വർക്കല∙ ചെറുന്നിയൂർ–വെട്ടൂർ പഞ്ചായത്ത് അതിർത്തി പ്രദേശമായ കല്ലുമലക്കുന്നിൽ റെയിൽവേ ട്രാക്കിനു സമീപം കുന്നുംപുറത്തെ പുൽക്കാടുകളിലൂടെ പടർന്ന തീ മണിക്കൂറുകൾ നീണ്ട ശ്രമത്തിൽ അഗ്നിരക്ഷാ സേന അണച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് തീ പടരുന്നതായി വിവരം ലഭിച്ചത്. കുന്നിന്റെ മുകളിൽ നിന്നു പടർന്ന തീ താഴെ റെയിൽവേ ട്രാക്കിനടുത്തു വരെ എത്തി. വർക്കല അഗ്നിരക്ഷാ നിലയത്തിൽ നിന്നു കൂടാതെ കല്ലമ്പലം സ്റ്റേഷൻ നിന്നും കൂടുതൽ വാഹനങ്ങളെത്തിയാണു തീ നിയന്ത്രണ വിധേമാക്കിയത്.
ഏതാണ്ട് മൂന്നു മണിക്കൂറിലേറെ സമയം വേണ്ടി വന്നു. എല്ലാ വേനൽക്കാലത്തും ഇതേ സ്ഥലത്ത് തീപടരുന്നതു പതിവാണ്. കുന്നിൻ പ്രദേശമായതിനാൽ റെയിൽവേ ട്രാക്കിന് കുറുകെയുള്ള പാലത്തിന്റെ പരിസരത്ത് വ്യാപക തോതിൽ മാലിന്യം തള്ളലും കൂടാതെ ചിലർ വേനൽക്കാലത്ത് തീയിടുന്ന പ്രവണതയുണ്ട്. വൈകിട്ട് വർക്കല ശിവഗിരി കനാൽ പുറമ്പോക്കിലെ പുൽക്കാടിലും പടർന്ന തീ അഗ്നിശമന സേന അണച്ചു. വരുംദിവസങ്ങളിൽ ഇത്തരത്തിലുള്ള അഗ്നിബാധ വിവിധ സ്ഥലങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ളതായി അഗ്നിരക്ഷാ സേന അറിയിച്ചു.