ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസി ജീവനക്കാർക്കു ഫെബ്രുവരി മാസത്തെ ശമ്പളം രണ്ടാം ഗഡു ഇന്നലെ വിതരണം ചെയ്തു. ധനവകുപ്പു നൽകിയ 30 കോടി രൂപയും 12 കോടിയോളം രൂപ ദിവസ കലക്‌ഷനിൽ നിന്നു കരുതിയതും ചേർത്താണു ശമ്പളം വിതരണം ചെയ്തത്. ആദ്യ ഗഡുവായി നാലാം തീയതി  30 കോടി രൂപ ധനവകുപ്പു നൽകിയതിനാലാണ് 5ന് ആദ്യഗഡു നൽകിയത്.

ആകെ 84 കോടി രൂപയാണു ശമ്പളത്തിനായി വേണ്ടത്. ഇതിൽ 70 കോടിയോളം രൂപ ശമ്പളമായി ജീവനക്കാർക്കു നൽകണം. ബാക്കി തുക ഇൻഷുറൻസിനും മറ്റുമായി ജീവനക്കാർക്കു വേണ്ടി അടയ്ക്കേണ്ടതാണ്. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിനെതിരെ യൂണിയനുകൾ രംഗത്തു വന്നിട്ടുണ്ടെങ്കിലും മറ്റു വഴിയില്ലന്നാണു മാനേജ്മെന്റ് നിലപാട്. 

 ശമ്പളം വിതരണം ചെയ്താൽ അടുത്ത ഇന്ധനത്തിനുള്ള കുടിശിക തുക നൽകണമെന്ന പ്രശ്നവും കെഎസ്ആർടിസിക്കു മുന്നിലുണ്ട്. ‌കൂടാതെ ഹൈക്കോടതി നിർദേശത്തെ തുടർന്നു നൽകാനുള്ള പണവും കണ്ടെത്തണം. 2022 നു ശേഷം വിരമിച്ച 994 പേരുടെ പെൻഷൻ ആനുകൂല്യങ്ങളിൽ 1 ലക്ഷം വീതം 45 ദിവസത്തിനകം നൽകണമെന്ന ഹൈക്കോടതി നിർദേശം നടപ്പാക്കാൻ 10 കോടി രൂപ മാർച്ച് 31 ന് മുൻപു കണ്ടെത്തണം.

എല്ലാ മാസവും വരുമാനത്തിന്റെ 10% തുക പെൻഷൻ ഫണ്ടിലേക്കു മാറ്റിവയ്ക്കണമെന്ന നിർദേശവും  നൽകിയിട്ടുണ്ട്. ഇതു കൂടാതെ ജീവനക്കാരുടെ ഇൻഷുറൻസ്, നാഷനൽ പെൻഷൻ സ്കീം എന്നിവയുടെ കുടിശികയിൽ 252 കോടി 6 മാസത്തിനകം അടയ്ക്കണമെന്ന കോടതി ഉത്തരവും നടപ്പാക്കണം. സർവീസുകൾ വർധിപ്പിക്കണമെങ്കിൽ കട്ടപ്പുറത്തുള്ള 750 ബസുകൾ പുറത്തിറക്കണം. ഇതിനായി എൻജിനും ഗിയർ ബോക്സുമൊക്കെ മാറ്റിവയ്ക്കാൻ 50 കോടിയും സ്പെയർപാർട്സിന് 25 കോടിയും വേണമെന്നാണു മാനേജ്മെന്റ് സർക്കാരിനു മുന്നിൽ വച്ചിട്ടുള്ള ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com