ADVERTISEMENT

തിരുവനന്തപുരം∙ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മുതൽ ഭരണ–തദ്ദേശ സ്ഥാപനങ്ങളിൽ പാർട്ടി ഇടപെട്ടു നടത്തിയ നിയമനങ്ങളുടെ പിന്നിൽ നടന്ന കളികളും അഴിമതിയും  അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയിൽ ആവശ്യം. മുൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ആശീർവാദത്തോടെ

ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇതെല്ലാം നിയന്ത്രിക്കുന്നുവെന്ന ആരോപണമാണ് ഉയർന്നത്. പൊലീസിൽ സ്ഥലം മാറ്റവും നിയമനവും നേടാൻ ഒരു ഏരിയ സെക്രട്ടറിയുടെ വീട്ടുപടിക്കൽ ക്യൂവായിരുന്നു.താൽക്കാലിക നിയമനങ്ങൾ സ്വന്തക്കാർക്ക് മാത്രമെന്ന സ്ഥിതിയാണെന്ന് കമ്മിറ്റി അംഗങ്ങൾ ആഞ്ഞടിച്ചു.  

സംസ്ഥാന സെകട്ടേറിയറ്റ് അംഗമായ ആനാവൂർ നാഗപ്പനെ അനുകൂലിക്കുന്നവരും  സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലായിരുന്നു ആരോപണ പ്രത്യാരോപണങ്ങൾ. ജില്ലയിലെ പാർട്ടി കുത്തഴിഞ്ഞ നിലയിലാണ്. അഴിമതിയും സ്വഭാവ ദൂഷ്യവും നേതാക്കളെ വരിഞ്ഞു മുറുക്കിയെന്നു തുടങ്ങി

വ്യക്തിപരമായ ആക്ഷേപങ്ങൾ വരെ യോഗത്തിൽ ഉണ്ടായി. 49 അംഗ കമ്മിറ്റിയിലെ 11 സെക്രട്ടേറിയറ്റ് അംഗങ്ങൾ ഒഴികെ ഭൂരിപക്ഷം പേരും നാഗപ്പനെതിരേ തിരിഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും വാക്പോര് നടന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ അഞ്ചു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ

പങ്കെടുത്ത യോഗം  ആനാവൂരിനെതിരെയുള്ള ആക്രമണ വേദിയായതോടെ  അദ്ദേഹത്തെ  പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ നേതാക്കളും ചാല,കോവളം ഏരിയയിൽ നിന്നുള്ള അംഗവും രംഗത്തെത്തി. ഇവർ  കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ചു.ജില്ലയിലെ പാർട്ടിയെ തകർത്ത് തരിപ്പണമാക്കി എന്ന ഗുരുതര ആരോപണമാണ് കടകംപള്ളി വിഭാഗം ഉന്നയിച്ചത്.

പാർട്ടിയെ നിയന്ത്രിക്കുന്ന കോക്കസ് പാറ ക്വാറികളിൽ നിന്നു  മുതൽ ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ നിന്നു വരെ  മാസപ്പടി പിരിക്കുന്നു. . നേതാക്കൾ അധികാരത്തിന്റെ മത്തു പിടിച്ച് നടക്കുന്നു. അണ്ണനും കുട്ടികളും അറിയാതെ ഒന്നും നടക്കില്ല. പല വൃത്തികേടുകൾക്കും നായനാർ ചാരിറ്റബിൾ ട്രസ്റ്റിലെ സ്വകാര്യ മുറി ഉപയോഗിക്കുന്നുവെന്ന വിമർശനവും ഉണ്ടായി.

മദ്യവും ലഹരി ഉപയോഗവും ശീലമാക്കിയ നേതാക്കൾക്കെതിരെ കർശന നടപടിക്കു മുതിർന്നാൽ  പല ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും പാർട്ടിക്കു പുറത്ത് പോകേണ്ടി വരുമെന്ന് ചിലർ മുഖത്തടിച്ച് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെതിരെ കടുത്ത ആക്ഷേപങ്ങളുമായി ചാലയിലെ എസ്.എ.സുന്ദറും ഡിവൈഎഫ്ഐ നേതാക്കളായ ഷിജുഖാനും,പ്രമോഷും,കോവളം ഹരിയും രംഗത്തെത്തി. 

സ്വപന സുരേഷിന്റെ ആരോപണത്തിൽ കേസ് കൊടുക്കാൻ ധൈര്യം കാണിക്കാത്തത് എന്തുകൊണടെന്ന ചോദ്യം ഉയർന്നു.ജില്ലാ സെക്രട്ടറി സ്ഥാനത്തു സ്ഥാനത്ത് നിന്നും ഒഴിവായപ്പോൾ ആനാവൂർ നാഗപ്പന്റെ സമൂഹമാധ്യമ കുറിപ്പും ചർച്ചയായി. എല്ലാം തന്റെ മാത്രം കഴിവ് ആണെന്ന കുറിപ്പിനെതിരെയാണ് വിമർശനം. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല. കൂട്ടായ നേതൃത്വമാണ് 

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഉൾപ്പെടെ നടത്തിയത്. നിയമസഭ തിരഞ്ഞെടുപ്പ് വിജയം സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടത് തരംഗത്തിന്റെ ഭാഗമാണ്. നേതാക്കൾക്കു വേണ്ടി സമൂഹ മാധ്യമ കുറിപ്പ് ഇടുന്നത് ആസൂത്രിതമാണ്. ഇത് വ്യക്തി പൂജയാണ്. ഇതാണ് പാർട്ടിയിൽ ഇപ്പോൾ കൂടുതലും നടക്കുന്നതെന്നും ചിലർ ആരോപിച്ചു.

കെ.സി.വിക്രമന് താക്കീത്

തെറ്റുതിരുത്തൽ രേഖ ചർച്ചയ്ക്കിടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി.വിക്രമനു താക്കീത്. കർഷക സംഘം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ പാർട്ടി നിർദേശിച്ച മുൻ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തയാറാകാത്തതാണ് കാരണമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. 

എന്നാൽ പാർട്ടി അംഗീകരിക്കാത്ത ഒരു ശീലവുമായി ബന്ധപ്പെട്ട  പരാതിയാണ് താക്കീതിന് പിന്നിൽ. ഇതു കൂടി ഉയർന്നതോടെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇടപെടുകയായിരുന്നു. കെ.സി.വിക്രമനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഉണ്ടായി. 

ചേരിതിരിവില്ലെന്നു വി. ജോയി 

തിരുവനന്തപുരം∙ ആരോഗ്യകരമായ ചർച്ചയാണ് ജില്ലാ കമ്മിറ്റിയിൽ നടന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി. ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളോ ആക്ഷേപങ്ങളോ ഉണ്ടായിട്ടില്ല. തികഞ്ഞ മാനസിക ഐക്യത്തോടെ ഒറ്റക്കെട്ടായി യോജിച്ചു പ്രവർത്തിക്കുന്ന പാർട്ടിയാണ് ജില്ലയിലേതെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനം ഇല്ലാത്തതാണെന്നും  ജോയി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com