ADVERTISEMENT

തിരുവനന്തപുരം∙‌മത്സ്യം കൊണ്ടുപോകാൻ നൂറുകണക്കിനു വാഹനങ്ങൾ നിരയായി കാത്തു കെട്ടിക്കിടന്നിരുന്ന മുതലപ്പൊഴി പ്രധാന ഹാർബറിനു മുന്നിൽ ഇന്ന് ആ കാഴ്ചയില്ല. പെരുമാതുറ–മുതലപ്പൊഴി പാലത്തിനു മുകളിൽ മീൻ ലോറികളുടെ കാഴ്ചയും നന്നെ കുറഞ്ഞു. ‘മട്ടാഞ്ചേരിയിൽ നിന്ന് മീനെടുക്കാൻ വന്നിരുന്ന ആ നല്ല കാലമൊക്കെ’ പോയ്മറഞ്ഞിരിക്കുന്നു.

ഹാർബറിൽ നിന്ന് പൊഴിമുഖം കടന്ന് ആഴക്കടലിലേക്കു മീൻ കൊയ്യാൻ പോകുന്ന ബോട്ടുകളുടെ നീണ്ട നിര കാണേണ്ട കാഴ്ച തന്നെയായിരുന്നു. പാലത്തിന് മുകളിൽ നിന്ന് ഒന്നിനു പുറകെ ഒന്നായി ബോട്ടുകൾ വല വീശാൻ പോകുന്നത് കാണാൻ ഉച്ച നേരം പിന്നിടുമ്പോൾ സഞ്ചാരികളെത്തുമായിരുന്നു. ഇന്ന് മത്സ്യബന്ധനത്തിന് പോകുന്ന യാനങ്ങളുടെ എണ്ണം കുറഞ്ഞു. ഉച്ചയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെയോടെ മടക്കം. ഒരു ബോട്ടിൽ നാലോ അഞ്ചോ തൊഴിലാളികൾ.

‘വല നിറയെ കിട്ടിയാൽ നല്ല കോള്. കാലിയായിട്ടാണ് മടക്കമെങ്കിൽ കുടുംബത്തിന്റെ വയറുകാളും. 30–40 കിലോമീറ്റർ പോയാണ് വലയെറിയുന്നത്. അതിനുള്ള ഇന്ധനമേ ബോട്ടിലുണ്ടാകൂ.’ –മത്സ്യത്തൊഴിലാളിയായ സെബാസ്റ്റ്യൻ പറയുന്നു. ‘കുറച്ചു ദൂരം കൂടി പോകാനുള്ള സഹായം കിട്ടുകയാണെങ്കിൽ കുടുംബത്തിന്റെ പ്രാരാബ്ധം നീങ്ങിയേനെ. അതിനുള്ളത് കടലു തരുമെന്ന് ഉറപ്പാണ്.പോകാൻ സർക്കാർ കനിയണം.’ ഇന്ധന പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളിലാണ് ഭൂരിഭാഗം പേരുടെയും ആവലാതികൾ.

മുതലപ്പൊഴിയിൽ സുരക്ഷ വർധിപ്പിക്കും

‘ഹാർബറിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മാനേജ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ബോട്ടുകൾ ആങ്കർ ചെയ്യുന്നതിന് പ്രത്യേക ജെട്ടി ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. മുതലപ്പൊഴിയിലെ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ നടപടികളുണ്ടാകും.’ ∙ വി.ശശി എംഎൽഎ

മത്സ്യം സൂക്ഷിക്കാൻ ഇടമില്ല

തെറ്റില്ലാതെ മത്സ്യം കിട്ടിയാലും പിന്നെയുമുണ്ട് മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ. ഹാർബറിലെ ലേലപ്പുരയിൽ നിന്നു തിരിയാൻ ഇടമില്ല. സ്ഥലപരിമിതി പ്രവർത്തനത്തെ ബാധിക്കുന്നു. ഒന്നിലേറെ ബോട്ടുകൾ ഒരേ സമയം കരയ്ക്കടുക്കുകയാണെങ്കിൽ കുഴയും. മത്സ്യം ലേലപ്പുരയിൽ എത്തിക്കാൻ കാത്തുനിൽക്കേണ്ടിവരും. ഒരു ബോട്ടിലെ മത്സ്യം മുഴുവൻ ഇറക്കിയാൽ മാത്രമേ അടുത്തത് അടുപ്പിക്കാനാകൂ.

കൂടുതൽ മത്സ്യം സൂക്ഷിക്കുന്നതിനുള്ള കൂൾ ചേംബർ ഇല്ലാത്തതും വലിയ പരിമിതിയാണ്. ഇതുകാരണം പലപ്പോഴും മത്സ്യം വില താഴ്ത്തി വിൽക്കേണ്ടി വരുന്നു. ‘കഷ്ടപ്പെട്ടു കൊണ്ടുവരുന്ന മീൻ വിറ്റുപോകാതെ ഇട്ടിരിക്കുന്നത് കാണുന്നത് സങ്കടമാണ്. അതു കൊണ്ടാണ് വില താഴ്ത്തി കൊടുക്കുന്നത്’ അഗസ്റ്റിൻ പറയുന്നു. വലിയ ബോട്ടുകൾക്ക് കരയിൽ അടുക്കാൻ പറ്റാത്തതു മൂലം ചെറിയ വള്ളങ്ങളിൽ മീൻ കരയിലേക്ക് എത്തിക്കേണ്ടി വരുന്നു. ഇതും ചെലവ് വർധിപ്പിക്കുന്നു. വാർഫിൽ ഡ്രഡ്ജിങ് നടക്കുന്നില്ലെന്നാണ് ആക്ഷേപം.

പൂന്തുറ ആധുനിക മത്സ്യമാർക്കറ്റ് ഉടൻ തുടങ്ങും: മന്ത്രി

പൂന്തുറ മത്സ്യ മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുവാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 2.37 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മത്സ്യ മാർക്കറ്റ് ആധുനിക രീതിയിൽ നിർമിക്കുന്നത്. 6500 ചതുരശ്ര അടിയിൽ 2 നിലകളിലായാണ് നിർമാണം. ഓപ്പൺ ഹാളും 39 സ്റ്റാളുകളും ഉൾപ്പെടെ മത്സ്യവിപണ‍നത്തിന് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളും മാർക്കറ്റിൽ ഉണ്ടാകും. ഏപ്രിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

ഭീതി നിറച്ച് കരിങ്കൽക്കെട്ട്

മുതലപ്പൊഴി മത്സ്യത്തൊഴിലാളികൾക്ക് കണ്ണീരിന്റെ ഇടം കൂടിയാണ്. കായലും കടലും ചേരുന്ന പൊഴിമുഖത്തെ കരിങ്കൽക്കെട്ടുകളിൽ ബോട്ട് ഇടിച്ച് ജീവൻ നഷ്ടമായവർ ഒട്ടേറെ. പുലിമുട്ട് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചൂണ്ടിക്കാണിക്കുന്നു. പുണെ ജല ഗവേഷണ കേന്ദ്രം അടക്കമുള്ള ഏജൻസികൾ നടത്തിയ പഠനത്തിലും ഇക്കാര്യം പറയുന്നു. പൊതുവെ കടൽ ഈ ഭാഗത്ത് ശാന്തമാണെങ്കിലും കരയുമായി വളരെ ചേർന്നാണ് പുലിമുട്ടുകൾ വിന്യസിച്ചിരിക്കുന്നത്.

മുതലപ്പൊഴി: തൊഴിലാളികൾ ആവശ്യപ്പെടുന്നു

∙ താഴംപള്ളി, പെരുമാതുറ ലേലപ്പുരകളുടെ സൗകര്യം വർധിപ്പിക്കുക
∙ വാർഫിൽ യഥാസമയം ഡ്രഡ്ജിങ് നടത്തുക.
∙ ഹാർബറിലെ ശുചിമുറികൾ പ്രവർത്തനക്ഷമമാക്കുക.
∙ ലേലപ്പുരയിൽ എത്തുന്ന ബോട്ടുകൾ സുരക്ഷിതമായി നങ്കൂരമിടുന്നതിനുള്ള സൗകര്യം ഒരുക്കുക.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com