ADVERTISEMENT

തിരുവനന്തപുരം∙ എലിയെ പോലും കൊന്നു കൂടാ എന്നുള്ളപ്പോൾ കാട്ടുമൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഒരു പിടിത്തവും ഇല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തിരുവനന്തപുരത്ത് പൗരപ്രമുഖരുമായുള്ള ഒത്തുചേരലിൽ അവരുടെ അഭിപ്രായങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എലിയെ കൊന്നാൽ 3 മാസം തടവു ശിക്ഷ എന്നതാണു സ്ഥിതി. അതുകൊണ്ട് അതിനെയും പട്ടിയെയും ഒന്നും ചെയ്തുകൂടാ. അവർക്കു കൂടി ഉള്ളതാണ് ഈ പ്രപഞ്ചം എന്നും മനുഷ്യർക്കു മാത്രം ഉള്ളതല്ലെന്നുമാണ് അതിനുളള ന്യായീകരണം. അതു തെറ്റാണെന്നു പറയാൻ കഴിയില്ല. ഇടുക്കിയിൽ റേഷൻ ഷോപ്പ് മാത്രം ആക്രമിച്ച് അരിച്ചാക്ക് കൊണ്ടു പോകുന്ന കൊമ്പനുണ്ട്. അരിക്കൊമ്പൻ എന്നാണ് അറിയപ്പെടുന്നത്.

ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി താൻ നടത്തുന്ന ചില പ്രതികരണങ്ങൾ ആർക്കും മനസ്സിലാകുന്നില്ലെന്നു പത്രക്കാർ പറയുന്നുണ്ട്. അത് അവർക്കു മനസ്സിലാകാത്തതു കൊണ്ടായിരിക്കും. ജനങ്ങളോടു താൻ ചോദിച്ചപ്പോൾ അവർക്കു കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.കേരളത്തിലെ മാലിന്യ പ്രശ്നത്തിന് 5 വർഷത്തിനുള്ളിൽ ശാശ്വത പരിഹാരമാകും. മാലിന്യനിർമാർജനത്തിൽ നിന്നു സ്വകാര്യ സ്ഥാപനങ്ങളെയും മാറ്റിനിർത്തില്ല.സ്പോർട്സ് അസോസിയേഷനുകളിൽ പലതിലും കച്ചറ ഏർപ്പാടാണ് നടക്കുന്നത്.

ആ രംഗത്തു വലിയ അഴിച്ചുപണി തന്നെ നടത്തും. ടൂറിസമാണ് കേരളത്തിന്റെ ഭാവി വികസനത്തിന് ഏറ്റവും കരുത്തു പകരുക എന്നതു കണ്ടുള്ള നടപടികൾ ആവിഷ്കരിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.മന്ത്രി വി.ശിവൻകുട്ടി, നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയി, എം.വിജയകുമാർ, ടി.എൻ.സീമ, എ.എ.റഹീം, ജാഥയിലെ സ്ഥിരാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. രാഷ്ട്രീയ, മത, സാമുദായിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ പരിപാടിക്ക് ഉണ്ടായിരുന്നു.

പ്രതിപക്ഷ പ്രക്ഷോഭം യുഡിഎഫിലെ പ്രശ്നങ്ങൾ മൂടിവയ്ക്കാൻ

തിരുവനന്തപുരം∙ യുഡിഎഫിലെയും കോൺഗ്രസിലെയും പ്രശ്നങ്ങൾ മൂടിവയ്ക്കാൻ വേണ്ടിയാണ് നിയമസഭയിൽ പ്രതിപക്ഷം തുടർച്ചയായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്ന് എം.വി. ഗോവിന്ദൻ. അവർക്ക് നിയമസഭ കൂടണമെന്നില്ല. കോൺഗ്രസിലും ലീഗിലും എല്ലാം പ്രശ്നമുണ്ട്. ഓരോ ദിവസം ചെല്ലുന്തോറും കൂടുതൽ ജീർണമായ പദപ്രയോഗങ്ങളാണ് ഉന്നയിക്കുന്നത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും എല്ലാം അങ്ങനെ തന്നെയാണ്. രാഷ്ട്രീയത്തിനു പകരം വ്യക്തികളെ അധിക്ഷേപിക്കുന്ന ഫ്യൂഡൽ ജീർണത അല്ല വേണ്ടത്.

കേരളത്തെ സൊമാലിയയോടു താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും ഉള്ള മറുപടിയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗം. കേരളത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നതിനായി ഏർപ്പെടുത്തിയ ഇന്ധന സെസിനെതിരെ സമരം നടത്തുന്ന കോൺഗ്രസിന് അവർ ഭരിക്കുന്ന ഹിമാചൽപ്രദേശിൽ പശുക്കളെ സംരക്ഷിക്കാനായി മദ്യത്തിന് 10 രൂപ സെസ് ചുമത്തിയതിനെക്കുറിച്ച് എന്താണു പറയാനുള്ളതെന്നും ഗോവിന്ദൻ ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com