‘‘പായും തലയണയും കിട്ടിയില്ലേ? ഫാനിന്റെ കാറ്റില്ലേ?, കുറവുണ്ടെങ്കിൽ പറയണം...’; സമരത്തട്ടിൽ എംഎൽഎമാരും സ്പീക്കറുമായി കുശലം

HIGHLIGHTS
  • നിയമസഭാ കവാടത്തിൽ പ്രതിപക്ഷ എംഎൽഎമാരുടെ സമരം രാത്രിയിലും തുടർന്നു സമരക്കാരെ സന്ദർശിച്ച് യുഡിഎഫ് നേതാക്കൾ
selfie-image
സമര സെൽഫി: നിയമസഭാ കവാടത്തിൽ സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ്, നജീബ് കാന്തപുരം എന്നിവർ സെൽഫിയെടുക്കുന്നു.
SHARE

തിരുവനന്തപുരം ∙ ‘‘പായും തലയണയും കിട്ടിയില്ലേ? ഫാനിന്റെ കാറ്റില്ലേ? ഭക്ഷണം കഴിച്ചോ? എന്തെങ്കിലും കുറവുണ്ടെങ്കിൽ പറയണം...’’– നിയമസഭയ്ക്കു പുറത്തും സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘റൂളിങ്’.  അസൗകര്യങ്ങളൊന്നുമില്ലെന്ന് അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരുടെ മറുപടി. കുശലാന്വേഷണത്തിനിടെ സമര കഥകളും ലാത്തിച്ചാർജ് അനുഭവങ്ങളും സ്പീക്കർ പങ്കിട്ടു. അടി കൊണ്ടതിന്റെയും കൊടുത്തതിന്റെയും ഓർമകൾ വിവരിച്ചു പ്രതിപക്ഷ എംഎൽഎമാരും. 

Also read: വീട്ടുവരാന്തയിൽ നിൽക്കുമ്പോൾ മുറ്റത്ത് കടുവയെത്തി; ഭയന്നു വിറച്ചു ഒൻപതാം ക്ലാസുകാരി

 നിയമസഭാ കവാടത്തിൽ  സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ്, നജീബ് കാന്തപുരം എന്നിവരെ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സ്പീക്കർ സന്ദർശിച്ചത്. 10 മിനിറ്റോളം എംഎൽഎമാരുമായി സംസാരിച്ചു സൗകര്യങ്ങൾ ഉറപ്പാക്കിയ ശേഷം സ്പീക്കർ മടങ്ങി. മെഡിക്കൽ സംഘവും എംഎൽഎമാരെ സന്ദർശിച്ചു. 

 പ്രതിപക്ഷ നേതാവ് വി‍.ഡി.സതീശൻ, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, യുഡിഎഫ് കൺവീനർ എം.എം.ഹസൻ തുടങ്ങി ഒട്ടേറെ പേരാണ് എംഎൽഎമാരെ സന്ദർശിക്കാനെത്തിയത്. യൂത്ത് കോൺഗ്രസ്, കെഎസ്‍യു നേതാക്കളും യുഡിഎഫ് അനുകൂല സംഘടനകളുടെ പ്രതിനിധികളും എത്തി. രാത്രിയും സന്ദർശകർക്കു കുറവില്ല. 

‘ജനത്തിന്റെ തലയ്ക്കടിക്കുന്ന ജനവിരുദ്ധ ബജറ്റ്’ എന്നെഴുതിയ പ്ലക്കാർഡുകളു‍മായിട്ടാണ് എംഎൽഎമാരുടെ സമരം. ഫോൺകോളുകൾ സ്വീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു ഷാഫിയും മഹേഷും നജീബും. സത്യഗ്രഹ ചിത്രങ്ങൾ സി.ആർ.മഹേഷ് ഫെയ്സ്ബുക്കിലും ഇട്ടു. കയ്യിൽ കരുതിയ പുസ്തകങ്ങൾ വായിക്കാനും മാത്യു കുഴൽനാടൻ സമയം കണ്ടെത്തി. ഇടയ്ക്ക് എല്ലാവരും കൂടി സെൽഫിയുമെടുത്തു.  സമരം തുടങ്ങിയതിനു പിന്നാലെ എംഎൽഎമാ‍ർക്കായി പായും തലയണയും ഫാനുകളും എത്തിച്ചു.  എംഎൽഎമാർക്കരികിൽ ജാഗരൂകരായി വാച്ച് ആൻഡ് വാർഡുമുണ്ട്.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS