരൻ നായർ, മിത്രാലയം ഹരികുമാർ, രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

congress-march
സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരെ വഞ്ചിച്ചുവെന്നാരോപിച്ച് കേരള എൻജിഒ അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.

മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് ആർ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.സർവമത പ്രാർഥനായജ്ഞം എന്നു പേരിട്ട പരിപാടിയിൽ റാന്തലും മെഴുകുതിരികളും കത്തിച്ചു. ഡോ.ആരിഫ സൈനുദ്ദീൻ, അനിത, സുപ്രിയ, ഷീജ, ഷീലാ രമണി തുടങ്ങിയവർ പ്രസംഗിച്ചു.

സങ്കടം, പ്രതിഷേധം പെൻഷൻകാരെ വഞ്ചിച്ച ബജറ്റ്്:  കെആർടിസി

സർവീസ് പെൻഷൻകാരെ പൂർണമായി അവഗണിച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് കേരള റിട്ടയേഡ് ടീച്ചേഴ്സ് കോൺഗ്രസ് കുറ്റപ്പെടുത്തി.ലഭിക്കേണ്ട നാല് ഗഡു ക്ഷാമബത്തയിൽ ഒരെണ്ണം പോലും നൽകാതെ നികുതി ഭാരം ചുമത്തി തടഞ്ഞു വച്ചിരിക്കുന്ന പെൻഷൻ കുടിശികയെ കുറിച്ച് പരാമർശം പോലുമില്ല. ബജറ്റിനെതിരെ അതിശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പി.മൊയ്തീൻ, ജനറൽ സെക്രട്ടറി ജി.രവീന്ദ്രൻ നായർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

തൊഴിലാളികളെ പട്ടിണിയിലാക്കുന്ന ബജറ്റ് : എഐയുടിയുസി 

തൊഴിലാളികളെ പട്ടിണിയിലാക്കുന്നതാണ് സംസ്ഥാന ബജറ്റെന്ന് എഐയുടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. കുമാർ. ഒരു ഭാഗത്ത് തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും പുതിയ സഹായങ്ങളും അനുകൂല്യങ്ങളും നൽകാതിരിക്കുകയും മറുഭാഗത്ത് ജീവിത ചെലവ് വൻ തോതിൽ ഉയർത്തുന്ന തരത്തിൽവിലക്കയറ്റം സൃഷ്ടിക്കുന്നതുമാണ് ബജറ്റ്. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ 2 രൂപ സെസ്സ് ജനങ്ങളുടെ ജീവിതം കടുത്ത ഭാരമുള്ളതാകും. വൈദ്യുതി ചാർജിന്റെയും മോട്ടർവാഹന നികുതിയുടെയും വർധനവ് സ്ഥിതി ദുസഹമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൻജിഒ അസോ മാർച്ച് നടത്തി

ബജറ്റിനെതിരെ  സെക്രട്ടേറിയറ്റിലേക്ക് എൻജിഒ അസോസിയേഷൻ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് വി.എസ്. രാകേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോർജ് ആന്റണി, സംസ്ഥാന സെക്രട്ടേറിയറ്റ്അംഗങ്ങളായ എസ്.പ്രസന്നകുമാർ, ജെ. എഡിസൺ, ജയപ്രകാശ്, സെറ്റോ ജില്ലാ ചെയർമാനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഒ. ശ്രീകുമാർ, ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.എസ്. സജി, അനിൽകുമാർ, ആർ.എസ്. പ്രശാന്ത് കുമാർ, ജില്ലാ ട്രഷറർ ഷൈജി ഷൈൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷൈൻ കുമാർ, ജോയിന്റ് സെക്രട്ടറി എൻ.ആർ. ഷിബി തുടങ്ങിയവർ പ്രസംഗിച്ചു.

ജീവനക്കാർക്ക് ആശാവഹമല്ലാത്ത ബജറ്റ് : കേരള ഗസറ്റഡ് ഓ‍ഫിസേഴ്സ് ഫെഡറേഷൻ

ജീവനക്കാർക്ക് ഒട്ടും തന്നെ ആശാവഹ‍മല്ലാത്ത ബജറ്റാണ് സംസ്ഥാന സർക്കാരിന്റേതെന്ന് കേരള ഗസറ്റഡ് ഓ‌ഫി‍സേഴ്സ് ഫെഡറേഷൻ.ആനുകൂല്യങ്ങളെ‍ക്കുറിച്ച്  ഒന്നും തന്നെ പ്രതിപാദിച്ചി‍ല്ലെന്നു മാത്രമല്ല പെട്രോൾ ഡീസൽ തുടങ്ങിയ അവശ്യ സാധനങ്ങൾക്ക് സെസ് കൂടി ഏർപ്പെടുത്തിയത് ജീവനക്കാർക്ക് ഇരട്ട പ്രഹരമാണ് സമ്മാനിച്ചതെന്നും യോഗം ആരോപിച്ചു.  സംസ്ഥാന പ്രസിഡന്റ്  ഡോ കെ. എസ്.സജികുമാർ, ജനറൽ സെക്രട്ടറി ഡോ: വി. എം. ഹാരിസ് എന്നിവർ പ്രസംഗിച്ചു. 

അഭിനന്ദനാർഹം : ഫിക്കി 

ബജറ്റിൽ മെയ്ക് ഇൻ കേരള, വിഴിഞ്ഞം തുറമുഖ പദ്ധതിക്കായുള്ള അടിസ്‌ഥാന സൗകര്യ, റോഡ് വികസന പദ്ധതികൾ, വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതി, നൈപുണ്യവത്കരണം, സ്റ്റാർട്ട് അപ്പ്, ഊർജ മേഖല, റബർ, കശുവണ്ടി മേഖലകൾക്ക് പ്രത്യേക പരിഗണന നൽകിയത് അഭിനന്ദനാർഹമാണെന്ന് ഫിക്കി കേരള ചെയർമാൻ ഡോ.എം.ഐ സഹദുല്ല പറഞ്ഞു. 

കടുത്ത വഞ്ചന : ഹിന്ദ് മസ്ദൂർ സഭ

ക്ഷേമനിധി പെൻഷൻ വർധിപ്പിക്കാത്തതും അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളും കുടിശികയും  വിതരണം ചെയ്യുന്നതിനുള്ള തുക ബജറ്റിൽ വകയിരുത്താത്തതും തൊഴിലാളികളോടുള്ള കടുത്ത വഞ്ചനയാണെന്ന് ഹിന്ദ് മസ്ദൂർ സഭ ജനറൽ സെക്രട്ടറി ടോമി മാത്യു ആരോപിച്ചു.

നികുതി വർധിപ്പിച്ചത് തെറ്റ് : ഫോർവേഡ് ബ്ലോക്ക്

ബജറ്റിലെ വർധിപ്പിച്ച നികുതി നിർദേശങ്ങൾ കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കുമെന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി കൈപ്പുഴ വി. റാംമോഹൻ പറഞ്ഞു.

ഒന്നും പരിഗണിച്ചില്ല: പട്ടികജാതി മോർച്ച

പട്ടികജാതി സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടി യാതൊന്നും ഇല്ലാത്ത ബജറ്റാണ് ഇതെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആരോപിച്ചു. 

സ്വാഗതം ചെയ്യുന്നു : ഡോക്യുമെന്റ് റൈറ്റേഴ്സ്

സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് യൂണിയൻ.

നിരാശ: എൻജിഒ സെന്റർ 

ബജറ്റ് നിരാശാജനകമെന്ന് കേരള എൻജിഒ സെന്റർ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

പരിഗണിച്ചില്ല: പ്രദേശ് പ്രവാസി കോൺഗ്രസ്

പ്രവാസികളെ പരിഗണിക്കാത്ത ബജറ്റാണ് ഇതെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി. അജയകുമാർ ആരോപിച്ചു.

വിദ്യാഭ്യാസമേഖലയ്ക്ക് പുരോഗതി : കെഎസ്ടിഎ

ബജറ്റ് പ്രഖ്യാപനങ്ങൾ പൊതു വിദ്യാഭ്യാസ മേഖലയുടെ കരുത്ത് വർധിപ്പിക്കുമെന്ന് കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com