തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഗർഭിണിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ജീവനക്കാർ പിടികൂടിയ ആളിനെ പൊലീസ് വെറുതെ വിട്ടത് വിവാദത്തിൽ. ശനി ഉച്ചയ്ക്കു 1.30നു രണ്ടാം വാർഡിൽ കഴിഞ്ഞ യുവതിയെ സ്പർശിച്ച ആളിനെയാണ് വെറുതെ വിട്ടത്.
ചികിത്സയിലുള്ള തന്റെ സഹോദരിയാണെന്ന് കരുതിയാണ് യുവതിയെ സ്പർശിച്ചതെന്ന പ്രതിയുടെ മൊഴി വിശ്വാസത്തിലെടുത്താണ് വിട്ടയച്ചതെന്നും യുവതിക്ക് പരാതി ഇല്ലെന്നും മെഡിക്കൽകോളജ് പൊലീസ് പറഞ്ഞു. എന്നാൽ ഇതിനെതിരെ ആശുപത്രി ജീവനക്കാർ രംഗത്തുവന്നു. പ്രതി പറയുന്നത് ശരിയല്ലെന്നും പ്രതിയുടെ സഹോദരിയുള്ളത് മറ്റൊരു വാർഡിലാണെന്നും ആശുപത്രി സുരക്ഷാവിഭാഗം ഓഫിസർ നാസറുദീൻ പറഞ്ഞു.
Also read: ‘മനുഷ്യർ തന്നെയോ!?’
സുരക്ഷാവിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ: രണ്ടാം വാർഡിൽ ചികിത്സയിലുള്ള യുവതിയോട് ഒരു പുരുഷൻ അപമര്യാദയായി പെരുമാറിയെന്ന വിവരം ഡ്യൂട്ടി നഴ്സാണ് വിളിച്ച് അറിയിച്ചത്. തുടർന്ന് സുരക്ഷാ ജീവനക്കാർ എത്തി രോഗിയോടും അടുത്തു കിടക്കുന്നവരോടും വിവരം തിരക്കി.
ഇവർ നൽകിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിൽ 16,17 വാർഡുകളി ലേക്കുള്ള വരാന്തയിൽ നിന്നു പ്രതിയെ പിടികൂടി. 16ാം വാർഡിൽ ചികിത്സയിലുള്ള രോഗിയുടെ സഹോദരനാണ് പ്രതി. ഇയാളെ എയ്ഡ്പോസ്റ്റിൽ ഉണ്ടായിരുന്ന പൊലീസുകാരെ ഏൽപ്പിക്കുകയായിരുന്നു.