ADVERTISEMENT

തിരുവനന്തപുരം ∙ പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർ, ഫുട്ബോൾ മത്സരം കണ്ടു മടങ്ങുകയായിരുന്ന യുവതി, പട്ടാപ്പകൽ വീട്ടിൽ ഒറ്റയ്ക്കായിരുന്ന സ്കൂൾ വിദ്യാർഥിനി, രാവിലെ നടക്കാനിറങ്ങിയ സർക്കാർ ഉദ്യോഗസ്ഥ..... ഏതാനും മാസങ്ങൾക്കിടെ നഗരത്തിൽ ആക്രമിക്കപ്പെട്ട സ്ത്രീകളുടെ പട്ടികയാണിത്. 

ഇതിനു പുറമേ കോവളത്തും അടിമലത്തുറയിലുമായി വിദേശികളായ 2 യുവതികളും അക്രമത്തിന് ഇരയായി. ആക്രമണം നടത്തുന്നവരെ പിടികൂടുന്നുണ്ടെങ്കിലും അതിക്രമം തടയാൻ കഴിയാത്തത് പൊലീസ് വീഴ്ചയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഒക്ടോബറിലാണ് മ്യൂസിയത്തിൽ പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

കാർ നിർത്തി റോഡു മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ ആക്രമണത്തിന് ഇരയാകുകയായിരുന്നു. സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കാർ ഡ്രൈവർ മലയിൻകീഴ് സ്വദേശി സന്തോഷിനെ അറസ്റ്റ് ചെയ്തു. ഇയാൾ അർധരാത്രി കുറവൻ‍കോണത്ത് വീടിന്റെ ടെറസിൽ ചുറ്റിക്കറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പേടിയോടെയാണ് നഗരവാസികൾ കണ്ടത്. 

പൊലീസ് പുറത്തു വിട്ട ചിത്രം കണ്ടപ്പോഴാണ് വീട്ടുകാർ സന്തോഷിനെ തിരിച്ചറിഞ്ഞത്. ഇറിഗേഷൻ വകുപ്പിലെ താത്ക്കാലിക ഡ്രൈവറായിരുന്നു സന്തോഷ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സർക്കാർ വാഹനത്തിലാണ് ഇയാൾ എത്തിയതെന്നു കണ്ടെത്തി.

വാഹനത്തിന്റെ നമ്പരും സന്തോഷിന്റെ ഫോൺ നമ്പരും പരിശോധിച്ചാണ് ദിവസങ്ങൾക്കു ശേഷം സന്തോഷിനെ പിടികൂടിയത്.ഫുട്ബോൾ മത്സരം കണ്ട ശേഷം സുഹൃത്തിനൊപ്പം സൈക്കിളിൽ മടങ്ങുകയായിരുന്ന യുവതിക്കു നേരെ ആക്രമണമുണ്ടായത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. 

സംഭവത്തിൽ ഒരാളിനെ തൊട്ടടുത്ത ദിവസം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 11 ന് കനകക്കുന്നിന് സമീപമായിരുന്നു ആക്രമണം. നന്തൻകോട് ക്ലിഫ് ഹൗസിനു സമീപത്തെ ടർഫിൽ ഫുട്ബോൾ മത്സരം കണ്ടു മടങ്ങുകയായിരുന്നു യുവതിയെ ബൈക്കിൽ പിന്നാലെയെത്തിയയാൾ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

മാതാപിതാക്കൾ ജോലിക്കു പോയപ്പോൾ വഞ്ചിയൂരിലെ വീട്ടിൽ ഒറ്റയ്ക്കായ സ്കൂൾ വിദ്യാർഥിനി ആക്രമിക്കപ്പെട്ടതും അടുത്തിടെയാണ്. ക്ഷേത്ര ദർശനത്തിനു പോകാൻ പണം ആവശ്യപ്പെട്ടെത്തിയ യുവാവ് വിദ്യാർഥിനിയെ കടന്നു പിടിക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങി ഓടിയതിനാലാണ് വിദ്യാർഥി രക്ഷപ്പെട്ടത്. സിസിടിവിയിൽ പതി‍ഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ ദിവസങ്ങൾക്കകം പിടികൂടി.

പ്രഭാത സവാരിക്കിടെ സർക്കാർ ഉദ്യോഗസ്ഥ അക്രമിക്കപ്പെട്ടതും ഏജീസ് ഓഫിസിലെ ഉദ്യോഗസ്ഥന്റെ കുടുംബം രാത്രി നടു റോഡിൽ ആകമിക്കപ്പെട്ടതും മാസങ്ങൾക്കിടെയാണ്.കോവളത്ത് റഷ്യൻ യുവതി ആക്രമിക്കപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. 

അടിമലത്തുറയിൽ ബ്രിട്ടിഷ് വനിതയാണ് 5 അംഗ സംഘത്തിന്റെ അതിക്രമത്തിന് ഇരയായത്. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ സ്വമേധയാ കേസെടുത്തതായി വനിതാ കമ്മിഷൻ അറിയിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസറോട് റിപ്പോർട്ട് തേടിയതായും കമ്മിഷൻ അധ്യക്ഷ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com