ഹെൽത്ത് സൂപ്പർവൈസറെ 'റാസ്ക്കൽ' എന്ന് ഡപ്യൂട്ടി മേയർ, 'നിങ്ങളാണ് റാസ്ക്കൽ' എന്ന് ഉദ്യോഗസ്ഥൻ; ശരിക്കും ആരാണ് റാസ്കൽ ??

HIGHLIGHTS
  • ചീത്തവിളി ദിവസങ്ങൾ മുമ്പ് ഒരുമിച്ച് അവാർഡ് വാങ്ങിയവർ തമ്മിൽ
  • സൂപ്പർവൈസർ ‘റാസ്കൽ ’ എന്ന് ഡപ്യൂട്ടി മേയർ ; നിങ്ങളാണ് റാസ്കൽ എന്ന് ഉദ്യോഗസഥൻ തിരിച്ചും !!
SHARE

തിരുവനന്തപുരം ∙ ഫയൽ കൈമാറാഞ്ഞ ഇടതു സംഘടനാ അംഗങ്ങളായ 3 ജീവനക്കാരെ സ്ഥലം മാറ്റിയതിന്റെ പേരിൽ ഹെൽത്ത് സൂപ്പർവൈസറോടു തട്ടിക്കയറി ഡപ്യൂട്ടി മേയർ. മേയറുടെ സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചക്കിടെ ഹെൽത്ത് സൂപ്പർവൈസറെ 'റാസ്ക്കൽ' എന്ന് ഡപ്യൂട്ടി മേയർ വിളിച്ചു.

Also read: 4 വർഷത്തെ കാത്തിരിപ്പിനു വിരാമം കണ്ണൂരിൽ നിന്ന് ഹജ് വിമാനം; വിമാനത്താവളത്തിനും നേട്ടം

'നിങ്ങളാണ് റാസ്ക്കൽ' എന്ന് ഉദ്യോഗസ്ഥൻ തിരിച്ചടിച്ചു. ഡപ്യൂട്ടി മേയറോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താൽ ഹെൽത്ത് സൂപ്പർവൈസർ ബി. ബിജുവിനെതിരെ നടപടിയെടുക്കാൻ ശുപാർശയുണ്ടായെങ്കിലും ഫയൽ സെക്രട്ടറി പിടിച്ചുവച്ചു. കോർപറേഷനിലെ ഹരിത കർമ സേനാ രൂപീകരണ മികവിനു തദ്ദേശ വകുപ്പിന്റെ അവാർഡ് ഏറ്റുവാങ്ങിയതിന്റെ പിറ്റേന്നാണ് ബിജുവിന് എതിരായ നടപടി. അവാർഡ് ദാന ചടങ്ങിൽ ഡപ്യൂട്ടി മേയറും ബിജുവും ഒരുമിച്ചാണ് പങ്കെടുത്തത്.

ഒന്നര ആഴ്ച മുൻപാണ് സംഭവങ്ങളുടെ തുടക്കം. ജനറൽ, അക്കൗണ്ട്സ് വിഭാഗങ്ങളിൽ എത്തിക്കാനായി കണ്ടിൻജന്റ് ജീവനക്കാരുടെ ശമ്പള ഫയൽ തയാറാക്കി ഹെൽത്ത് സൂപ്പർവൈസർ പ്യൂൺമാരെ ഏൽപ്പിച്ചു. എന്നാൽ അടുത്ത ദിവസം വൈകിട്ടായിട്ടും ഫയൽ അതതു വിഭാഗങ്ങളിൽ എത്തിയില്ല.

ഇവരുടെ അലമാര പരിശോധിച്ചപ്പോൾ മാസങ്ങൾക്കു മുൻപ് നൽകിയ ഫയലുകൾ പോലും കൃത്യസമയത്ത് എത്തിക്കാതെ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഹെൽത്ത് സൂപ്പർവൈസറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ 8 ഉദ്യോഗസ്ഥർ ഫയലുകൾ ചുമന്ന് ജനറൽ, അക്കൗണ്ട്സ് വിഭാഗങ്ങളിൽ എത്തിച്ചു.

കൃത്യവിലോപം കാട്ടിയതിനു സാനിട്ടറി വർക്കർ തസ്തികയിൽ ജോലി നോക്കുന്ന ഒരാളെ കുര്യാത്തി നഴ്സറിയിലേക്കും രണ്ടാമനെ  കളിപ്പാൻകുളം നഴ്സറിയിലേക്കും മാറ്റി നിയമിച്ചു.സ്ഥലം മാറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ പി.കെ. രാജു ഇന്നലെ രാവിലെ ഹെൽത്ത് സൂപ്പർ വൈസറെ ഫോണിൽ വിളിച്ചതോടെ  രംഗം വഷളായി. 'ബുദ്ധിമുട്ടാണ്' എന്നറിയിച്ച് ഹെൽത്ത് സൂപ്പർ വൈസർ ഫോൺ കട്ടാക്കിയത് ഡപ്യൂട്ടി മേയറെ പ്രകോപിപ്പിച്ചു.

പരാതിയുമായി ഡപ്യൂട്ടി മേയർ, മേയറെ സമീപിച്ചു. ഉച്ചയ്ക്ക് മേയറുടെ ഓഫിസ് മുറിയിൽ അനുരഞ്ജന ചർച്ച നടക്കുന്നതിനിടെയാണ് ഡപ്യൂട്ടി മേയറും ഹെൽത്ത് സൂപ്പർവൈസറും കൊമ്പു കോർത്തത്. ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബിജുവിനെതിരേ നടപടിയെടുക്കാനുള്ള ശുപാർശയാണ് സെക്രട്ടറി താത്ക്കാലികമായി തടഞ്ഞത്. 

നൂറു വാർഡുകളിലും ഹരിത കർമ സേനകളുടെ രൂപീകരണ ചുമതല ബിജുവിനായിരുന്നു. ഇതിന്റെ മികവിന് എറണാകുളം മറൈൻ ഡ്രൈവിൽ ഞായറാഴ്ച നടത്തിയ ചടങ്ങിൽ മന്ത്രി എം.ബി. രാജേഷിൽ നിന്നാണ് പി.കെ. രാജുവും ബി.ബിജുവും അടങ്ങുന്ന സംഘം അവാർഡ് ഏറ്റുവാങ്ങിയത്.

പി.കെ. രാജു (ഡപ്യൂട്ടി മേയർ)

ഉദ്യോഗസ്ഥനെതിരെ വേറെയും പരാതികളുണ്ട്. അറിയിക്കേണ്ട സ്ഥലങ്ങളിൽ പരാതിയായി തന്നെ ബോധിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS