ADVERTISEMENT

തിരുവനന്തപുരം∙ മത്സ്യത്തൊഴിലാളികൾക്കു കടലിൽ നിന്നു മത്തി വേണ്ട പോലെ കിട്ടുന്നില്ല. പക്ഷേ നഗരത്തിൽ ഓൺലൈൻ വിൽപന ശൃംഖലകളിലടക്കം മത്തി സുലഭം. . ഇതെവിടെ നിന്നു വരുന്നു? തമിഴ്നാട്ടിലെ തൂത്തുക്കുടി, നാഗപട്ടണം, പുതുശേരി, കടലൂർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിൽ നിന്ന് മത്തിയെത്തുന്നത്. ഇറക്കുമതി ചെയ്തവയും ഉണ്ട്. തമിഴൻ വിളിക്കുന്ന പൊയ്ച്ചാളയാണ് ഇവിടെ ഏറെയും മത്തിയെന്ന പേരിൽ വിൽപന പൊടിപൊടിക്കുന്നത്.

Also read: കെ.ടി.ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ, ക്ലാസിലെ ആദ്യ ബെഞ്ചിലിരിക്കുകയായിരുന്നു ഷെസിന

മീൻ തെറ്റില്ലാതെ കിട്ടുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ വറുതിയാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സ്വതന്ത്ര മത്സ്യത്തൊഴിലാളി ഐക്യവേദി അധ്യക്ഷൻ ചാൾസ് ജോർജിന്റെ നേതൃത്വത്തിൽ ഇന്നലെ ഫിഷറീസ് വകുപ്പിലെ ഉന്നതരെ കണ്ടത് മത്സ്യമേഖലയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന സങ്കട ഹർജിയുമായാണ്. എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന പതിവു മറുപടി മാത്രം. മത്സ്യ വറുതി, മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി, ഇന്ധനത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയ ഇനിയും പരിഹരിക്കാതെ കിടക്കുന്ന അടിയന്തര പ്രശ്നങ്ങൾ ഈ മേഖലയെ പൂർണമായും ദുരിതത്തിലാക്കിയിരിക്കുകയാണ്. 

ഒഴിഞ്ഞ കടലോരങ്ങളും വിഷണ്ണരായ തൊഴിലാളികളുമാണു തീരത്തെ പതിവു കാഴ്ച.മണ്ണെണ്ണ വില കൂടിയതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് പെട്ടു പോയത്. കൊള്ള വില കൊടുത്ത് മണ്ണെണ്ണ വാങ്ങി കടലിൽ വള്ളമിറക്കിയാലും ആവശ്യത്തിന് മീൻ കിട്ടാത്ത അവസ്ഥ. അതേ സമയം കരിഞ്ചന്തയിൽ മണ്ണെണ്ണ വിൽക്കുന്ന സംഘങ്ങൾ ഒട്ടേറെയുണ്ട്. മണ്ണെണ്ണ ക്ഷാമം ഉണ്ടെന്ന് പറയുകയും അതേ സമയം കരിഞ്ചന്തകൾ യഥേഷ്ടം പ്രവർത്തിക്കുകയും ചെയ്യുന്നതിലെ വൈരുധ്യമാണ് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. ഇവരെ നിയന്ത്രിക്കാൻ സർക്കാരും ഉദ്യോഗസ്ഥരും തയാറാവുന്നില്ലെന്നാണ് ആക്ഷേപം. 25 രൂപ നിരക്കിൽ ഒരു ലീറ്റർ മണ്ണെണ്ണ സബ്സിഡി നിരക്കിൽ ലഭ്യമാക്കുമെന്ന വാഗ്ദാനവും ജലരേഖയായി. 

ബോട്ടിന്  ഇന്ധനച്ചെലവ് ദിവസം 40,000  രൂപ

‘ഒരു ദിവസം മത്സ്യബന്ധനത്തിന് കടലിൽ പോയി വരാൻ ഒരു ബോട്ടിന് ചുരുങ്ങിയത് 40,000 രൂപയോളം ഇന്ധനച്ചെലവുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക കടം വാങ്ങി വേണം വള്ളമിറക്കാൻ. ആഴക്കടലിൽ പോയി മത്സ്യബന്ധനം നടത്തുകയെന്നത് ഇന്ധന ക്ഷാമം കാരണം അസാധ്യമായിരിക്കുന്നു.- ചാൾസ് ജോർജ്, മത്സ്യത്തൊഴിലാളി ഐക്യവേദി  

സബ്സിഡി ഇല്ലെങ്കിൽ ഒട്ടും ലാഭം കിട്ടില്ല 

‘മണ്ണെണ്ണ എൻജിനുകൾ മാറ്റാനാുള്ള നിർദേശത്തെ സ്വാഗതം ചെയ്യുന്നു. ഇതിനായി നീക്കിവച്ച പണം ഈ ആവശ്യത്തിന് തന്നെ ഉപയോഗിക്കണം. മത്സ്യബന്ധനച്ചെലവ് കുറയ്ക്കാനും കൂടുതൽ ദൂരെ പോകാനും ഇതുമൂലം കഴിയുമെന്നാണ് പ്രതീക്ഷ. ഏത് ഇന്ധനമായാലും സബ്സിഡി കിട്ടിയില്ലെങ്കിൽ ലാഭകരമാകില്ല.’ - അരുൾദാസ്, മത്സ്യത്തൊഴിലാളി

പ്രഖ്യാപനം കൊള്ളാം; പക്ഷേ, ആരു തരും?

321.31 കോടി രൂപയാണ് ഇത്തവണ മത്സ്യബന്ധന മേഖലയ്ക്കായി  സംസ്ഥാന ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്. കടലോര മത്സ്യബന്ധന പദ്ധതികൾക്കായി 61.1 കോടി വേറെ. മത്സ്യബന്ധന ബോട്ടുകളെ ആധുനികവത്കരിക്കാൻ 10 കോടി. ഇത് 60% നിരക്കിൽ പരമാവധി 10 ലക്ഷം രൂപ വരെ നൽകും. എൻജിനുകൾ മണ്ണെണ്ണയിൽ നിന്ന് പെട്രോൾ, ഡീസൽ ആക്കുന്ന പുതിയ പദ്ധതിക്കായി 8 കോടിയും വകയിരുത്തിയിട്ടുണ്ട്. 

കേന്ദ്രം നൽകുന്ന മണ്ണെണ്ണയുടെ അളവ് കുറഞ്ഞതോടെയാണ് പെട്രോൾ, ഡീസൽ എൻജിനുകളിലേക്കു മാറാൻ ഉദ്ദേശിക്കുന്നത്.  ഇതെല്ലാം സമയബന്ധിതമായി ലഭിക്കുമെന്നും നടപ്പാക്കുമെന്നും ആര് ഉറപ്പു നൽകുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ചോദ്യം. ബജറ്റ് നിർദേശങ്ങളിൽ ഭൂരിഭാഗവും മത്സ്യകർഷകർക്ക് ഗുണം ചെയ്യുന്നവയാണെന്നാണ് അവരുടെ പരാതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com