കെ.വി.തോമസിനു ശമ്പളമല്ല, ഓണറേറിയം: മുഖ്യമന്ത്രിയുടെ മറുപടി നിയമ സഭയിൽ

HIGHLIGHTS
  • ഓണറേറിയം നൽകിയാൽ അതും പെൻഷനും ഒന്നിച്ചു വാങ്ങാൻ അർഹത
thiruvananthapuram-kv-thomas-pinarayi
SHARE

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഔദ്യോഗിക പ്രതിനിധി കെ.വി.തോമസ് ശമ്പളമല്ല, ഓണറേറിയമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എൻ.ഷംസുദ്ദീന്റെ ചോദ്യത്തിനാണു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ ഓണറേറിയം എത്രയെന്നു വ്യക്തമാക്കിയില്ല. കേന്ദ്രസർക്കാരുമായി സൗഹാർദം സ്ഥാപിക്കാനും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമാണു തോമസിന്റെ നിയമനം. സംസ്ഥാന സർക്കാരിന്റെ നയങ്ങളും നിലപാടുകളും കേന്ദ്രത്തിനു മുൻപിൽ വ്യക്തമായി അവതരിപ്പിക്കുകയും വേണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

Also read: ഇവർക്ക് വീടുണ്ടെന്നും ബുദ്ധിമുട്ടില്ലെന്നും അധികൃതർ പറയുന്നു; ഈ ചിത്രങ്ങളൊന്ന് കണ്ടുനോക്കൂ

മുൻപ് എ.സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചപ്പോൾ അടിസ്ഥാന ശമ്പളം 2000 രൂപയായിരുന്നു. 33,423 രൂപ ക്ഷാമബത്തയും 57,000 രൂപ ന്യൂഡൽഹി അലവൻസും ഉൾപ്പെടെ മാസം 92,423 രൂപ ആകെ ശമ്പളമായി നൽകി. എന്നാൽ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി വേണു രാജാമണിയെ നിയമിച്ചപ്പോൾ ശമ്പളത്തിനു പകരം ഓണറേറിയമാണു നൽകിയത്. 2021 സെപ്റ്റംബറിലായിരുന്നു നിയമനം. 16 മാസത്തേക്ക് ഇതിനകം 15,46,667 രൂപ ഓണറേറിയം ഉൾപ്പെടെ 24,18,417 രൂപ ചെലവിട്ടു. സമ്പത്തിനു ശമ്പളമായി  മാസം 92423 രൂപ ലഭിച്ചെങ്കിൽ വേണു രാജാമണിക്ക് ഓണറേറിയമായി ലഭിച്ചതു മാസം 96666 രൂപയാണെന്നു മുഖ്യമന്ത്രി സഭയിൽ വച്ച കണക്കിൽ നിന്നു വ്യക്തമാകുന്നു.

കെ.വി.തോമസിനു ശമ്പളത്തിനു പകരം  ഓണറേറിയം നൽകിയാൽ അദ്ദേഹത്തിനു പെൻഷനും ഓണറേറിയവും ഒന്നിച്ചു വാങ്ങാൻ അർഹതയുണ്ടാകും. ഏതെങ്കിലും പെൻഷൻ വാങ്ങുന്നയാളിനു സർക്കാരിൽ പുനർനിയമനം ലഭിച്ചാൽ അദ്ദേഹത്തിന്റെ മാസ ശമ്പളത്തിൽ നിന്നു പെൻഷൻ തുക കുറയ്ക്കണമെന്നാണു ചട്ടം.  ബാക്കി തുകയേ ശമ്പളമായി ലഭിക്കൂ. ഓണറേറിയത്തിന് ഈ തടസ്സമില്ല.  ശമ്പളത്തിന് ആദായ നികുതി നൽകണം.  ഓണറേറിയത്തിന് അതു വേണ്ട.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS