തീപടർന്നു, 200 മീറ്റർ മാറി പാചകവാതക ശേഖരണ കെട്ടിടം; ആശങ്കയുടെ മൂന്നര മണിക്കൂർ, ഒഴിവായത് വൻ ദുരന്തം

Mail This Article
പോത്തൻകോട് ∙ വേങ്ങോട് വെള്ളാണിക്കൽപ്പാറയുടെ താഴ് വാരം മുതൽ മൂന്നുവശവും തീ കത്തിപ്പടർന്നു. പുൽപ്പടർപ്പുകളും മരങ്ങളും കത്തിയമർന്നു. സമീപത്തെ റബ്ബർതോട്ടങ്ങളിലേക്കും തീ വ്യാപിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തെക്കു പടിഞ്ഞാറ് വശത്തു നിന്നു തീ ഉയർന്നത്. ഉഷ്ണക്കാറ്റിൽ മൂന്നുവശത്തേക്കും തീ ആളി പടർന്നു. ഇരുന്നുറു മീറ്റർ മാറി പാചകവാതക ശേഖരണ കെട്ടിടമുള്ളതിനാൽ ദുരന്ത ഭീതിയിലായിരുന്നു എല്ലാവരും.
പോത്തൻകോട് എസ്എച്ച് ഒ. ഡി. മിഥുന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വെഞ്ഞാറമ്മൂട്ടിൽ നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തിയെങ്കിലും കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നു. തീ കത്തുന്നിടത്തേക്ക് വാഹനം എത്തിക്കാൻ കഴിയാത്തതായിരുന്നു പ്രശ്നം. പാചകവാതക ഗോഡൗണിലേക്ക് തീ പടർന്നെത്താതിരിക്കാൻ ആ ഭാഗത്ത് വെള്ളം ഒഴിക്കണമെന്ന എസ്എച്ച്ഒ നിദ്ദേശിച്ചെങ്കിലും ഉദ്യോഗസ്ഥർ അതിനു തയ്യാറായില്ലെന്നു പരായി ഉയർന്നു.
ഇത് വാക്കേറ്റത്തിനു കാരണമായി. സമീപവാസികളെയാകെ ഭീതിയിലാക്കിയ തീ വൈകിട്ട് അഞ്ചരയോടെ കെട്ടടങ്ങിയെന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ അറിയിച്ചു. ഗോത്ര വിഭാഗങ്ങളുടെയും നാട്ടുകാരുടെയും വിശ്വാസ കേന്ദ്രമായ പാറയുടെ ഒരുഭാഗത്തു സ്ഥിതിചെയ്യുന്ന ക്ഷേത്ര പരിസരം കഴിഞ്ഞ പുതുവൽസര ദിവസം സാമൂഹ്യ വിരുദ്ധർ പടക്കം എറിഞ്ഞും പന്തം കൊളുത്തിയെറിഞ്ഞും കത്തിച്ചിച്ചിരുന്നു. അന്നും പണിപ്പെട്ടാണ് അഗ്നിരക്ഷാസേനയും നാട്ടുകാരും തീകെടുത്തിയത്. സമുദ്ര നിരപ്പിൽ നിന്ന്1350 അടിയോളം ഉയരത്തിലും ഏക്കറുകണക്കിനു വിസ്തൃതിയിലുമുള്ള പാറയെ വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.