ശമ്പളത്തിന് 18 ലക്ഷം അനുവദിച്ചു; ചിന്ത ജെറോമിന്റെ ആവശ്യം മടക്കി

Chintha Jerome | Photo: Facebook, @chinthajerome
ചിന്ത ജെറോം (Photo: Facebook, @chinthajerome)
SHARE

തിരുവനന്തപുരം∙ സംസ്ഥാന യുവജന കമ്മിഷൻ അംഗങ്ങളുടെയും ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ സർക്കാർ 18 ലക്ഷം രൂപ അനുവദിച്ചു. അതേസമയം, കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷം രൂപ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. കമ്മിഷൻ അംഗങ്ങളുടെയും മറ്റും ശമ്പളം, ഓണറേറിയം തുടങ്ങിയവയ്ക്കായി 26 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു കമ്മിഷൻ സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടത്.

യുവജന കമ്മിഷന് 2022–23 സാമ്പത്തിക വർഷത്തിൽ ശമ്പള വിഹിതമായി വിലയിരുത്തിയ 76.06 ലക്ഷം പൂർണമായി ചെലവഴിച്ചതായി കമ്മിഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചു. തുടർന്നാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ 9 ലക്ഷം കൂടി വീണ്ടും അനുവദിച്ചത്. എന്നാൽ, ഇതിൽ 8.45 ലക്ഷം രൂപ ഡിസംബർ മാസത്തിലെ ജീവനക്കാരുടെ ശമ്പളത്തിനും ഓണറേറി‍യത്തിനും ചെലവാ‍യെന്നും ബാക്കി തുക തികയില്ലെന്നും സെക്രട്ടറി സർക്കാരിനെ അനുവദിച്ചു.  ശേഷിക്കുന്ന ചെലവുകൾക്കായി 26 ലക്ഷം രൂപ കൂടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ 18 ലക്ഷം മാത്രമാണ് സർക്കാർ അനുവദിച്ചത്. 

ചിന്തയുടെ പ്രബന്ധം പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്ന് ഗൈഡ് 

തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം കേരള സർവകലാശാലയിൽ പിഎച്ച്ഡിക്കായി സമർപ്പിച്ച പ്രബന്ധം താൻ പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്നും വീഴ്ച ഇല്ലെന്നും ചിന്തയുടെ ഗൈഡ് കൂടിയായ മുൻ പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ വൈസ് ചാ‍ൻസലർക്കു വിശദീകരണം നൽകി.

‘വാഴക്കുല’യുടെ രചയിതാവിന്റെ പേരു മാറിയതു നോട്ടപ്പിശക് മൂലം ആണെന്നും അതു തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കും എന്നുമുള്ള ചിന്തയുടെ വിശദീകരണം അജയകുമാർ ആവർത്തിച്ചു. മറ്റു പ്രസിദ്ധീകരണങ്ങളുമായി പ്രബന്ധത്തിനു 10 ശതമാനത്തിൽ  താഴെ സാമ്യമേ ഉള്ളൂ എന്നും യുജിസി വ്യവസ്ഥ പ്രകാരം പകർത്തൽ പരിശോധന നടത്തിയെന്നും ഗൈഡ് പറയുന്നു. 

ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണ് പ്രബന്ധത്തിലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രബന്ധത്തിലെ പലഭാഗവും പലയിടത്തു നിന്നു പകർത്തിയതാണെന്നും അക്ഷരത്തെറ്റും വ്യാകരണപ്പിശകും ഉള്ളതിനാൽ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത പ്രബന്ധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി  പരാതി  നൽകിയതിനെ തുടർന്നാണ്  ഗവർണർ വിസിയോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. 

ചിന്തയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകൾ, പ്രബന്ധത്തിന്റെ ഒറിജിനൽ, മൂല്യനിർണയം നടത്തിയ തമിഴ്നാട്ടിലെയും ബനാറസിലെയും പ്രഫസർമാരുടെ  റിപ്പോർട്ടുകൾ, ഓപ്പൺ ഡിഫൻസിന്റെ രേഖകൾ എന്നിവ വിസിക്കു റജിസ്ട്രാർ സമർപ്പിച്ചിരുന്നു. ഗൈഡിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിസി ഇനി ഗവർണർക്കു റിപ്പോർട്ട് നൽകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA