വിതുര ∙ കിടന്നുറങ്ങിയ കട്ടിലിലേക്കു തീ പടർന്നു വായോധികനു ദാരുണാന്ത്യം. ആനപ്പാറ കാരിക്കുന്ന് റോഡരികത്ത് വീട്ടിൽ തങ്കപ്പൻ(74) ആണു മരിച്ചത്. ഇന്നലെ രാവിലെ വീടിനുള്ളിൽ ഇദ്ദേഹത്തെ വെന്തു മരിച്ച നിലയിൽ കണ്ടെത്തി. വർഷങ്ങളായി കിടപ്പു രോഗി ആയ തങ്കപ്പന്റെ വീട്ടിൽ ഇളയ മകൾ ഷൈന മാത്രമാണ് ഉള്ളത്. ഭാര്യ ഷേർലി ഒരു വർഷം മുൻപു മരിച്ചിരുന്നു. മൂത്ത മകൾ ഷെറിൻ വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ്.
ഇന്നലെ രാവിലെ ഏഴോടെ ചായ കൊടുക്കാൻ മുറിയിലേക്ക് കയറിയപ്പോൾ സഹോദരിയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് വരിഞ്ഞ കട്ടിലിൽ ആയിരുന്നു. സ്ഥിരമായി മെഴുകുതിരി കത്തിച്ചു വയ്ക്കുന്ന ശീലം ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയിൽ കത്തിച്ചു വച്ച മെഴുകുതിരിയിലൂടെ തീ പകർന്നു കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതായിരിക്കാം അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. ടീപ്പോയും കട്ടിലും പൂർണമായി കത്തി നശിച്ചു. അടുത്ത് താമസിച്ചിരുന്നവർ പോലും രാവിലെയാണ് വിവരം അറിഞ്ഞത്. പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടു വളപ്പിൽ സംസ്‌കരിച്ചു.